Thu. Mar 28th, 2024

ആന്ധ്രപ്രദേശ്:

വിശാഖപട്ടണം വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമർ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയിലുണ്ടായ വിഷവാതകചോര്‍ച്ച ദുരന്തത്തില്‍  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആന്ധ്രസര്‍ക്കാരിനും  കേന്ദ്ര സർക്കാരിനും ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നോട്ടീസും നല്‍കി. നാല് ആഴ്ചകള്‍ക്ക് ഉള്ളില്‍ നോട്ടീസിന് മറുപടി നൽകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.   അപകടത്തെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായി മറുപടി നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം,  വിഷവാതക ചോർച്ചയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ദുരിതാശ്വസ രക്ഷാ പ്രവർത്തനത്തിന് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ പികെ മിശ്ര അറിയിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam