Thu. Apr 25th, 2024

മുംബൈ:

ബോളിവുഡ് താരം കങ്കണ രണാവത്തിന്റെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള മുംബൈ കോർപ്പറേഷൻ നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. പൊളിക്കൽ നടപടിക്ക് സ്റ്റേ ആവശ്യപ്പെട്ട് നടി നൽകിയ ഹർജിയിലാണ് ഇടപെടൽ. കേസ് നാളെ ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും. ഇന്ന് രാവിലെ മുംബൈയിലെ ഓഫീസ് പൊളിച്ച് തുടങ്ങിയിരുന്നു. 24 മണിക്കൂർ സാവകാശം നൽകിയിട്ടും രേഖകൾ സമർപ്പിക്കാത്തതിനാലായിരുന്നു നടപടി.

സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപങ്ങളുമായി മഹാരാഷ്ട്രാ സർക്കാരിനെയും മുംബൈ പൊലീസിനെനെയും പ്രതിക്കൂട്ടിൽ നിർത്തി കങ്കണ നിരവധി വിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയിലെ ഓഫീസ് അനുമതി വാങ്ങാതെയാണ് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി കോർപ്പറേഷൻ രംഗത്തെത്തിയത്. എന്നാൽ തന്‍റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കങ്കണ ആരോപിച്ചു.

നടിയുടെ പാലി ഹില്ലിലെ ഓഫീസിൽ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയ ശേഷം മുംബൈ കോർപ്പറേഷൻ ഓഫീസ് ഗേറ്റിൽ നോട്ടീസ് പതിപ്പിച്ചത്. അനുമതി വാങ്ങാതെയുള്ള നിർമ്മാണം നിർത്തിയില്ലെങ്കിൽ പൊളിച്ച് കളയുമെന്നായിരുന്നു നിര്‍ദ്ദേശം.

 

 

By Athira Sreekumar

Digital Journalist at Woke Malayalam