Fri. Apr 19th, 2024

ഡൽഹി:

കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ വരണമെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി പ്രിയങ്ക ഗാന്ധിയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ ഈ നിർദ്ദേശം മുൻപോട്ട് വച്ചിരുന്നു. ഇപ്പോൾ, പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ചേർത്ത് തയ്യാറാക്കിയ പുസ്തകത്തിലാണ് പ്രിയങ്ക രാഹുലിന്റെ അഭിപ്രായത്തോട് യോജിക്കുന്നതായി വ്യക്തമാക്കിയത്.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡന്റിന് കീഴിൽ പ്രവർത്തിക്കാൻ തയ്യാറാണ്. അത് ഉത്തർപ്രദേശിലായാലും ആന്തമാൻ നിക്കോബാർ ദ്വീപിലായാലും പാർട്ടി ഏൽപ്പിക്കുന്ന ചുമതല നിർവഹിക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ നിലപാട്.

നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് വളരെ പിറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാർട്ടി സ്വന്തമായി വഴി കണ്ടെത്തണമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഒരു സാധാരണ പ്രവർത്തകനായി പാർട്ടിയെ സേവിക്കാനാണ് താൽപര്യമെന്ന് രാഹുൽ ഗാന്ധിയും ഇന്ത്യ നാളെ എന്ന പുസ്തകത്തിലെ അഭിമുഖത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam