Fri. Mar 29th, 2024
#ദിനസരികള്‍ 969

The Indian Constitution – Corner Stone of a Nation എന്ന പുസ്തകമെഴുതിയ ഗ്രാന്‍വിലെ ഓസ്റ്റിന്‍ എന്തൊരു ആവേശത്തോടെയാണ് ഇന്ത്യയുടെ നിയമ സംവിധാനത്തെക്കുറിച്ച് എഴുതുന്നത് എന്നറിയുമോ?
ഇത്രയും സുതാര്യവും നിഷ്പക്ഷവുമായ ഒരു വ്യവസ്ഥയെ ആവിഷ്കരിച്ചു നടപ്പാക്കിയെടുത്തതില്‍ നമ്മുടെ ഭരണഘടനാ വിധാതാക്കളെ അദ്ദേഹം ആവോളം അനുമോദിക്കുന്നുമുണ്ട്.

ഭരണഘടനയും അതുറപ്പു നല്കുന്ന മൗലികാവകാശങ്ങളുടേയും സംരക്ഷകന്‍ എന്ന നിലയില്‍ ജനാധിപത്യത്തിന്റെ നിലനില്പിനും സുഗമമായ നടത്തിപ്പിനും കോടതിയുടെ നീതിയുക്തമായ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അതോടൊപ്പംതന്നെ പാര്‍ല‌‍മെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ക്കു മുകളില്‍ ജുഡീഷ്യല്‍ റിവ്യു എന്നൊരു പരമപ്രധാനമായ അധികാരം കൂടി നമ്മുടെ സുപ്രിംകോടതിയ്ക്കുണ്ട്.

ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് അനുകൂലമായ വിധത്തിലാണോ പ്രസ്തുത നിയമമെന്നും മൗലികാവകാശങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ അവയില്‍ ഉള്‍‌ച്ചേര്‍ന്നിട്ടുണ്ടോയെന്നും ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണ്.

അങ്ങനെയുണ്ടെന്ന് കണ്ടെത്തിയാല്‍ ആ നിയമത്തെ അസാധുവാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനും ഇന്ത്യന്‍ ഭരണഘടന സുപ്രിംകോടതിക്ക് അവകാശം അനുവദിക്കുന്നു. എന്നുവെച്ചാല്‍ ഭരണഘടന തുല്യമായി അധികാരാവകാശങ്ങള്‍ വിതരണം ചെയ്തിരിക്കുന്ന പാര്‍‌ലമെന്റിനേയും എക്സിക്യൂട്ടീവിനേയും ഒരു പോലെ നിയന്ത്രിക്കുവാനും തിരുത്തുവാനുമുള്ള പരമമായ അധികാരം സുപ്രിംകോടതയിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

അത്തരത്തിലുള്ള ഒരു നിയമസംവിധാനത്തിന്റെ മുകളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴുക എന്നത് ഒട്ടും ഉചിതമായ കാര്യമല്ല. ജനങ്ങളുടെ മനസ്സില്‍ നീതിയുടെ ഇരിപ്പിടം ദൈവത്തിന്റെ ഇരിപ്പിടമാണെന്ന തോന്നലാണ് ഇന്നും ശക്തിപ്രാപിച്ചു നില്ക്കുന്നത്. അതുകൊണ്ടുതന്നെ നിയമവ്യവസ്ഥിതിയുടെ നേരെ സംശയത്തിന്റെ കണ്ണകള്‍‌കൊണ്ട് നോക്കുക എന്നത് നമ്മുടെ രാജ്യത്ത് ക്ഷിപ്രസാധ്യമായ ഒന്നല്ല.

എന്നാലും ഇക്കാലങ്ങളില്‍ അതിനു വിപരീതമായി നമ്മുടെ ജനതയുടെ മനസ്സില്‍ കോടതികളെക്കുറിച്ചും അതിന്റെ തീരുമാനങ്ങളെക്കുറിച്ചും അസ്വാഭാവികമായ ഒരു ആശങ്ക ശക്തിപ്പെടുന്നുണ്ടെന്നതാണ് വസ്തുത. ഇത് നാം കാണാതിരുന്നു കൂട എന്നു മാത്രവുമല്ല നിസ്സാരമായി കാണുകയും അരുത്.

രാജ്യത്തെ നിയമവാഴ്ചയില്‍ അവിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് ഭൂരിപക്ഷം ജനതയും മുന്നോട്ടു വന്നു കഴിഞ്ഞാല്‍‌പ്പിന്നെ ആ രാജ്യത്തിനു തന്നെ നിലനില്പില്ലെന്ന് നമുക്കറിയാം. ഇന്ത്യയില്‍ അത്തരമൊരു നിരാസത്തിന്റെ അവസ്ഥ ഇതുവരെ സംജാതമായിട്ടില്ലെങ്കിലും ജനങ്ങള്‍ ചില വിധികളെച്ചൊല്ലി അസ്വസ്ഥരാണെന്ന വസ്തുത നാം കാണാതിരുന്നു കൂട.

ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വിധി ഉദാഹരിക്കണമെങ്കില്‍ അയോധ്യ കേസിനെ ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനത തയ്യാറാകുമെന്നതാണ വസ്തുത. നാട്ടുമധ്യസ്ഥന്മാര്‍‌പോലും അത്തരമൊരു വിധി പറയില്ലെന്നാണ് അവര്‍ ചിന്തിക്കുന്നത്.

അതൊടൊപ്പംതന്നെ കേന്ദ്രസര്‍ക്കാര്‍ പാര്‍‌ല‌മെന്റില്‍‌ നടപ്പിലാക്കിയെടുക്കുന്ന നിയമങ്ങളോടും ഭേദഗതികളോടും സുപ്രിംകോടതി സ്വീകരിക്കുന്ന തണുപ്പന്‍‌ നയങ്ങള്‍ ഏറെ പ്രതിഷേധത്തിന് വഴിവെയ്ക്കുന്നതാണ്.

അത്തരത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തിന് ഏറെ വിധേയമായ ഭേദഗതികളില്‍ കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത്. രാജ്യത്തിനകത്തും പുറത്തും ഒന്നു പോലെ അതിനെതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കാഷ്മീരിലെ ജനതയുടെ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് സൈനിക ശേഷികൊണ്ട് അവരെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇന്ത്യൻ പാര്‍‌ലമെന്റ് അംഗങ്ങള്‍‌ക്കോ മറ്റു പ്രവര്‍ത്തകര്‍ക്കോ ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയതിനു ശേഷം കാശ്മീരിൽ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്രയും സുപ്രധാനമായ ഒരു സാഹചര്യം നിലവിലുണ്ടായിട്ടും കോടതി കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ നിരവധി പരാതികള്‍ കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഇടപെടാന്‍ കോടതി തയ്യാറായിട്ടില്ല.

മറ്റൊന്ന് പൗരത്വ ഭേദഗതി ബില്‍ പ്രശ്നമാണ്. യുഎന്‍ പോലും പ്രസ്തുത ഭേദഗതിയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ കത്തിയെരിയുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമായ മതേതരത്വമെന്ന സങ്കല്പം അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് ആശങ്ക എല്ലായിടത്തുമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വെടിവെപ്പില്‍ നാലു ജീവിതങ്ങള്‍ പൊലിഞ്ഞിരിക്കുന്നു. എന്നിട്ടും അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി പുന പരിശോധനാ ഹർജി മാറ്റി വെച്ചിരിക്കുന്നു.

രാജ്യത്ത് നിലവിലിരിക്കുന്ന സാഹചര്യങ്ങളെ ശരിയാംവിധം മനസ്സിലാക്കാത്ത അന്ധരാണ് സുപ്രിംകോടതിയിലെ ജഡ്ജിമാരെന്ന് വരുന്നത് ഒട്ടും ആശാസ്യമല്ലതന്നെ. അത് ജനതയ്ക്ക് നിയമവാഴ്ചയെക്കുറിച്ച് സംശയങ്ങളുണ്ടാക്കുവാനേ സഹായിക്കൂ. സ്വന്തം കടമപൂര്‍ത്തിയാക്കേണ്ട സുപ്രധാനമായ സാഹചര്യങ്ങളില്‍ അതു ചെയ്യാതെ ഓടിയൊളിക്കുന്നുവെന്ന പ്രതീതി ജുഡീഷ്യറിയുടെ അന്തസ്സിനേയും ജനാധിപത്യത്തേയും പ്രതികൂലമായി ബാധിക്കും.

ജുഡീഷ്യല്‍ റിവ്യു എന്ന പരമമായ ആയുധം ഈ സാഹചര്യത്തില്‍ വിനിയോഗിക്കാനാണ് ഭരണഘടനയുടെ വിധാതാക്കള്‍ സുപ്രിംകോടതിയെ ഏല്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി ഭരണഘടനാപരമായി ഇടപെട്ടുകൊണ്ട് തങ്ങളുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുമെന്ന പ്രതീക്ഷ അവസാനിക്കുന്നിടത്തുനിന്നും കലാപം ആരംഭിക്കുമെന്നു കൂടി ഓര്‍മ്മ‌പ്പെടുത്തട്ടെ.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.