Wed. Apr 17th, 2024
(woke file photto)
ഗുവാഹത്തി:

പൗരത്വ ബില്ലിനെ ചൊല്ലിയുള്ള പ്രതിഷേധം തീക്കളിയാകുന്നു. വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ളവരാണ് തങ്ങളുടെ ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണിയാകുന്ന വിധിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

അസം തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്.

പ്രതിഷേധക്കാര്‍  ബിജെപി എംഎല്‍എയുടെ വീട് അഗ്നിക്കരയാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ചബുവ എംഎല്‍എ ബിനോദ് ഹസാരിക്കയുടെ വീടാണ് കത്തിച്ചത്. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. സംസ്ഥാനത്തേക്കുള്ള മിക്ക വിമാന സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകളും ഇന്ന് സര്‍വ്വീസ് നടത്തിയില്ല.

പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍, ദീപക് കുമാറിനെ മാറ്റി മുന്ന പ്രസാദിനെ ഗുവാഹത്തി പോലീസ് മേധാവിയായി നിയമിച്ചു. ശാന്തിയും സമാധാനവും നിലനിര്‍ത്താനും, സാഹചര്യം വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

അസമിനെ കൂടാതെ മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമാണ്. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ അസം റൈഫിള്‍സിനേയാണ് ഇറക്കിയിരിക്കുന്നത്. ഇവിടങ്ങളിലേക്ക് കേന്ദ്രം ബുധനാഴ്ച 5000 അര്‍ധസൈനികരെക്കൂടി വ്യോമമാര്‍ഗം എത്തിച്ചു. സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി എന്നീ സേനകളില്‍നിന്നുള്ള 50 കമ്പനി ഉദ്യോഗസ്ഥരെയാണു ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 20 കമ്പനിയും കശ്മീരിലെ അതിര്‍ത്തിമേഖലയില്‍നിന്നു പിന്‍വലിച്ചതാണ്.