Sat. Apr 20th, 2024

കലാപമെരിച്ച ഡല്‍ഹി തെരുവുകളില്‍ പുകമണം മാറിയിട്ടില്ല, വിജനമായ വഴികളില്‍ എരിഞ്ഞ് തീരാത്ത തീനാളങ്ങള്‍ മാത്രമാണ് ബാക്കിയായത്, ഒപ്പം കൂടപ്പിറപ്പുകളെയും, കുടുംബനാഥരെയും മക്കളെയും നഷ്ടപ്പെട്ട പെണ്‍ഹൃദയങ്ങളുടെ നൊമ്പരങ്ങളും അവശേഷിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കായി ജിടിബി ആശുപത്രിക്ക് മുന്നില്‍ കാത്തിരിക്കുന്ന ജനക്കൂട്ടം, കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി കടന്നുപോയ അനിഷ്ടസംഭവങ്ങളുടെ ആകെത്തുകയാണ്.

ജിടിബി ആശുപത്രിക്കു മുന്നില്‍ മ‍ൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കുന്നവര്‍

കത്തിപ്പടര്‍ന്ന അക്രമം അനൗദ്യോഗിക കണക്കനുസരിച്ച് 38 ഓളം പേരുടെ ജീവന്‍ കവര്‍ന്നപ്പോള്‍ പരസ്പരം പഴിചാരാനും, വാദപ്രതിവാദങ്ങളില്‍ മുഴുകാനുമാണ് അധികൃതര്‍ക്ക് നേരം. ഫെബ്രുവരി 23 ഞായറാഴ്ച ഡല്‍ഹിയില്‍ സംഭവിച്ചതെന്താണെന്നും, അതിനു മുമ്പും പിമ്പും രാജ്യ തലസ്ഥാനത്തിന്‍റെ അവസ്ഥ എന്തായിരുന്നു എന്നും നാം കണ്ടതാണ്.

പ്രഖ്യാപിത അജണ്ടകളുടെ ഭാഗമായി പിറന്ന മണ്ണിലെ നിലനില്‍പ്പിനുവേണ്ടി സംയമനത്തോടെ പ്രതിഷേധിക്കുന്ന ഒരു ജനതയെ പ്രകോപിപ്പിച്ച്, കളി കണ്ട് ഗ്യാലറിയിലിരുന്ന് കയ്യടിക്കുന്ന മനോഭാവമാണ് ലോകത്തിലെ ഏറ്റവും വലിയ ‘ജനാധിപത്യ’ രാഷ്ട്രമായ ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക്.

കല്ലേറുകള്‍ പോര, വെടിയുണ്ടകള്‍ പായണം. അടിപിടികള്‍ പോര വിഭവങ്ങള്‍ കത്തി നശിക്കണം. പരുക്കുകള്‍ ഫലം ചെയ്യില്ല, മരണം രണ്ടക്കത്തിലെത്തണം…ഇതാണ് ഓരോ അക്രമസംഭവങ്ങള്‍ക്ക് മുന്നോടിയായുള്ള വ്യവസ്ഥാപിത നയങ്ങളുടെ നേര്‍ക്കാഴ്ച.

സഹവര്‍ത്തിത്വമെന്ന ആശയം എന്നേ മരിച്ചുപോയ നമ്മുടെ നാട്ടില്‍ നീതിക്കു വേണ്ടി സംസാരിക്കാന്‍ നിയമപാലകരുടെ ശബ്ദമുയരുന്നത് പ്രതീക്ഷയുടെ ഒരു നെയ്ത്തിരി വെട്ടമാണ്. എന്നാല്‍ അവയ്ക്ക് പുഞ്ചപ്പാടത്തെ കളകളുടെ ആയുസ്സുമാത്രമാകുന്നു എന്നതാണ് സത്യാവസ്ഥ.

വിവിധ സേനകളിലും സുരക്ഷാ- അന്വേഷണ സംവിധാനങ്ങളിലും കയറിപ്പറ്റി, അതിനെ കാവിവല്‍കരിക്കുന്ന പണി ബിജെപിക്കുണ്ടെന്നത് പലപ്പോഴായി തെളിഞ്ഞിട്ടുള്ളതാണ്. നിയമ നിര്‍മ്മാണസഭകളും ഭരണഘടന സ്ഥാപനങ്ങളും സ്ഥാനങ്ങളും ജുഡീഷ്യറി പോലും ഉപയോഗപ്പെടുത്തി, മുസ്‌ലിംകളില്‍ അവയിലുള്ള വിശ്വാസം കെടുത്തി കൊണ്ടിരിക്കുന്ന കാഴ്ചയാണ് പൗരത്വ നിഷേധ നിയമത്തിലും ബാബരി മസ്ജിദ് വിധിയിലും അതിനു ശേഷമുള്ള കോടതി വിധികളിലുമെല്ലാം നാം കാണുന്നത്.

