Tue. Apr 23rd, 2024
ചെന്നൈ:

 
“അമിത്ഷാ എന്നൊരു മനുഷ്യനുണ്ട്. പ്രധാനമന്ത്രിയുടെ തലച്ചോറാണയാള്‍. അമിത് ഷാ തീര്‍ന്നാല്‍ പിന്നെ നരേന്ദ്ര മോദിയില്ല. ഇവരെ അവസാനിപ്പിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ നിങ്ങളാരും അത് ചെയ്യുന്നില്ല,” നെല്ലായി കണ്ണന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഭീഷണിപ്പെടുത്തിയ തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ നെല്ലായ് കണ്ണനെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച തിരുനെല്‍വേലിയില്‍ നടന്ന എസ്ഡിപിഐ യോഗത്തില്‍ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും ഇല്ലാതാക്കാന്‍ നെല്ലായ് കണ്ണന്‍ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വിവാദ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ നെല്ലായ് കണ്ണനെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ തമിഴ്‌നാട് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 504, 505 വകുപ്പുകള്‍ പ്രകാരമാണ് നെല്ലായ് കണ്ണനെതിരെ പോലീസ് കേസെടുത്തത്.

അതേസമയം കേസെടുത്തെങ്കിലും നെല്ലായ് കണ്ണനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നെന്ന് ആരോപിച്ച് തമിഴ്‌നാട് ബിജെപി നേതൃത്വം രംഗത്തെത്തി. പോലീസ് നടപടി ഇനിയും വൈകിയാല്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, സി പി രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് എച്ച് രാജ വ്യക്തമാക്കി.

“പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കൊല്ലാന്‍ കോണ്‍ഗ്രസ് നേതാവ് നെല്ലൈ കണ്ണന്‍ മുസ്ലീം വിഭാഗത്തോട് ആഹ്വാനം ചെയ്തു. തമിഴ്‌നാടു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണം,” എച്ച് രാജ ട്വീറ്റ് ചെയ്തു. മോശം പരാമര്‍ശം നടത്തുക മാത്രമല്ല കണ്ണന്‍ ചെയ്തത്, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ വധഭീഷണി മുഴക്കുകയും ചെയ്തുവെന്നും രാജ പറഞ്ഞു.

രാജയുടെ പരാതിയില്‍ തമിഴ്‌നാട് പോലീസ് കണ്ണനെതിരെ കേസെടുത്തു. കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാല് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ധര്‍ണ്ണ നടത്തുമെന്നും രാജ വ്യക്തമാക്കി. തിരുനല്‍വേലിയില്‍ കണ്ണനെതിരെ പ്രതിഷേധം നടന്നു. 74 വയസ്സുള്ള കണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഒരു സ്വകാര്യ ആശുപത്രി കണ്ണന് ചികിത്സ നിഷേധിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.