Tue. Apr 23rd, 2024

ന്യൂഡ‍ല്‍ഹി:

2019ലെ മികച്ച ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം പേരന്‍പ്. സിനിമകളുടെയും ടെലിവിഷൻ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിർണയിക്കുന്ന ലോകത്തെ ഏറ്റവും ജനപ്രിയ സൈറ്റായ ഐഎംഡിബിയാണ് പട്ടിക പുറത്തുവിട്ടത്. ആസ്വാദകർ നൽകിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇന്റർനെറ്റ് മൂവി ഡേറ്റാബേസ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

‘ഉറി’,  ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായ ‘ഗല്ലി ബോയ്’​ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ‘പേരൻപ്’ ലിസ്റ്റിൽ കുതിച്ചുകയറിയത്. 9.2 റേറ്റിങ്ങോടെയാണ് പേരൻപ് പട്ടികയില്‍ ഒന്നാമതെത്തിയത്.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ലൂസിഫർ ആണ് പട്ടികയിലുള്ള ഏക മലയാള ചിത്രം. 7.5  റേറ്റിങ്ങോടെ പത്താമതാണ് പട്ടികയില്‍ ലൂസഫര്‍.

മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം സംവിധാനം ചെയ്തത് റാം ആണ്.  റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഷാങ്‌ഹായ് അന്താരാഷ്ട്ര മേളയിലുമുൾപ്പെടെ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ചിത്രം നിരവധി അവാർഡുകളും സ്വന്തമാക്കിയിരുന്നു.

മമ്മൂട്ടി, സാധന, അഞ്ജലി അമീർ എന്നിവരുടെ പ്രകടനം പേരന്‍പിനെ മികവുറ്റതാക്കിയിരുന്നു.

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ എന്ന കാഥാപാത്രത്തെയാണ് സാധന അവതരിപ്പിക്കുന്നത്. പാപ്പയുടെ അച്ഛനായ ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ഇരുവരും തമ്മിലുള്ള  വൈകാരിക ബന്ധമാണ് പേരന്‍പി’ന്റെ പ്രമേയം

By Binsha Das

Digital Journalist at Woke Malayalam