Fri. Apr 19th, 2024
ന്യൂ ഡല്‍ഹി:

ചൈനയില്‍ നിന്നും പ്രവര്‍ത്തന കേന്ദ്രം മാറ്റാന്‍ സാധ്യതയുള്ള ആഗോള കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം. കമ്പനികള്‍ സ്ഥാപിക്കാനായി 461,589 ഹെക്ടര്‍ വലുപ്പത്തില്‍ വ്യാവസായിക ഭൂമി രാജ്യത്താകെ കണ്ടെത്തിയിട്ടുണ്ടെന്നാണ് എക്‌ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ മഹാരാഷട്ര, ഗുജറാത്ത്, തമിഴ്‌നാട് ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിലവിലെ 115,131 ഹെക്ടേര്‍സ് വ്യവസായിക ഭൂമിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആഗോള വിതരണ ശൃംഖലകളില്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കുന്നത് നിര്‍ത്താനുള്ള നീക്കം അമേരിക്കയില്‍ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ചൈനയില്‍ നിന്നും കമ്പനികള്‍ പിറകോട്ട് വലിഞ്ഞാല്‍ ഈ കമ്പനികള്‍ ഏഷ്യയിലെ ചൈനയ്ക്ക് ശേഷമുള്ള വാണിജ്യ കേന്ദ്രമായ ഇന്ത്യയിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.

ചൈനയിലുള്ള ആഗോള വ്യവസായ വിതരണ ശൃംഖലകളെ നീക്കാനാണ് വാഷിംഗ്ടണ്‍ ഒരുങ്ങുന്നത്. ചൈനയില്‍ നിന്നുള്ള യു.എസ് കമ്പനികളുടെ ഉല്‍പാദനവും വിതരണ ശൃംഖലയും മാറ്റി മറ്റു രാജ്യങ്ങളുമായി ധാരണയിലാവാനാണ് അമേരിക്ക ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തെ മുന്നില്‍ കണ്ടു കൊണ്ടു കൂടിയാണ് ഇന്ത്യയുടെ നീക്കം.