Fri. Apr 19th, 2024

ഡൽഹി:

ഡല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി പോലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്ന് പോലീസ് വിശദീകരിച്ചു. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

‘കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റംചുമത്താനാകില്ല. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ.’ ഡല്‍ഹി പോലീസ് വക്താവിന്റെ വാക്കുകൾ.

ഡൽഹി കലാപ കേസിൽ സീതാറാം യെച്ചൂരിയെ പ്രതിചേർത്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫ. അപൂർവാനന്ദ്, സംവിധായകൻ രാഹുൽ റോയ് എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആയിരുന്നു റിപ്പോർട്ടുകൾ.

സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ ഡൽഹി പോലീസ് നടപടിയ്‌ക്കെതിരെ കോൺഗ്രസും പ്രതിഷേധിച്ചിരുന്നു. യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ നീക്കമാണെന്നും ചെറുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരുന്നു. തന്റെയും യെച്ചൂരിയുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടേയുളളൂവെന്നും തങ്ങള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുകയോ, കുറ്റക്കാരാണെന്ന് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam