Thu. Mar 28th, 2024
ന്യൂ ഡല്‍ഹി:

2016 നവംബര്‍ എട്ടാം തീയതി, രാത്രി എട്ട് മണിക്കാണ് അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു. ഒരൊറ്റ പ്രസംഗംകൊണ്ട് കോടിക്കണക്കിന് രൂപക്ക് ഒരു മൂല്യവും ഇല്ലാതായി

കള്ളപ്പണം പൂര്‍ണ്ണമായും ഇല്ലാതാക്കുക, ഭീകരവാദികള്‍ക്കുള്ള സാമ്പത്തിക സ്രോതസ് അടക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു നോട്ട് നിരോധനത്തിന് പിന്നില്‍. അതേ നോട്ടു നിരോധനം രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായി സാമ്പത്തിക വിദഗ്ദര്‍ ഒറ്റക്കെട്ടായി പറയുന്നു.

ഡീമോണിറ്റൈസേഷന്‍ നടപ്പാക്കിയിട്ടും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു. കള്ളനോട്ട് ഇറക്കാനാവില്ലെന്നതായിരുന്നു 2000 രൂപയുടെ മറ്റൊരു സവിശേഷതയായി പറഞ്ഞത്. നോട്ട് വിപണിയിലിറങ്ങി ദിവസങ്ങള്‍ക്കകം കള്ളനോട്ടുമിറങ്ങി. നോട്ട് നിരോധനത്തിന്റെ പ്രത്യഘാതം ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടി വന്നത് ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് തന്നെയാണ്.

കഴിഞ്ഞ നാളുകളിലേക്കുള്ള ഈ തിരിച്ച് പോക്ക് മറ്റൊന്നും കൊണ്ടല്ല, ഇതുപോലെ ചില പ്രഖ്യാപനങ്ങളും പരിഷ്കാരങ്ങളും ഓര്‍ക്കാപ്പുറത്ത് പൊട്ടിമുളയ്ക്കാം. അതിനുള്ള എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയില്‍ നിലനില്‍ക്കുന്നുമുണ്ട്.

മറ്റൊരു എട്ടാം തീയതിയുടെ കണക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ടും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആശങ്കകളും ഊഹാപോഹങ്ങളും ചേര്‍ത്ത് ഊതി വീര്‍പ്പിച്ച ബലൂണ്‍ ഒറ്റയടിക്ക് കുത്തി പൊട്ടിച്ച് കൊണ്ട് മറ്റൊരു പ്രസ്താവന കൂടി വന്നിരിക്കുകയാണ്.

അവസരം മുതലാക്കി പ്രതിപക്ഷം, ‘നോ സാര്‍’ വിളികളുമായി ആരാധകർ

സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ട്വീറ്റ് .

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഈ ഞായറാഴ്ച്ച ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നതായും ഇത് വരെയുള്ള പോസ്റ്റുകളും ഫോളോവേഴ്‌സിനെയും നിലനിര്‍ത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

നിലവില്‍ 53.3 മില്ല്യണ്‍ ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്ക് ട്വിറ്ററിലുള്ളത്. ‘narendramodi.in’ എന്ന പേരില്‍ മറ്റൊരു ട്വിറ്റര്‍ അക്കൗണ്ടും അദ്ദേഹത്തിനുണ്ട്. നാല് കോടി നാല്‍പത്തിയേഴ് ലക്ഷത്തിലധികം പേര്‍ ഫേസ്ബുക്കിലും പ്രധാനമന്ത്രിയെ ഫോളോ ചെയ്യുന്നുണ്ട്. 35.2 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമില്‍ മോദിക്കുള്ളത്. പ്രധാന കൂടിക്കാഴ്ചകള്‍ക്ക് ശേഷം നരേന്ദ്ര മോദി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാറുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ മോദിയുടെ ഈ ആലോചനയ്ക്ക് പിന്നിലെ കാരണം തേടുകയായിരുന്നു പിന്നീട് സാമൂഹിക മാധ്യമങ്ങള്‍. ഊഹാപോഹങ്ങളും, പരിഹാസങ്ങളും, ഒപ്പം ആശങ്കകളും ഏറെ രംഗത്ത് വന്നു.

രാഹുല്‍ ഗാന്ധിയടക്കം പ്രതിപക്ഷ നേതാക്കളും, പ്രമുഖരും പ്രതികരണവുമായി രംഗത്തെത്തി.  ‘വെറുപ്പാണ് ഉപേക്ഷിക്കേണ്ടത് അല്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല’ എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.

