Thu. Apr 18th, 2024
തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് സെക്രട്ടറി കൂടിയായ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കണ്ണൂർ കളക്ടറായ മിർ മുഹമ്മദിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കെഎസ്ഐടിഎല്ലിന് കീഴിലെ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലെയ്സണ്‍ ഓഫീസറായിരുന്ന സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്ളാറ്റിലെ നിത്യസന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം തുടരുന്നത്.

അതേസമയം, സ്വപ്ന സുരേഷ് ഒളിവിൽ പോയതിന് പിന്നില്‍ ഉന്നത ഇടപെടലെന്ന സംശയം ബലപ്പെട്ടു. സ്വര്‍ണം പിടിച്ചെടുക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം സ്വപ്‌ന ഫ്‌ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. വിവരം ചോര്‍ത്തിയതില്‍ യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും. ഇത് കൂടാതെ കേസിലെ പ്രതി സരിത്ത് കുറ്റം സമ്മതിച്ചതായി കസ്റ്റംസ് അറിയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും അന്വേഷണ സംഘം പറയുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ദുബായിലെ വ്യാപാരിയായ ഫാസിലാണ് യുഎഇ കോൺസുലേറ്റിന്റെ പേരിൽ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തുന്ന സ്വർണ്ണം സരിത്താണ് കൈപ്പറ്റുന്നത്. ഇവിടെ നിന്ന് സ്വർണ്ണം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിക്കുന്ന ചുമതലയായിരുന്നു സ്വപ്ന സുരേഷിന്റേത്. എന്നാൽ, ഇവർ ആർക്കെല്ലാമാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്.

സ്വർണ്ണം എത്തിച്ചത് ഭക്ഷ്യവസ്തുക്കൾ എന്നപേരിലാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് സ്വർണ്ണം എത്തിയത്. ദുബായിൽ നിന്ന് കുടുംബം അയച്ച ഭക്ഷ്യ വസ്തുക്കൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam