Sat. Apr 20th, 2024
തിരുവനന്തപുരം:

കേരളത്തിൽ പുതുതായി 506 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇന്നത്തെ കണക്ക് അപൂർണമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാൽ ഉച്ചവരെയുള്ള കണക്കുകൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തൃശൂർ- 83, തിരുവനന്തപുരം- 70, പത്തനംതിട്ട- 59, ആലപ്പുഴ- 55, കോഴിക്കോട്- 42, കണ്ണൂർ- 39, എറണാകുളം-34, മലപ്പുറം- 32, കോട്ടയം- 29, കാസർഗോഡ്- 28, കൊല്ലം- 22, ഇടുക്കി- 5, പാലക്കാട്- 4. വയനാട്- 3 എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

അതേസമയം 794 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശത്ത് നിന്ന് വന്നവരും, 40 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 375 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അതിൽ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങളും രേഖപ്പെടുത്തി. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീവാത്തു (65) എന്നിവരാണ് മരിച്ചത്. 

കൊവിഡ് പ്രതിസന്ധിക്കിടയിൽ ബലിപെരുന്നാളിന് ഏർപ്പെടുത്തിയിരിക്കുന്ന പരിമിധികൾ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും മനുഷ്യ സ്നേഹത്തിന്‍റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊവിഡിനൊപ്പം കേരളത്തിന്‍റെ സഞ്ചാരം ആറ് മാസമായി. സർക്കാർ എല്ലാ സംവിധാനവും ഉപയോഗിച്ചാണ് അപരിചിതമായ ഈ സാഹചര്യത്തെ മറികടക്കാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.;

By Athira Sreekumar

Digital Journalist at Woke Malayalam