Thu. Mar 28th, 2024
ന്യൂ ഡല്‍ഹി:

ലോക്ക് ഡൗണില്‍ തുടര്‍ തീരുമാനത്തിന്  മുന്നോടിയായി മന്ത്രാലയങ്ങളോട് കര്‍മ്മ പദ്ധതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി. രണ്ട് ഘട്ടങ്ങളിലായി ലോക്ക് ഡൗണില്‍ നടപ്പാക്കിയ പ്രഖ്യാപനങ്ങളുടെ അവലോകന റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ 17ന് അവസാനിക്കാനിരിക്കെ അടിസ്ഥാന വികസനം, സാമ്പത്തികം, ആരോഗ്യം, പൊതു ഗതാഗതം, ശുചീകരണ മേഖലകളില്‍ സ്വീകരിക്കേണ്ട ഭാവി നടപടികൾ എന്നിവയാണ് കര്‍മ്മ പദ്ധതിയിലുണ്ടായിരിക്കേണ്ടത്.

കൊവിഡില്‍ പ്രഖ്യാപിച്ച ഒന്നേ  മുക്കാല്‍ ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അവലോകനം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ധനമന്ത്രി  അധ്യക്ഷയായ  പ്രത്യേക ടാസ്ക് ഫോഴ്സിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രത്യേക കൊവിഡ് ബജറ്റ് വേണോ, രണ്ടാം ഉത്തേജന പാക്കേജ് വേണോ എന്ന കാര്യത്തിലുള്ള അന്തിമ നിര്‍ദ്ദേശവും പ്രധാനമന്ത്രി തേടിയതായാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികളുടെ പുനരധിവാസത്തില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട  പ്രധാനമന്ത്രി അവരുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്ത് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.