Sat. Apr 20th, 2024
ന്യൂ ഡല്‍ഹി:

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് പടരുന്നത് തടയാന്‍ പൊതുയിടങ്ങളില്‍ തുപ്പുന്നതിനെതിരെ നടപടി വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.

പുകയില ഉത്പ്പന്നങ്ങളായ സിഗരറ്റ്, ബീഡി, പാന്‍മസാല, ഹുക്ക, ഗുഡ്ക തുടങ്ങിയവയുടെ വില്‍പ്പന നിരോധിച്ച് ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ സംസ്ഥാനങ്ങളും ഇത്തരമൊരു നിലപാട് എടുക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രാലയം രംഗത്തെത്തിയത്.

പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കാരണം പൊതുയിടങ്ങളില്‍ തുപ്പാനുള്ള പ്രവണത ആളുകളില്‍ കൂടുതലായിരിക്കുമെന്നും കൊവിഡ് 19, പന്നിപ്പനി, ടിബി തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

പുകയില ഉല്പന്നങ്ങളുടെ വില്പന നിരോധിച്ച ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം ഹര്‍ഷ് വര്‍ധന്‍ ആരോഗ്യമന്ത്രി ബന്ന ഗുപ്തയ്ക്ക് കത്തയക്കുയും ചെയ്തിരുന്നു.

പുകയില ഉത്പ്പന്നങ്ങള്‍ ചവയ്ക്കുന്നതുമൂലം കൂടുതല്‍ ഉമിനീര്‍ ഉല്പാദിപ്പിക്കപ്പെടും. അത് പുറത്തുതുപ്പുന്നതുവഴി വൈറസ് വ്യാപനസാധ്യത വര്‍ധിക്കുകയും ചെയ്യുമെന്ന് ഐസിഎംആറും ചൂണ്ടിക്കാട്ടിയിരുന്നു. 2020 മെയ് 1ന് ദേശീയ ദുരന്തനിവാരണ നിയമമനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാണ്.