Sat. Apr 20th, 2024
തിരുവനന്തപുരം:

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന നടത്താനായി സിബിഐ ഇന്ന് കോടതിയിൽ അപേക്ഷ നൽകി. വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, അർജുൻ, സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ അപേക്ഷ നൽകിയിരിക്കുന്നത്. ഇവരുടെ മൊഴികള്‍ നേരത്തെ സിബിഐ രേഖപ്പെടുത്തിയിരുന്നു. എന്നാൽ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനിലാണ് നുണപരിശോധന ആവശ്യപ്പെടുന്നത്. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് അപേക്ഷ നൽകിയത്. നുണപരിശോധന നടത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കോടതി നാലു പേര്‍ക്കും ഉടൻ തന്നെ സമൻസ് നൽകും.

അപകട ദിവസം അര്‍ജുനാണ് വാഹനമോടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യയടക്കം നിരവധി പേർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അര്‍ജുന്‍ പറയുന്നത് ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ്. അപകടത്തിന് മുന്‍പ് തന്നെ വാഹനം അടിച്ചുതകര്‍ത്തിരുന്നുവെന്നാണ് സെബിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധ നടത്തിയിരുന്നെങ്കിലും മറ്റ് സാക്ഷികളോ സാഹചര്യത്തെളിവുകളോ ഇത് ശരിവയ്ക്കുന്നില്ല. അതേസമയം ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയത് പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർക്കെതിരെയാണ്. അതുകൊണ്ടുതന്നെ നാല് പേരുടെയും മൊഴികളില്‍ വ്യക്തത തേടാനാണ് നുണപരിശോധന നടത്താൻ സിബിഐ അനുമതി തേടിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam