Wed. Apr 24th, 2024

പാരീസ്:

പാരീസ് ആസ്ഥാനമാക്കിയുള്ള സന്നദ്ധസംഘടന ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്’ ചൊവ്വാഴ്ച പുറത്തു വിട്ട കണക്ക് പ്രകാരം 2019 ല്‍ ലോകത്ത് ജോലിക്കിടെ കൊല്ലപ്പെട്ടത് 49 മാധ്യമപ്രവര്‍ത്തകര്‍.

പതിനാറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തെ ഏറ്റവും അപകടകരമായ ജോലികളിലൊന്നായി മാധ്യമപ്രവര്‍ത്തനം മാറിയതായി സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ, യമന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലാണ് ജോലിക്കിടെ കൂടുതല്‍ മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്.

മെക്‌സിക്കോയില്‍ മാത്രം ഈ വര്‍ഷം 10 പേരാണ് മരിച്ചത്. യുദ്ധഭീഷണിയുള്ള രാജ്യങ്ങളില്‍ മരണനിരക്ക് കുറയുന്നത് ശുഭ സൂചനയാണ്.

എന്നാല്‍ ജനാധിപത്യ രാജ്യങ്ങളില്‍ നിരക്ക് വര്‍ദ്ധിക്കുന്നത് ആപത് സൂചനയാണെന്നും സംഘടന മേധാവി ക്രസ്റ്റഫെ ഡെലോറി വ്യക്തമാക്കി.

രണ്ടു ദശാബ്ദമായി വര്‍ഷത്തില്‍ എണ്‍പതിലധികം മാധ്യമപ്രവര്‍ത്തകരാണ് ജോലിക്കിടെ മരിക്കുന്നത്.

മരണനിരക്ക് കുറയുന്നുണ്ടെങ്കിലും തടവറയിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 2019ല്‍ ഇത് 12 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

389 പേരാണ് ഈ വര്‍ഷം ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ പകുതിയിലധികം ആളുകളും തടവിലാക്കപ്പെട്ടത് ചൈന, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്. ആകെ തടവിലാക്കപ്പെട്ടവരില്‍ മൂന്നിലൊന്നും ചൈനയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.