പേരും വസ്ത്രവും ആകാരവും അടിസ്ഥാനമാക്കിയുള്ള ഈ പകപോക്കലിന്‍റെ രാഷ്ട്രീയം രാജ്യത്തിന്‍റെ ഭാവിക്ക് ചേര്‍ന്നതാണോ? ഹിന്ദുസ്ഥാനില്‍ ഹിന്ദുക്കളുടെ സ്ഥാനം മാത്രം ഉറപ്പിക്കുമ്പോള്‍ സഹനസമരങ്ങളിലൂടെ പരിഷ്കര്‍ത്താക്കള്‍ പറഞ്ഞുവച്ച മുല്യങ്ങള്‍ക്ക് ക്ഷതമേല്‍ക്കില്ലേ?

ഖാന്‍മാരെയും ജഹാന്മാരെയും തിരഞ്ഞുപിടിച്ച് അഴിക്കുള്ളിലാക്കുകയും, മിശ്രമാരും ഠാക്കൂറുകളും വിദ്വേഷം പരത്തി സ്വതന്ത്രമായി നടക്കുകയും ചെയ്യുന്ന പക്ഷഭേദം ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? നിയമലംഘനമല്ലേ ശിക്ഷിക്കപ്പെടാനുള്ള ഏക മാനദണ്ഡം, ആ പട്ടികയില്‍ പേരും നാളും ജാതകവും കൂട്ടിച്ചേര്‍ക്കുന്നത് ശരിയാണോ?

ഭിന്നിപ്പിന്‍റെ ചുവയുള്ള നിയമ നിര്‍വ്വഹകണം

ഖുറേജി ഖാസ് ജില്ലയിൽ പൗരത്വ നിയമത്തിനെതിരെ ഇരുപ്പ് സമരം ആരംഭിച്ചത് കഴിഞ്ഞ ജനുവരി 13നായിരുന്നു. ഡല്‍ഹിയില്‍ നരാധമന്മാര്‍ കല്ലെറിഞ്ഞും, വെടിയുതിര്‍ത്തും, തീവച്ചും വംശവെറി തീര്‍ക്കുമ്പോള്‍, സമാധാനപൂര്‍വ്വം ഖുറേജി ഖാസ് ജില്ലയിൽ സമരം നയിച്ചവര്‍ക്ക് നേരെയായിരുന്നു പോലീസിന്‍റെ കണ്ണ്.

ഖുറേജി ഖാസ് ജില്ലയിൽ സിഎഎ വിരുദ്ധ സമരപന്തല്‍

ഡല്‍ഹിയിലെ അനിഷ്ട സംഭവങ്ങള്‍ നേരത്തെ അറിഞ്ഞിട്ടും നിഷ്ക്രിയരായതില്‍ വിമര്‍ശനങ്ങള്‍ പല ദിശകളില്‍ നിന്ന് വന്നതിനാലാകാം, ഖുറേജി ഖാസ് ജില്ലയിലെ സമരത്തിന്‍റെ കാര്യത്തില്‍ പോലീസ് ഒരു മുഴം നേരത്തെ എറിഞ്ഞത്. 

ഡല്‍ഹി കത്തുമ്പോള്‍, ഫെബ്രുവരി 26ാം തീയ്യതിയായിരുന്നു ഖുറേജി ഖാസിലെ ഇരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയ അഭിഭാഷകയും മുൻ മുൻസിപ്പൽ കൗൺസിലറുമായ ഇശ്രത് ജഹാനെയും യുണൈറ്റഡ് എഗൈൻസ്റ് ഹേറ്റ് എന്ന സംഘടനയുടെ സ്ഥാപകൻ ഖാലിദ് സെയ്‌ഫിയെയും പോലീസ് അറസ്റ്റ് ചെയ്തത്.

അവർ നടത്തി വന്ന സമരം പൂർണമായും അടിച്ച് നശിപ്പിച്ച ശേഷമായിരുന്നു കസ്റ്റഡി നടപടികള്‍. പക്ഷെ, ജാഫ്രാബാദില്‍ ഉണ്ടായ പോലെ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗങ്ങളോ, അത് ഏറ്റു പിടിച്ച് നാടിനെ കുട്ടിച്ചോറാക്കുന്ന മനോരോഗികളോ അവിടെ ഉണ്ടായിരുന്നില്ല. 

അതെ സമയം, നീതി നടപ്പാക്കാനുള്ള ഡല്‍ഹി പോലീസിന്‍റെ ത്വര ഇവിടെ പ്രശംസനീയമാണ്. അന്ന് രാത്രി പത്ത് മണിക്ക് തന്നെ അവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇശ്രത് ജഹാന്‍

എന്നാൽ അറസ്റ്റ് ചെയ്ത സമയത്ത് പൂർണ ആരോഗ്യവാന്മാരായിരുന്ന ഖാലിദിനെയും, ഇശ്രത്തിനെയും കോടതിയിൽ എത്തിച്ചപ്പോഴേക്കും നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്നാണ് അവരുടെ ബന്ധുക്കൾ പറയുന്നത്.

ആരോഗ്യത്തോടെ സമരം നയിച്ചവരെ, പ്രകോപനങ്ങളൊന്നുമില്ലാതെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയി, ക്രൂരമായി മര്‍ദ്ദിച്ച വിവരങ്ങളാണ് പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കസ്റ്റഡിയിലിരിക്കെ ഇത്രയും ക്രൂരമായ മർദ്ദനങ്ങൾ നൽകാനും പിന്നീട് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യാനും എന്ത് തെറ്റാണ് അവർ ചെയ്തതെന്നാണ് കുടുംബത്തിന്‍റെ ചോദ്യം. 

ഖാലിദ് സെയ്‌ഫി

ഇശ്രത് ജഹാൻ, എന്തു വന്നാലും പിന്മാറരുതെന്ന് പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തെന്നും, ഖാലിദ് സൈഫ് പോലീസിന് നേരെ കല്ലെറിയാൻ പ്രതിഷേധക്കാരോട് ആശ്യപ്പെട്ടെന്നുമാണ് പോലീസിന്‍റെ ആരോപണങ്ങള്‍. കൊലപാതക ശ്രമത്തിനുൾപ്പെടെയുള്ള കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ, സംഭവ ദിവസം വീട്ടിലായിരുന്ന ഇശ്രത്തിനെയും ഖാലിദിനെയും സമര സ്ഥലത്തേക്ക് ഒരു മണിയോടെ വിളിച്ചു വരുത്തിയ ശേഷം പെട്ടന്നായിരുന്നു ഈ നാടകീയ സംഭവങ്ങൾ എന്ന വീട്ടുകാരുടെ മൊഴി, സംഭവത്തിനു പിന്നിലെ ആസൂത്രിത നീക്കങ്ങളെ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം മതസ്ഥരെ തിരഞ്ഞുപിടിച്ച് കൊല്ലുകയും അവരുടെ വീടുകളും, കടകളും, വാഹനങ്ങളും ആരാധനാലയങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ അജണ്ടയും, പേരും മതവും വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള മാനദണ്ഡമാക്കുന്ന പോലീസ് നടപടിയും കൂട്ടി വായിക്കുമ്പോള്‍ വ്യക്തമായ ചിത്രം ലഭിക്കുന്നു എന്നതില്‍ ആശങ്കപ്പെടേണ്ടതില്ലല്ലോ.

പേരും മതവും അഴികള്‍ സമ്മാനിക്കുന്ന കാലം 

ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, 2017 ഓഗസ്റ്റില്‍ നടന്ന ശിശുമരണങ്ങള്‍ കരളുള്ള ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. അധികാരികളുടെ വീഴ്ചയുടെ ഫലമായി സ്വന്തം കുട്ടികളുടെ ജീവന്‍ ഒന്നിനു പുറകെ ഒന്നായി പൊലിഞ്ഞു പോകുമ്പോള്‍ നിരാലംബരായി നോക്കി നിന്ന അമ്മമാരുടെ മുന്നില്‍ ദൈവദൂതനായി അവതരിച്ച വ്യക്തിയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍.

കഫീല്‍ ഖാന്‍

സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര പ്രവര്‍ത്തനങ്ങള്‍ ചെയ്ത കഫീല്‍ ഖാന് രാജ്യം ഭാരത് രത്ന നല്‍കി അനുമോദിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ നല്ല ചെയ്തികള്‍ പ്രശംസിച്ച് പൊതു വേദികളില്‍ സംസാരിച്ചിട്ടില്ല.

എന്നാല്‍, ഒന്നും നല്‍കിയില്ലെന്ന് പറയാന്‍ വയ്യ. കുട്ടികളെ മരണത്തില്‍ നിന്ന് രക്ഷിച്ച ഡോക്ടര്‍ കുട്ടികളുടെ മരണത്തിന് കാരണക്കാരനാണെന്ന് ചാപ്പ കുത്തി അറസ്റ്റ് ചെയ്തു. കഫീല്‍ ഖാന്‍ എന്ന പേര് ഇതിന് പ്രധാന കാരണമായി. നിയമ നടപടികളിലൂടെ കടന്നുപോയ ഡോക്ടര്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചെങ്കിലും, നഷ്ടപ്പെട്ട് പോയത് ജീവിതത്തിന്‍രെ നല്ല നാളുകളായിരുന്നു.

