Fri. Mar 29th, 2024
കൊല്‍ക്കത്ത:

ബംഗാളിനെ കാവി പുതപ്പിക്കുക എന്നത് ബിജെപിയുടെ ചിരകാല സ്വപ്നമാണ്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നാടിനെ, വിഭജനകാലത്തെ കുപ്രസിദ്ധമായ വര്‍ഗീയ കലാപങ്ങളുടെ നാടിനെ 2020 ലെങ്കിലും കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്നാണ് ബിജെപി കരുതുന്നത്. ഇതിനുള്ള ആദ്യ ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. 

ബംഗാളും കേരളവും തമിഴ്‌നാടും പിടിച്ചാല്‍ തങ്ങള്‍ക്ക് ഇന്ത്യയില്‍ കീഴടക്കാന്‍ കഴിയാത്തതായി പിന്നെ ഒന്നുമുണ്ടാകില്ല എന്ന് ബിജെപി കരുതുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഏറ്റവും എളുപ്പം കൈപ്പിടിയിലൊതുക്കാന്‍ സാധിക്കുന്നത് ബംഗാള്‍ ആണെന്നും ബിജെപിക്കറിയാം. 

പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതിനെയും കോണ്‍ഗ്രസ്സിനെയും പിന്നിലാക്കിക്കൊണ്ട് ബംഗാളിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ബിജെപി വന്‍ കടന്നു കയറ്റം നടത്തിയിരുന്നു. ബംഗാളികള്‍ ഭൂരിപക്ഷമായ ത്രിപുര പിടിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബംഗാള്‍ വീഴില്ല എന്ന ദൃഢനിശ്ചയത്തോടെ നടത്തിയ ക്യാമ്പെയിനുകള്‍ ഫലം കാണുക തന്നെ ചെയ്തു.

കുറുക്കന്‍റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ എന്നു പറയും പോലെ ബംഗാള്‍ രാഷ്ട്രീയത്തെ സംഘവത്കരിക്കാന്‍ ബിജെപി തട്ടകം ഒരുക്കിക്കഴിഞ്ഞു. രാജ്യതലസ്ഥാനത്ത് കലാപം പുകയുമ്പോഴും, അഞ്ച്, പത്ത് എന്ന കണക്കില്‍ വിലപ്പെട്ട ജീവനുകള്‍ തെരുവില്‍ പൊലിയുമ്പോഴും, ആഭ്യന്തര പദവി അലങ്കരിക്കുന്ന അമിത് ഷാ മൗനവ്രതത്തിലായിരുന്നില്ല. മറിച്ച് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാവിക്കൊടി പറത്താനുള്ള കുടില തന്ത്രങ്ങള്‍ മെനയുകയാവണം.

ബംഗാളില്‍ ഏപ്രിലില്‍ നടക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണാര്‍ത്ഥം അമിത് ഷാ കൊല്‍ക്കത്ത സന്ദര്‍ശിക്കുകയും ചെയ്തു. “കൂടുതല്‍ അനീതിയില്ല” എന്ന തലക്കെട്ടോടെ, തൃണമൂലിനെ ലക്ഷ്യം വച്ച് പ്രചാരണ ഗാനവും അവതരിപ്പിക്കപ്പെട്ടു. രണ്ടും കല്‍പ്പിച്ച് കെട്ടും കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് സാരം.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി അഭയാർഥികളേയും ന്യൂനപക്ഷങ്ങളേയും ഭയപ്പെടുത്തുന്നുവെന്നായിരുന്നു ഷാഹിദ് മിനാർ മൈതാനത്ത് നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞത്.

“മോദിജി സിഎഎ കൊണ്ടു വന്നു, എന്നാൽ മമത ദീദി അതിനെ എതിർത്തു. ബംഗാളിൽ കലാപങ്ങൾ നടന്നു, ട്രെയിനുകൾ കത്തിച്ചു. രേഖകൾ കാണിക്കേണ്ടിവരുമെന്ന് അഭയാർഥികൾ ഭയപ്പെടുന്നു, ഇവിടെ താമസിക്കാനുള്ള നിങ്ങളുടെ അവകാശം അപഹരിക്കപ്പെടും” ഷാ വാചാലനായി.

