Fri. Mar 29th, 2024
 തിരുവനന്തപുരം:

കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനു കേരളത്തിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ബിൽ ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിൽ നടപ്പാക്കില്ല. ഈ ബില്ലിനോടുള്ള സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും ഇന്നലെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാനസര്‍ക്കാര്‍ ചോദ്യം ചെയ്യും. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും,മതവിശ്വാസത്തിൽ പെടാത്തവർക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ജീവിക്കാനുള്ള അവകാശവുമുണ്ട്. ഈ രീതിയാണ് കേരളം പിന്തുടരുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും അദ്ദേഹം പറഞ്ഞു.
മതം,ജാതി,ഭാഷ,സംസ്കാരം,ലിംഗം,തൊഴിൽ  എന്നീ വേർതിരിവില്ലാതെ  ഇന്ത്യക്കാരായ എല്ലാവര്‍ക്കും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന ഒന്നാണ് ഇന്ത്യന്‍ പൗരത്വം. ആ ഉറപ്പ് ലംഘിക്കുന്നതാണ് കേന്ദ്രം പാസാക്കിയെടുത്തിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പലതവണ പറഞ്ഞിട്ടുള്ളതാണ്.
ഈ നിയമം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ലന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
”ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാര്‍ഥ്യമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്. ബ്രിട്ടീഷുകർ ഇന്ത്യയിലും ഹിറ്റ്ലര്‍ ജര്‍മനിയിലുമൊക്കെ വിജയകരമായി പരീക്ഷിച്ച തന്ത്രമാണത്. പക്ഷേ അതിനു വലിയ ആയുസ്സുണ്ടാവില്ലന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്” .
അതിനെ ശരി വെക്കുന്നതാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഈ നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നു വരുന്ന പ്രതിഷേധമെന്നും മുഖ്യന്ത്രി കൂട്ടിച്ചേർത്തു.

 

കേരള മുഖ്യമന്ത്രിക്ക് പിന്നാലെ പൗരത്വ ഭേദഗതി ബിൽ പഞ്ചാബിൽ നടപ്പിലാക്കില്ലന്ന്  മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്‌ പ്രതികരിച്ചു . ”ഇന്ത്യയുടെ  മതേതര ഘടനയെ  വലിച്ചുകീറാൻ അനുവദിക്കില്ല, വൈവിദ്ധ്യമാണതിന്റെ ശക്തി, “യെന്നും അദ്ദേഹം വ്യക്തമാക്കി.