Tue. Apr 23rd, 2024

തിരുവനന്തപുരം:

മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചുവെന്നും,കെഎം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനദ്രോഹ സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കി, മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ജനം ശിക്ഷ നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം മാണി എക്കാലത്തും യുഡിഎഫില്‍ തുടരാന്‍ ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ അപക്വമായ നിലപാടെടുക്കാന്‍ ജോസ് കെ. മാണിക്ക് കഴിയുമായിരുന്നില്ല. കെഎം മാണിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബാര്‍ കോഴ സംഭവത്തില്‍ രാഷ്ട്രീയ പിന്തുണ നല്‍കിയത് യുഡിഎഫാണ്. അന്ന് രാഷ്ട്രീയമായി കെഎം മാണിയെ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ച എല്‍ഡിഎഫുമായാണ് രാഷ്ട്രീയ ബാന്ധവത്തിന് ജോസ് കെ. മാണി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ജോസ് പക്ഷത്തെ ഔദ്യോഗികമായി മുന്നണിയില്‍നിന്ന് പുറത്താക്കിയെന്ന് പരസ്യമായി യുഡിഎഫ് പറഞ്ഞിട്ടില്ല. ജോസ് കെ മാണി വിഭാഗവുമായി കൂടുതൽ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് യോഗത്തിന്‍റെ പൊതുതീരുമാനം.  ജോസ് വിഭാഗത്തെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചിരുന്നില്ല.

By Binsha Das

Digital Journalist at Woke Malayalam