കൊല്‍ക്കത്തയില്‍ നടന്ന പ്രചാരണ പരിപാടിയില്‍ അമിത് ഷാ

“നിങ്ങൾക്ക് പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടി വരും, പട്‌വാരിയിലേക്ക് പോകേണ്ടി വരും എന്നെല്ലാം പറഞ്ഞു. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, എവിടെയും പോകരുത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ തുടങ്ങി ഇവിടെയെത്തിയ എല്ലാവർക്കും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പൗരത്വവും നൽകും. മമത ദീദിക്ക് ഞങ്ങളെ തടയാൻ കഴിയില്ല”, ഇങ്ങനെ പോകുന്നു നീണ്ടു നിവര്‍ന്നു കിടക്കുന്ന വാഗ്ദാനങ്ങള്‍.

ഡല്‍ഹിയില്‍ തെരുവുകള്‍ കത്തുമ്പോഴായിരുന്നു, ബംഗാളില്‍ ചെന്ന് വാഗ്ദാനങ്ങളുടെ കെട്ടഴിച്ചതെന്ന വസ്തുതയും തള്ളിക്കളയാനാവില്ല. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ മമതാ ബാനര്‍ജിയുടെ പരാജയം എടുത്ത് പറഞ്ഞ അമിത് ഷാ, ഇതേ കാര്യത്തില്‍ മോദി ഗവണ്‍മെന്‍റ് കാട്ടുന്ന ത്വര ഏറെ പുകഴ്ത്തുകയും ചെയ്തു.

“ന്യൂനപക്ഷ സമുദായത്തിനും മുസ്‌ലിംകൾക്കും പൗരത്വം നഷ്ടപ്പെടുമെന്ന് പ്രതിപക്ഷം ഭയപ്പെടുത്തുന്നു. സി‌എ‌എയുടെ കീഴിൽ നിങ്ങളുടെ പൗരത്വം നഷ്‌ടപ്പെടില്ലെന്ന് ബംഗാളിലെ എല്ലാ ന്യൂനപക്ഷ സഹോദരീസഹോദരന്മാർക്കും ഉറപ്പ് നൽകാൻ ഞാൻ ഇവിടെയുണ്ട്. പൗരത്വം കവർന്നെടുക്കാനല്ല, പൗരത്വം നൽകാനുള്ള നിയമമാണ് സി‌എ‌എ,” അമിത് ഷാ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അമിത് ഷാ പ്രഹസനങ്ങള്‍ നടത്തുമ്പോള്‍, ബംഗാള്‍ ബിജെപിയുടെ ശവപ്പെട്ടിക്ക് ആണിയടിക്കുമെന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് മമതാ ബാനര്‍ജി. ചൂടേറിയ പോരാട്ടത്തിന് നിലമൊരുക്കിയ ചരിത്രം തന്നെയാണ് വംഗനാടിനുള്ളത്.

മമതയെ പിന്നിലാക്കാന്‍ അതിതീവ്ര പ്രചാരണം മതിയോ?

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ബിജെപിയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടിലൂന്നിയുള്ള തങ്ങളുടെ പ്രചാരണം ആംആദ്മിയുടെ മൃതുഹിന്ദുത്വത്തിനും വികസനോത്മക മുദ്രാവാക്യങ്ങള്‍ക്കും മുന്നില്‍ പരാജയപ്പെട്ടതാണ് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

നരേന്ദ്ര മോദിയും അമിത് ഷായും

പൗരത്വ നിയമം, എന്‍ആര്‍സി, ഷഹീന്‍ ബാഗ് ഉള്‍പ്പടെയുള്ള വിഷയങ്ങളായിരുന്നു ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമായും പ്രചാരണ ആയുധമാക്കിയിരുന്നത്. പൗരത്വ നിയമത്തില്‍ അമിത് ഷാ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ വീടുകയറിയുള്ള പ്രചാരണം വരെ നടത്തി. എന്നിട്ടും പാര്‍ട്ടിക്ക് തലസ്ഥാനത്ത് രണ്ടക്കം കടക്കാനാവാത്തത് മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയില്‍ തര്‍ക്കത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ തര്‍ക്കമാണ് ബംഗാള്‍ ബിജെപിയില്‍ രൂപപ്പെട്ടത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയങ്ങളെ ചൊല്ലിയാണ് പാര്‍ട്ടിയിലെ നേതാക്കള്‍ രണ്ട് പക്ഷളായി മാറിയുള്ള തര്‍ക്കം ആരംഭിച്ചത്.

പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും മാത്രം ഊന്നിയുള്ള പ്രചാരണം ബംഗാളില്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലെത്തിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിരീക്ഷണം. ഇവ രണ്ടും പ്രധാന പ്രചാരണ വിഷയങ്ങളാക്കിയുള്ള ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയവും ഈ വിഭാഗം ഉയര്‍ത്തിക്കാണിക്കുന്നു.

ബംഗാളില്‍ മമത ബാനര്‍ജിയുടെ കീഴിലുള്ള സര്‍ക്കാറിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തണമെങ്കില്‍ അതിതീവ്രതയിലൂന്നിയുള്ള പ്രചാരണം മാത്രം മതിയാകില്ല. മമത സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരേ മുഴുവന്‍ ജനങ്ങളേയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് പാര്‍ട്ടി മുന്നേറ്റം ഉണ്ടാക്കണമെങ്കില്‍ പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും നടത്തുന്ന അതിതീവ്ര ശൈലി തന്നെയാണ് തുടരേണ്ടതെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്‍റെ വാദം.

ദിലീപ് ഘോഷ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍, പശ്ചിമ ബംഗാള്‍

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എംപിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റ് നഷ്ടമാവുകയും ചെയ്തു.

ഡല്‍ഹിയിലെ ഗോലിമാരോ പ്രസ്താവന തെറ്റായിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഏറ്റുപറച്ചിലും ബംഗാളിലെ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ സ്വാധീനം ചെലുത്തിയേക്കും.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാക്കള്‍ രാജിവെക്കുന്നതും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ നിന്നുള്ള 22 പ്രാദേശിക ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബിജെപിയില്‍ നിന്നും രാജിവെച്ച ഇവര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു. ബിജെപിയുടെ ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ മുകിബര്‍ റഹ്മാനും നിയമകാര്യ കാര്യ കണ്‍വീനര്‍ തോഷി ലോങ് കുമാറുമുള്‍പ്പെടെയുള്ള നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു.

മമത അഭിമാനമുയര്‍ത്തുമോ?

ഏപ്രിലില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെയും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി എന്ത് നീക്കമാവും നടത്തുക എന്നതിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരടക്കം ഉറ്റുനോക്കുന്നത്.

മമത ബാനര്‍ജി

‘മമത ഞങ്ങളുടെ അഭിമാനം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രചരണ പരിപരാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കൊല്‍ക്കത്തിയിലെ നസ്‌റുള്‍ മഞ്ച സ്‌റ്റേഡിയത്തില്‍ വെച്ച് മമതാ ബാനര്‍ജി പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കം കുറിക്കുകയും ചെയ്തു.

പ്രശാന്ത് കിഷോര്‍

രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ബുദ്ധി തന്നെയാണ് ബംഗാളില്‍ തൃണമൂലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നിലും. ദിയോട് പറയൂ എന്ന പേരിലായിരുന്നു പ്രശാന്ത് ആദ്യ പ്രചരണം നടത്തിയത്. രണ്ടാം ഘട്ടമെന്നോണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന മമത ഞങ്ങളുടെ അഭിമാനം എന്ന പരിപാടി.

വംഗനാടിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാന്‍ സംഘ പരിവാറിന്‍റെ കുടില തന്ത്രങ്ങള്‍ക്ക് സാധിക്കുമോ എന്നത് കണ്ടറിഞ്ഞ് തന്നെ കാണണം. ഡല്‍ഹി നല്‍കിയ പാഠം മറക്കാത്ത ബിജെപിക്ക് മുഖം രക്ഷിക്കാന്‍ ബംഗാള്‍ അവിഭാജ്യ ഘടകം തന്നെ.