Sat. Apr 20th, 2024
കൊച്ചി:

നഗരസഭ ഡമ്പിങ് യാർഡിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് മൂന്നാം ദിവസവും അണയാതെ കത്തുന്നു. ഇന്നലെ അഗ്നിരക്ഷാസേന എത്താതിരുന്നതിനാല്‍ നഗരസഭ ശുചീകരണ തൊഴിലാളികളാണ് തീയണക്കാന്‍ മുന്നിട്ടിറങ്ങിയത്. എന്നാല്‍,  ഉപയോഗശൂന്യമായ പാറമടയിലെ വെള്ളം ഒഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപിടിച്ച ഭാഗങ്ങളിൽ എട്ട് ലോഡ് വെള്ളമാണ് പമ്പ് ചെയ്തത്. ത്തിയ അവശിഷ്ടങ്ങൾ കാറ്റു വീശുമ്പോൾ വീണ്ടും പുകഞ്ഞ് കത്തുകയാണ്.

വിഷപ്പുക ശ്വസിച്ച് പരിസരവാസികൾക്ക് ചുമയും ശ്വാസംമുട്ടും അനുഭവപ്പെടുന്നതായി പരിസര വാസികള്‍ പരാതിപ്പെട്ടു. ഈച്ച, കൊതുക് എന്നിവയുടെ ശല്യവും  കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. യാർഡിൽ മാസങ്ങളായി നീക്കം ചെയ്യാതെ കിടക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക്, ഇ വേസ്റ്റ്, ബയോ വേസ്റ്റ് തുടങ്ങി സർവവിധ മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. എല്ലാഭാഗത്തും മാലിന്യം നിറഞ്ഞ് കിടന്നതുകൊണ്ടാണ് അഗ്നിരക്ഷാസേനയുടെ വാഹനത്തിന് തീപിടിച്ചതിന്റെ സമീപത്ത് എത്തിച്ചേരാനാകാഞ്ഞത്. ഇന്ന് മണ്ണുമാന്തിയന്ത്ര സഹായത്തോടെ വാഹനത്തിന് എത്തിപ്പെടാൻ വഴിയൊരുക്കാനും തീയണയ്ക്കാൻ ശക്തിയേറിയ പ്രഷർ വാഷർ ഉപയോഗിക്കാനുമാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.