Sat. Apr 20th, 2024
കൊച്ചി:

പന്തീരാങ്കാവ് യുഎപിഎ കേസില്‍ പത്ത് മാസമായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കേരള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം നൽകിയത്. ഇത് കൂടാതെ ഒരു ലക്ഷം രൂപയുടെ ബോണ്ടും ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകളിലുണ്ട്.

കേസിൽ റിമാൻഡിൽ കഴിയുന്ന അലനും താഹയും സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറഞ്ഞത്. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ എൻഐഎ സംഘത്തിന് ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലിൽ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി നൽകിയത്.

ഇരുവര്‍ക്കും മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേരള പൊലീസാണ് ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. യുഎപിഎ ചുമത്തിയതിനെ തുടര്‍ന്ന് കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎയും വാദിച്ചത്.

അലനും താഹയും സിപിഎം പ്രവര്‍ത്തകരല്ലെന്നും മാവോയിസ്റ്റുകളാണെന്നതിന് തെളിവുണ്ടെന്നും ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ വാദം. സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഇവരെ തള്ളിപ്പറഞ്ഞിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam