Thu. Apr 25th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് രോഗികള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന ജില്ലകളിലൊന്നായ കാസര്‍കോട് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ ആളുകള്‍ ജില്ലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഹോം ക്വാരന്‍റൈന്‍ നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ മുന്നില്‍ കാസര്‍കോട് ജില്ലയാണ്. നിര്‍ദ്ദേശം ലംഘിച്ച്‌ വീടില്‍ നിന്ന് പുറത്തിറങ്ങിയതിന് കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 81 കേസുകളാണ് ജില്ലയിലെടുത്തത്.

കോട്ടയത്ത് ആറും വയനാടും പാലക്കാടും അഞ്ച് വീതവും കേസുകളെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്കൊപ്പം വിമാനത്തിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്നവര്‍ ഹോം ക്വാരന്‍റൈന്‍ ലംഘിക്കുന്നത് അപകടകരമായ പ്രവണതയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്ത് ഹോം ക്വാരന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നതോടൊപ്പം ഇവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നുമുണ്ട്.