Thu. Apr 18th, 2024
ന്യൂ ഡല്‍ഹി:

സര്‍ക്കാരിനു നല്‍കാനുള്ള കുടിശ്ശിക ഒരു മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ ടെലികോം കമ്പനികള്‍ പ്രതിസന്ധിയിലാകുന്നു. 5ജി, 6ജി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ വിന്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് കമ്പനികള്‍ക്ക് ഈ തിരിച്ചടി ലഭിക്കുന്നത്.

നിലവില്‍ മാര്‍ച്ച് 16 നാണ് കുടിശ്ശിക അടയ്‌ക്കേണ്ട അവസാന തീയ്യതി. 1.20 ലക്ഷം കോടി രൂപയോളമാണ് എജിആര്‍ കുടിശ്ശിക (അഡ്ജസ്റ്റഡ് ഗ്രോ റെവന്യൂ) ഇനത്തില്‍  സര്‍ക്കാറിന് ലഭിക്കാനുള്ളത്. ഈ തുക മുഴുവനായി ലഭിച്ചാല്‍  മാത്രമേ സര്‍ക്കാറിന്റെ ധനകമ്മി 3.5 ശതമാനമായി പിടിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍  10,000 കോടി രൂപയോളം നിലവില്‍ അടച്ചിട്ടുണ്ട്. എയർടെലിന് 35,000 കോടി രൂപയുടെ എജിആർ കുടിശ്ശികയാണ് ഉണ്ടായിരുന്നത്.

കമ്പനിയുടെ സ്വയം വിലയിരുത്തലുകള്‍ക്കും, കണക്കു കൂട്ടലുകള്‍ക്കും ശേഷം ബാക്കി തുക അടയ്ക്കുമെന്നും , കേസില്‍ സുപ്രീം കോടതി അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പായി ബാക്കി പേയ്മെന്‍റ് നടത്തുമെന്നും എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. വോഡാഫോണ്‍-ഐഡിയ നിലവില്‍ 2,500 കോടി രൂപയോളം അടച്ചിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഇതുവരെ റിലയൻസ് ജിയോ മാത്രമാണ് കുടിശ്ശിക അടച്ച് തീര്‍ത്തത്. 195 കോടി രൂപയുടെ എജിആർ കുടിശ്ശികയായിരുന്നു ജിയോയ്ക്ക് അടയ്ക്കാന്‍ ഉണ്ടായിരുന്നത്. ബിഎസ്എന്‍എല്ലും കുടിശ്ശിക അടച്ചിട്ടില്ല.

അതെ സമയം, ജനുവരി 24 നകം കുടിശ്ശിക അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്തതില്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികളും കോടതി ആരംഭിച്ചിട്ടുണ്ട്. സുപ്രീംകോടതി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിക്കാന്‍ മടികാണിച്ചില്ല, പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വൃത്തങ്ങളുടെ വന്‍ വീഴ്ച്ചയാണെന്നും,  എന്ത് നടപടിയാണ്  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ചോദിച്ചു.

വോഡാഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയെ കൂടാതെ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ടെലിസര്‍വീസസ് എന്നിവരാണ് ഇളവുകള്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. എയര്‍ടെല്‍ 21,682.13 കോടിയും വോഡാഫോണ്‍ 19,823.71 കോടിയും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 16,456.47 കോടിയും ബിഎസ്എന്‍എല്‍ 2,098.72 കോടിയും എംടിഎന്‍എല്‍ 2,537.48 കോടിയുമാണ് അടയ്ക്കാനുള്ളത്.

അടച്ചു പൂട്ടലിന്‍റെ വക്കില്‍ വോഡഫോണ്‍-ഐഡിയ

 

ഒറ്റരാത്രികൊണ്ട് കുടിശ്ശികയെല്ലാം അടച്ചുതീര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ കമ്പനി അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ. കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന്‍ മുകുള്‍ രോഹത്ഗി വ്യക്തമാക്കി.

ഇത് ടെലികോം മേഖലയെ ഒന്നാകെ ബാധിക്കും, ടെലികോം രംഗത്തെ മത്സരത്തെ തുടച്ചുനീക്കുകയും, രണ്ട് കമ്പനികള്‍ മാത്രം ശേഷിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുകുള്‍ രോഹത്ഗി

കമ്പനി അടച്ചു പൂട്ടേണ്ടി വന്നാല്‍  10,000ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 30 കോടി ഉപഭോക്താക്കളെയാണ് ബാധിക്കുക. 7000 കോടി രൂപയുടെ കുടിശ്ശികയാണ് വോഡഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത്. ഇതിന്റെ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതല്‍ 25,000 കോടി വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

മൂന്നാം പാദത്തില്‍ കമ്പനി വലിയ തിരിച്ചടികളാണ് നേരിട്ടത്. ജിയോയുടെ കടന്നുകയറ്റമാണ് പ്രധാന കാരണം. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 6,439 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍  കമ്പനിയുടെ അറ്റനഷ്ടം 50,922 കോടി രൂപയോളമായിരുന്നു.  കമ്പനിയുടെ ചിലവ് വര്‍ധിച്ചതാണ് അറ്റനഷ്ടം പെരുകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

വോഡഫോണിന്‍റെ മാതൃ കമ്പനിയായ ബ്രിട്ടീഷ് സംരംഭം ഇന്ത്യയിലെ നിക്ഷേപത്തെ എഴുതിതള്ളിയ മട്ടാണ്. ഇനി ഇവിടെ കൂടുിതല്‍ നിക്ഷേപിക്കാനില്ലെന്ന നിലപാടിലാണ് അവര്‍. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഡിസംബറില്‍ കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള സ്ഥാപനം പൂട്ടേണ്ടി വരുമോയെന്ന സംശയം പ്രകടിപ്പിച്ചത്.