പക്ഷെ ഇതുകൊണ്ടൊന്നും പകയുടെ പുക അടങ്ങിയിരുന്നില്ല. പൗരത്വ പ്രക്ഷോഭകരോടുള്ള അവജ്ഞ കഫീല്‍ ഖാന് നേരെയുമുണ്ടായി.  അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ജനുവരി 29 ന് കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

മഥുര ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച കഫീല്‍ ഖാന് അലിഗഢ് കോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തെ പുറത്തുവിടാതെ, യുപി പൊലീസ് ദേശസുരക്ഷാ നിയമം ചുമത്തി. ജാമ്യം നേടിയ ശേഷം എന്‍എസ്എ ചുമത്താന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ് യുപി പൊലീസിന്‍റെ നടപടിയെന്നത് കാക്കിക്കുള്ളിലെ കാവി രാഷ്ട്രീയത്തിന്‍റെ സാധീനമാണ് ചൂണ്ടിക്കാട്ടുന്നത്.

ജയിലനകത്തും ഒരു തീവ്രവാദിയെന്നപോലെയാണ് കഫീല്‍ഖാനെ പരിഗണിക്കുന്നതെന്നും, യോഗിയുടെ പോലീസ് അദ്ദേഹത്തെ ഉപദ്രവിക്കുകയാണെന്നും ആരോപിച്ച് കഫീല്‍ ഖാന്‍റെ സഹോദരന്‍ അദീല്‍ ഖാന്‍ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ പോലീസ് അനുവദിച്ചില്ലെന്നും അദീല്‍ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 23ന് കഫീല്‍ ഖാന്റെ അമ്മാവനായ നുസ്റുത്തുല്ല വാര്‍സി വെടിയേറ്റ് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തലയ്ക്ക് വെടിയേറ്റ വാര്‍സി സംഭവസ്ഥലത്ത് തന്നെ മരിച്ചു.. അമ്പത്തിയഞ്ചുകാരനായ വാര്‍സിയെ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോലീസ് ഭാഷ്യം. 2018 ല്‍ ഡോ കഫീല്‍ ഖാന്റെ ഇളയ സഹോദരനായ കാശിഫ് ജമീലിനും വെടിയേറ്റിരുന്നു. ബിജെപി എംപി കമലേഷ് പാസ്വാനാണ് ഇതിന് പിന്നിലെന്ന ആരോപണവുമായി കഫീല്‍ ഖാന്‍ അന്ന് രംഗത്ത് വന്നതാണ്.

കാവിയെ വിമര്‍ശിക്കുന്ന മുസ്ലീം പേരുകള്‍ ഇത്തരത്തില്‍ എഫ്ഐആറില്‍ ഇടം പിടിക്കുന്നത് തുടര്‍ക്കഥകളാവുകയാണ്. രാജ്യദ്രോഹക്കുറ്റം എന്ന പേരില്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന മൂര്‍ച്ചയുള്ള ചോദ്യങ്ങളെ നിലംപരിശാക്കാന്‍ ഭരണകൂടവും പരിവാരങ്ങളും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇവിടെയാണ് നാം പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ ഓര്‍ക്കേണ്ടത്.

ഷര്‍ജീല്‍ ഇമാം

അഞ്ച് സംസ്ഥാനങ്ങലായിരുന്നു ഷര്‍ജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വച്ചും, ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്ലിം സർവകലാശാലയില്‍ വച്ച്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നായിരുന്നു കേസ്.

ഡൽഹി ക്രൈം ബ്രാഞ്ച് ഷര്‍ജീലിനെ പിടികൂടാന്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞ് മുംബൈ, പട്ന എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സമയോജിത ഇടപെടല്‍ നടത്തി എന്ന വസ്തുത കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പോലീസ് നടത്തിയ ഇടപെടലുമായി ചേര്‍ത്ത് വായിക്കണം.

വിമര്‍ശനങ്ങള്‍ ഉയരുന്നത് ഇത്തരത്തില്‍ ഖാന്‍മാരില്‍ നിന്നും ജഹാന്മാരില്‍ നിന്നുമാണെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്ന പോലീസ് ബുദ്ധി രാജ്യത്തിന്‍റെ നല്ല ഭാവിക്ക് ഉതകുന്നതല്ല. വിദ്വേഷ പ്രസംഗങ്ങള്‍ ആരുടെ വായില്‍ നിന്ന് വന്നാലും വിദ്വേഷം ജനിപ്പിക്കുന്നുവെങ്കില്‍ നടപടി വേണം.

കഫീല്‍ഖാനും ഷര്‍ജീലും പറഞ്ഞത് പ്രകോപന പരമായ പ്രസംഗമാണെങ്കില്‍ കപില്‍മിശ്രയ്ക്കും അനുരാഗ് ഠാക്കൂറിനുമൊക്കെ ആ ആനൂകൂല്യം നല്‍കാത്തത് അന്യായമല്ലേ.