Fri. Apr 19th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. എന്നാൽ ഫോൺ സംഭാഷണങ്ങളൊക്കെ ചുരുങ്ങിയ സമയം മാത്രമാണ് നീണ്ടുനിന്നത്. ജൂൺ മാസം മാത്രം 9 തവണയാണ് ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചതായാണ് കണ്ടെത്തിയത്. എന്നാൽ മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണു സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.  കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാവുകയായിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാലാണ് ചോദ്യം ചെയുന്നത്.

അതേസമയം സ്വപ്നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കന്റോൺമെന്റ് അസി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

By Athira Sreekumar

Digital Journalist at Woke Malayalam