Mon. Dec 23rd, 2024

തിരുവനന്തപുരം:

തെക്ക്-കിഴക്ക് അറബിക്കടലിൽ  ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. അതിനാല്‍ കേരളത്തിൽ അതിശക്‌തമായ മഴക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് തൃശ്ശൂർ, മലപ്പുറം,കോഴിക്കോട് ജില്ലകളിലും, ചൊവ്വാഴ്ച തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,മലപ്പുറം എന്നീ ജില്ലകളിലും  അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  24 മണിക്കൂറിൽ 115.6 മി.മി  മുതൽ 204.4 മി മീ  വരെ മഴ ലഭിക്കും. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്നും നാളെയും  എറണാകുളം ,ഇടുക്കി,വയനാട് ,കണ്ണൂർ,കാസർഗോഡ്.പത്തനംതിട്ട,കോട്ടയം,ഇടുക്കി,തൃശൂർ,കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

 

 

By Binsha Das

Digital Journalist at Woke Malayalam