” രാജ്യത്ത് ആളിക്കത്തുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള മോദിജിയുടെ അടവാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാറി നില്‍ക്കല്‍” എന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയും ട്വീറ്റ് ചെയ്തിരുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയതോടെ സംഭവം കളറായി എന്നു പറയാം. വിദേശത്തിരുന്ന് ട്വീറ്റുകള്‍ ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ” ഇന്റര്‍നാഷണല്‍ റോമിങ് പാക്കേജുകള്‍” അനുവദിക്കാമെന്നായിരുന്നു ബിജെപി നേതാവും, കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയുടെ പരിഹാസം.

രാഹുല്‍ ഗാന്ധിയുടെ വിദേശപര്യടനത്തെ കൂടി സൂചിപ്പിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ തിരിച്ചടി.

” താങ്കള്‍ വിദേശത്ത് ചിലവഴിക്കുന്ന സമയങ്ങളില്‍ ചെയ്യുന്ന ട്വീറ്റുകള്‍ക്കായി ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് നാല് മടങ്ങ് അധികം തുകയാണ് ചില കമ്പനികള്‍ ഈടാക്കുക. എന്നാല്‍ ഇവിടെ 10-15 ദിവസത്തേക്കുള്ള ഇന്റര്‍നാഷണല്‍ റോമിങ് പാക്കുകള്‍ ലഭ്യമാണ്. താങ്കളുടെ അടുത്ത ട്രിപ്പില്‍ ഉപകാരപ്പെടും. ഇന്ത്യയില്‍ തങ്ങുന്ന ചുരുങ്ങിയ ദിവസത്തില്‍ താങ്കള്‍ക്ക് സാധാരണ ഡാറ്റാ പാക്ക് ഉപയോഗിക്കുകയും ചെയ്യാം” എന്നായിരുന്നു ട്വീറ്റ്.

അയ്യോ അച്ഛാ പോകല്ലേ എന്ന് അനുയായികളെകൊണ്ട് പറയിക്കാനുള്ള തന്ത്രമാണെന്നായിരുന്നു സിപിഎം നേതാവ് എംബി രാജേഷ് പറഞ്ഞത്. ജനങ്ങളെ ഭിന്നിപ്പിച്ചതിനുള്ള ആത്മാര്‍ത്ഥമായ കുറ്റബോധമാണെങ്കില്‍ സോഷ്യല്‍ മീഡിയ ഉപോക്ഷിക്കാനുള്ള മോദിയുടെ തീരുമാനം തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടും. അങ്ങനെയാണെങ്കില്‍ അത്രമാത്രം പോര അധികാരം കൂടി ഉപേക്ഷിക്കണമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതെ സമയം,  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് ആരാധകരെ ഞെട്ടിച്ചു കഴിഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നെന്ന് പറ‍ഞ്ഞതോടെ #NoSir ഹാഷ് ടാഗ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ സജീവമായി. 24,700-ല്‍ പരം റീട്വീറ്റുകളും 4,8000-ല്‍ പരം കമന്റുകളും ഒരു മണിക്കൂറിനുള്ളില്‍ മാത്രം പോസ്റ്റിനു വന്നു കഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പോസ്റ്റിനു താഴെ കമന്റുകള്‍ കുമിഞ്ഞുകൂടുകയായിരുന്നു. സോഷ്യല്‍ മീഡിയ വിട്ടു പോകരുതെന്നും ട്വീറ്റുകളിൽ പറയുന്നു.

“അവള്‍ ഞങ്ങള്‍ക്ക് പ്രചോദനം”; അടവ് മാറ്റി മോദി

സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ മാറ്റം വരുത്താന്‍ ചിന്തിക്കുന്നുവെന്ന പ്രഖ്യാപനത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി എത്തിയതോടെ ആശങ്കകളും പ്രതീക്ഷകളും അസ്ഥാനത്തായിപ്പോകുകയായിരുന്നു. വനിതാദിനമായ ഈ ഞായറാഴ്ച തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.

കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്ന സ്ത്രീകളുടെ ജീവിതകഥകള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാം. #SheInspiresUs എന്ന ഹാഷ് ടാഗിലാണ് സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യേണ്ടത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌  മോദിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ‘കൈകാര്യം’ചെയ്യാം .

ഈ ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നാണ് ഇന്നലെ നല്‍കിയ സൂചന എന്നതില്‍ താത്കാലിക ആശ്വാസമുണ്ട്. എന്നാല്‍ പ്രസ്താവന മോദിയുടേതായതു കൊണ്ടും, ഇന്ത്യ ഇത്തരം പല സാഹചര്യങ്ങളും അഭിമുഖീകരിച്ചതു കൊണ്ടും, മാര്‍ച്ച് എട്ട് മറ്റൊരു നവമ്പര്‍ എട്ടായി മാറില്ലെന്നതില്‍ ഗ്യാരണ്ടി പറയാനാവില്ല.