Sat. Apr 20th, 2024
തിരുവനന്തപുരം:

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് ജാഗ്രതാ നിര്‍ദേശം.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകും. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ വടകരയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അതിതീവ്രമഴ അപകടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. അതിതീവ്ര മഴ പ്രഖ്യാപിച്ച ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിൽ ഉള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.