Fri. Apr 19th, 2024

ന്യൂഡല്‍ഹി:

കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ട്വന്റി-20, ഏകദിന-ടെസ്റ്റ് പരമ്പരകളിലൊന്നും കോഹ്ലിക്ക് തിളങ്ങാനായില്ല. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം ദയനീയ പരാജയത്തോടെ അവസാനിച്ചതില്‍ കോഹ്ലിയുടെ ഫോം പ്രധാന കാരണമായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലുമായി ഒരേയൊരു ഫിഫ്റ്റി മാത്രമാണ് അദ്ദേഹത്തിന് ന്യൂസിലാന്‍ഡ് പര്യടനത്തിന്‍ നേടാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ കോലിയുടെ ഇത്രയും മോശം ബാറ്റിങ് പ്രകടനത്തിനു കാരണം ചൂണ്ടിക്കാണിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. കാഴ്ചയ്ക്കു നേരിടുന്ന പ്രശ്‌നമാവാം ന്യൂസിലാന്‍ഡില്‍ കോലിക്കു തിരിച്ചടിയായതെന്നു കപില്‍ അഭിപ്രായപ്പെട്ടു. കണ്ണിന്റെ കാഴ്ച കുറയുന്നതിനൊപ്പം പ്രതികരിക്കുമ്പോഴുള്ള ശരീരത്തിന്റെ വേഗവും കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

”30 വയസ്സ് പിന്നിട്ടാല്‍ കാഴ്ചാ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നത് സ്വാഭാവികമാണ്. നേരത്തേ സ്വിങ് ചെയ്യുന്ന പന്തുകള്‍ കോലിയെ അലട്ടിയിരുന്നില്ല. ഫ്‌ളിക്ക് ചെയ്ത് അദ്ദേഹം ബൗണ്ടറികള്‍ നേടിയിരുന്നു. എന്നാല്‍ ഇത്തവണ ന്യൂസിലാന്‍ഡില്‍ രണ്ടു തവണയാണ് കോലി സ്വിങിനു മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കാഴ്ചപ്രശ്‌നം എത്രയും വേഗം കോലി പരിഹരിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്” കപില്‍ പറഞ്ഞു.

 

 

By Binsha Das

Digital Journalist at Woke Malayalam