Sat. Apr 20th, 2024

കൊച്ചി:

അൽ ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽപ്പെട്ട മൂന്ന് പേരെ ഇന്ന് പുലർച്ചെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൻ്റെ ഭാഗമായി എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരെ അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. പെരുമ്പാവൂർ, കളമശ്ശേരി ഭാഗത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പതിനൊന്ന് പേരെയാണ് പിടികൂടിയത്. എട്ട് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നാണ് പിടികൂടിയത്.

കേരളത്തിൽ നിന്ന് പിടികൂടിയ മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. ഇവർ കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് കൊച്ചിയിൽ താമസിച്ചിരുന്നത്. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാൻ പദ്ധതി ഇട്ടിരുന്നതായാണ് വിവരം. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ വ്യക്തമാക്കി. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തതായും അറിയിച്ചു.

 

By Athira Sreekumar

Digital Journalist at Woke Malayalam