Thu. Apr 25th, 2024
തിരുവനന്തപുരം:

 

സഭ തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു.
പള്ളിക്കല്ലറകളില്‍ വെച്ച് മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഇനി നടക്കില്ല. നിയമനിര്‍മ്മാണത്തിനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്‍കി. സഭാതര്‍ക്കം മൃതദേഹം അടക്കം ചെയ്യാന്‍ തടസ്സമാകരുത്. സഭാ തര്‍ക്കമുള്ള പളളികളില്‍ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാം.

ഓര്‍ഡിനന്‍സ് പ്രകാരം കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം, സഭാതര്‍ക്കം ഇതിന് ബാധകമാകില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കം മൂലം മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല പള്ളികളിലും തര്‍ക്കം നിലനില്‍ക്കുന്നത്.

മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഒരു നിത്യസംഭവമായി മാറുകയാണ്. ഇതെല്ലാം പരിഗണിച്ച് വ്യവസ്ഥകള്‍ വെച്ചാണ് പുതിയ നടപടി. പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം. എന്നാല്‍ മൃതദേഹം അടക്കം ചെയ്യാന്‍ തര്‍ക്കങ്ങള്‍ തടസ്സമാകരുത് എന്നതാണ് വ്യവസ്ഥകള്‍. യാക്കോബായാ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം നേരത്തെ മൃതദേഹസംസ്കരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ നടപടി.

മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പ്രശ്നത്തില്‍ അടിയന്തര നടപടി വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.