Fri. Mar 29th, 2024
തൃശ്ശൂർ:

സ്വകാര്യ ക്ലിനിക്കിൽ എത്തിയ രോഗിയ്ക്ക് കോവിഡ് 19 രോഗലക്ഷങ്ങൾ കണ്ടതിനെ തുടർന്ന് അധികൃതരെ അറിയിച്ചതിന് ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. തൃശ്ശൂർ സ്വദേശിനിയായ ഡോ. ഷിനു ശ്യാമളനെയാണ് കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ള ഒരു രോഗിയുടെ വിവരം ആരോഗ്യവകുപ്പിനെയും പോലീസിനെയും മാധ്യമങ്ങളെയും അറിയിച്ചതിന്റെ പേരിൽ ക്ലിനിക്കിന്റെ അധികൃതർ പുറത്താക്കിയത്. തനിക്ക് നേരിട്ട ഈ ദുരനുഭവം ഡോ. ഷിനു ശ്യാമളൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

തങ്ങളുടെ ക്ലിനിക്കിൽ ഒരു കോവിഡ് 19 രോഗി വന്നിരുന്നുവെന്ന് പുറംലോകം അറിഞ്ഞാൽ ആളുകളുടെ വരവ് കുറയുമെന്നും അത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ഡോ. ഷിനു ശ്യാമളനോട് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ, താൻ ക്ലിനിക്കിന്റെ പേരോ രോഗിയുടെ വിവരങ്ങളോ ടിവിയിലോ ഫേസ്ബുക്കിലോ പറഞ്ഞിട്ടില്ലെന്ന് ഡോ. ഷിനു ശ്യാമളൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തന്നെ ജോലിയിൽ നിന്ന് പുറത്താക്കാൻ തക്ക തെറ്റ് എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അത് ചൂണ്ടിക്കാട്ടേണ്ടത് തന്റെ കടമയാണെന്നും ഇനിയും ഇത് തുടരുമെന്നും ഡോ. ഷിനു പറഞ്ഞു. എന്നാൽ, രോഗിയുടെ കൊറോണ ലക്ഷണങ്ങൾ അധികൃതരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ച ഉദ്യോഗസ്ഥർ സുഖമായി ഇപ്പോൾ ജോലിയിൽ തുടരുന്നുണ്ടെന്നും സത്യസന്ധമായി ജോലി ചെയ്ത തനിക്ക് മാത്രമാണ് ജോലി നഷ്ടപെട്ടതെന്നും ഒരു എഴുത്തുകാരിയും മോഡലും കൂടിയായ ഡോ. ഷിനു ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് ഡോക്ടർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വരുന്നത്.

By Arya MR