കുമാര്‍ മംഗളം ബിര്‍ള

 

കുടിശ്ശിക നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളിക്കളഞ്ഞതാണെങ്കിലും മാര്‍ച്ച് 17ന് ഇക്കാര്യം വീണ്ടും ആവശ്യപ്പെടാന്‍ കമ്പനി തയ്യാറായേക്കുമന്നാണ് സൂചന. റിവ്യൂ പെറ്റീഷന്‍ നല്‍കുക എന്ന സാധ്യതയെക്കുറിച്ചും ചിന്തിച്ചേക്കാം.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വോഡഫോണ്‍-ഐഡിയയ്ക്കു വേണ്ടി, സര്‍ക്കാര്‍ രക്ഷാ പാക്കേജുകള്‍ അവതരിപ്പിക്കാന്‍ സാധ്യത കുറവാണ്. അതല്ലെങ്കില്‍ കമ്പനിയെ ഏറ്റെടുക്കുന്നതു പോലുള്ള നീക്കങ്ങളെക്കുറിച്ച് കേന്ദ്രം ചിന്തിക്കേണ്ടി വരും.

പ്രവര്‍ത്തനം നിര്‍ത്തേണ്ട അവസ്ഥ വന്നാല്‍, ടെലികോം മേഖലയിലെ മാറ്റങ്ങള്‍ കാരണം അടച്ചുപൂട്ടേണ്ടി വരുന്ന മൂന്നാമത്തെ പ്രാദേശിക മൊബൈല്‍ കമ്പനിയായിരിക്കും വോഡഫോണ്‍-ഐഡിയ. എയര്‍സെല്ലും, മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനുമായിരുന്നു മറ്റു രണ്ട് കമ്പനികള്‍.

2016ല്‍ ജിയോയുടെ വരവോടു കൂടിയാണ് ടെലികോം മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ ഉണ്ടായത്. വോഡഫോണ്‍-ഐഡിയ കൂടി അപ്രത്യക്ഷമായാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വയര്‍ലെസ് വിപണിയില്‍ അവശേഷിക്കുന്നത് രണ്ട് സ്വകാര്യ കമ്പനികള്‍ മാത്രമായിരിക്കും. ഇത് സ്വതന്ത്ര വിപണിയെ പ്രതികൂലമായി ബാധിക്കും.

എജിആര്‍ കുടിശ്ശിക; നേട്ടം കാത്ത് സര്‍ക്കാര്‍

രാജ്യത്തെ ടെലികോം കമ്പനികള്‍ എജിആര്‍ കുടിശ്ശിക അടച്ചതുകൊണ്ട് കേന്ദ്രസര്‍ക്കാരിന് വന്‍ നേട്ടം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിലൂടെ, 2019-2020 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 3.5 ശതമാനമാക്കി പിടിച്ചുനിര്‍ത്താനും സാധിച്ചേക്കും.

മാര്‍ച്ച് 16 ന് ശേഷം മാത്രമേ പൂര്‍ണമായൊരു ദൃശ്യം വ്യക്തമാവുകള്ളുവെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കമ്പനികള്‍ എത്ര തുക അടയ്ക്കുമെന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ ധനകമ്മി എത്രയാകുമെന്ന് വിലയിരുത്താനാവുകയുള്ളൂ എന്നും എസ്ബിഐയിലെ സാമ്പത്തിക വിഗ്ധര്‍ പറഞ്ഞു.

ടെലികോം ഇതര കമ്പനികൾ ഉൾപ്പെടെ എല്ലാ ടെലികോം ലൈസൻസ് ഹോൾഡർമാരോടും എജിആർ അടിസ്ഥാനമാക്കിയുള്ള കുടിശ്ശികയും അവരുടെ പേയ്‌മെന്‍റുകളും സ്വയം വിലയിരുത്തുന്ന പ്രക്രിയ വേഗത്തിലാക്കാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ആവശ്യപ്പെട്ടിരുന്നു. 3,500 ഓളം ലൈസൻസുള്ള നോൺടെലെകോം കമ്പനികൾ 2.28 ലക്ഷം കോടി രൂപ കുടിശ്ശിക വരുത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിലെ പോരായ്മകള്‍, നയരൂപവത്കരണത്തിലെ പാളിച്ചകള്‍, കോര്‍പറേറ്റ് ലോബിക്ക് അനുകൂലമായി നടപ്പാക്കിയ തീരുമാനങ്ങള്‍, നീതിരഹിതമായ മത്സരരീതികള്‍ എന്നിവയാണ് ഇന്ത്യന്‍ ടെലികോം മേഖലയുടെ നട്ടെല്ലൊടിച്ചത്.

ഇന്ത്യയില്‍ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചശേഷം പത്തുകമ്പനികള്‍ക്കെങ്കിലും പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തിപ്പോകേണ്ടിവന്നു. കോളുകള്‍ സൗജന്യമാക്കി റിലയന്‍സ് ജിയോ രംഗപ്രവേശംചെയ്തതോടെയാണ് അന്നുണ്ടായിരുന്ന എയര്‍ടെല്ലും, ഐഡിയയും, വോഡഫോണും നിരക്കുകുറയ്ക്കാന്‍ നിര്‍ബന്ധിതരായത്. വോഡഫോണും ഐഡിയയും പരസ്പരം ലയിച്ചത് ഇതിനു പിന്നാലെയാണ്.