Thu. Mar 28th, 2024
മഞ്ചേരി:

 
സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസ്സായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സന്തോഷ് ട്രോഫി മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കായി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞിട്ടുണ്ട്. മെയ് 21നാണ് കുടുംബത്തോടൊപ്പം ഹംസക്കോയ മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയത്.

ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തിന് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മകന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെയാണ് രോഗം സ്ഥിരീകരിച്ചത്.

By Binsha Das

Digital Journalist at Woke Malayalam