Fri. Apr 19th, 2024
ഡല്‍ഹി:

സിഎഎ ക്കും എന്‍ആര്‍സി ക്കുമെതിരായി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.

മാര്‍ച്ച്‌ തടയാനായി പൊലീസ് ബാരിക്കേഡുകള്‍ നിരത്തി കാത്തിരുന്നിടത്ത് വച്ചാണ് അജ്ഞാതനായ വ്യക്തി വെടിയുതിര്‍ത്തത്. ഇയാളെ ദില്ലി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം എന്ന് ആക്രോശിച്ചു കൊണ്ടാണ് മാധ്യമപ്രവര്‍ത്തകരും പൊലീസും കണ്ടുനില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തത്. ഷബാബ് എന്ന വിദ്യാര്‍ത്ഥിക്കാണ് വെടിവെപ്പില്‍ പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷബാബിനെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചു. വെടിവച്ച ആള്‍ കസ്റ്റഡിയിലുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി അറിയിച്ചു.