Sat. Apr 20th, 2024

ചക്കരപ്പറമ്പ്:

ചക്കരപ്പറമ്പിലെ മനുവിന്‍റെ ജ്യൂസ് കടയില്‍ ഇപ്പോള്‍ തിരക്കൊഴിഞ്ഞ് നേരമില്ല. കുടംകുലക്കി വന്നതോടെ ‘യാമീസ്’ എന്ന ജ്യൂസ് കട വേറെ ലെവലായിരിക്കുകയാണ്. കുടം കലക്കിയുടെ സ്വാദ് നേരിട്ട് അനുഭവിച്ചറിയാന്‍ നിരവധി പേരാണ് ഈ ജ്യൂസ് കട അന്വേഷിച്ച് വരുന്നത്.

എട്ടുവര്‍ഷത്തെ വെെറ്റ് കോളര്‍ ജോലി ഉപേക്ഷിച്ചാണ് തലയില്‍ അധിക ഭാരങ്ങളൊന്നും ഇല്ലാത്ത ഈ ജോലി തിരഞ്ഞെടുത്തതെന്ന് മനു ബാബു നിറഞ്ഞ പുഞ്ചിരിയോടെ പറയുന്നു.

ചക്കരപ്പറമ്പ് ജങ്ഷനില്‍ ഒരു ഷെഡിലാണ് യാമീസ് ജ്യൂസ് കട. മനുവിന്‍റെ കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേരാണ് യാമി. ഇതു തന്നെയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന കടയ്ക്കും തിരഞ്ഞെടുത്തത്.

ഒന്നരവര്‍ഷം മുമ്പാണ് ജ്യൂസ് കട തുടങ്ങിയത്. എന്നാല്‍ ഒന്നരമാസം മുമ്പാണ് താന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും പുതുമ വേണമെന്ന് ആഗ്രഹിക്കുന്ന മനു ബാബു കുടം കലക്കി എന്ന സ്പെഷ്യല്‍ സര്‍ബത്ത് കൊണ്ടുവരുന്നത്.

ഇപ്പോള്‍ കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ പോകുന്നവരും യാമീസിന്‍റെ മുന്നിലെത്തുമ്പോള്‍ ഒരു നിമിഷം ഒന്ന് നില്‍ക്കും. തിരക്ക് കണ്ട് കുടം കലക്കി ഒന്നു പരീക്ഷിച്ച് നോക്കിയാലോ എന്ന മട്ടില്‍ വരുന്ന ആള്‍ക്കാരില്‍ പലരും ഇവിടെ സ്ഥിരം കസ്റ്റമറായിരിക്കുകയാണ്.

കുടംകലക്കിയെ കൂടാതെ മോരാണ് ഇവിടെ ഏറ്റവും സ്പെഷ്യല്‍. അച്ചാറ് മോര്, മസാല മോര്, നെല്ലിക്ക മോര് എന്നിങ്ങനെ മോരിന്‍റെ വിവിധ വെറെെറ്റികളാണ് ഇവിടെയുള്ളത്. കുടംകലക്കിയിലാകട്ടെ മറ്റ് ചേരുവകളൊന്നും ചേര്‍ക്കാതെ പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് നിന്ന് മിക്സ് ചെയ്ത് എടുക്കുന്നതാണ്. ലെെവായി ഉപഭോക്താക്കളുടെ മുന്നില്‍ നിന്ന് തന്നെയാണ് ഇതുണ്ടാക്കുന്നത്.

യാമീസിലെ പാനീയത്തില്‍ ചേര്‍ക്കുന്ന എല്ലാ കൂട്ടുകളും മനു ബാബു തന്നെയാണ് ഉണ്ടാക്കുന്നത്. പിന്തുണയുമായി ഭാര്യയും അച്ഛനും കൂടെയുണ്ടെന്ന് അദ്ദേഹം പറയുന്നു. ദാഹം മാറ്റുന്നതിന് പുറമെ ആരോഗ്യവും കൂടി നല്‍കുന്ന ചേരുവകളാണ് പാനീയത്തില്‍ ഉപയോഗിക്കുന്നതെന്ന് മാത്തൂര്‍ സ്വദേശിയായ മനു പറഞ്ഞു.

മണ്‍കലത്തില്‍ തയ്യാറാക്കുന്ന ജ്യൂസ് കുടിക്കാന്‍ കൊടുക്കുന്നതും മണ്‍കുടത്തില്‍ തന്നെയാണ്. മോരില്‍ ഇനി കൂടുതല്‍ വെെറെെറ്റി പരീക്ഷിക്കാന്‍ തുടങ്ങുകയാണ് മനു. എത്രയും പെട്ടന്ന് അത് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലസ് ടുവില്‍ പഠിച്ചത് അഗ്രികള്‍ച്ചറാണ്. കൃഷിയോട് തന്നെയാണ് താല്‍പര്യവും. എന്നാല്‍, യാദൃശ്ചികമായി വന്നുചേര്‍ന്ന ഈ ജോലി ഇപ്പോള്‍ താന്‍ ആസ്വദിക്കുന്നുണ്ട്. പ്രൊഫഷണല്‍ ജോലിയുടെ സമ്മര്‍ദ്ദങ്ങളൊന്നും ഇല്ലാത്തതാണ് ഇതിന്‍റെ കാരണമെന്ന് മനു വോക്ക് മലയാളത്തോട് പറഞ്ഞു.

യാമീസിലെ വെറെെറ്റി ഉത്പന്നങ്ങള്‍ക്ക് വിലയും കുറവാണ് എന്നതും ആള്‍ക്കാര്‍ ഈ കട തേടിവരാന്‍ കാരണമാകുന്നു. കുടം കലക്കിയിക്ക് 40 രൂപ മുതലാണ് തുടങ്ങുന്നത്. മാതളത്തിനും ഫാഷന്‍ ഫ്രൂട്ടിനും ഉള്‍പ്പെടെ വിലക്കൂടുതലുള്ള പഴവര്‍ഗങ്ങളുടെ കുലുക്കിയക്ക് 60 രൂപയാണ്. ഓറഞ്ചിന് 40 രൂപയാണ്. അച്ചാറ് മോരിന് 20 രൂപയും മസാല മോരിനും നെല്ലിക്ക മോരിനും 30 രൂപയുമാണ്.

 

 

By Binsha Das

Digital Journalist at Woke Malayalam