Tue. Apr 23rd, 2024

ന്യൂഡല്‍ഹി:

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയർ ഇന്ത്യ പൈലറ്റുകൾക്കും രോഗബാധയില്ലെന്ന് പുതിയ പരിശോധനഫലം. രണ്ടാമത് നടത്തിയ പരിശോധനയിലാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കൊവിഡ് പരിശോധിക്കുന്ന ആർ.ടി-പി.സി.ആർ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് കരുതുന്നത്.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിൽ പങ്കാളികളാകുന്നതിന്‍റെ ഭാഗമായി ശനിയാഴ്ചയാണ് 77 എയർ ഇന്ത്യ പൈലറ്റുമാരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കിയത്. ഇവരിൽ അഞ്ച് പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിരുന്നില്ല.

എന്നാല്‍, പരിശോധനഫലം പോസിറ്റീവായതോടെ  അഞ്ച് പേരെയും ഹോം ക്വാറന്‍റീനിൽ പറഞ്ഞയച്ചു. മുംബൈ സ്വദേശികളായ അഞ്ച് പേരും ബോയിങ് 787ൽ ജോലി ചെയ്യുന്നവരാണ്. ഏപ്രിൽ 20നാണ് ഇവർ അവസാനമായി വിമാനം പറത്തിയത്.

By Binsha Das

Digital Journalist at Woke Malayalam