Sat. Apr 20th, 2024
തിരുവനന്തപുരം:

തിരിച്ചെത്തുന്ന പ്രവാസികളുടെ കൊവിഡ് നിരീക്ഷണ കാലയളവ് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ തമ്മിലുള്ള ആശയക്കുഴപ്പം തുടരുന്നു. സർക്കാർ കേന്ദ്രത്തിൽ പ്രവാസികളുടെ നിരീക്ഷണ കാലയളവ് സംബന്ധിച്ച് മുഖ്യമന്ത്രി പറയുന്നതും കേന്ദ്ര നിർദ്ദേശവും രണ്ടും രണ്ടാണ്.

കേരളം ഏഴ് ദിവസം തീരുമാനിച്ചെങ്കിലും 14ദിവസം സർക്കാർ നിരീക്ഷണത്തിലാക്കണം എന്ന കേന്ദ്ര നിർദ്ദേശമാണ് തടസം. ഇന്ന്  ചേർന്ന മന്ത്രിസഭാ യോഗത്തിലും ആശയക്കുഴപ്പം ഒഴിഞ്ഞില്ല. വൈകിട്ടത്തെ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം അറിയിക്കും.

മടങ്ങിവരുന്ന പ്രവാസികളുടെ നിരീക്ഷണ കാലത്തെ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കും. .പ്രവാസികൾ എത്തുന്നതിന് മുമ്പുള്ള ഒരുക്കങ്ങൾ മന്ത്രിസഭാ യോഗം വിലയിരുത്തി.

ലോക്ഡൗണ്‍ അനിശ്ചിതത്വം തുടരുന്നതിനാൽ പരീക്ഷാ നടത്തിപ്പിലും സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തില്ല. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ സംബന്ധിച്ച് തീരുമാനമായില്ല. സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായില്ല. ലോക്ക് ഡൗണിന് ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിവരം.

പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ പൊലീസിന്‍റെ ജോലിഭാരം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ഞെരുക്കവും കണക്കിലെടുത്ത് എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷിക പരിപാടികളും റദ്ദാക്കി.