Wed. Apr 24th, 2024
മുംബൈ:

 
എന്‍സിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുമായി മഹാരാഷ്ടയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും, എന്‍സിപിയുടെ നിയമസഭാകക്ഷി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ഇന്ന് രാവിലെ സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയിലെ 54 അംഗങ്ങളില്‍ 22 പേരുടെ പിന്തുണ അജിത് പവാറിനുണ്ട്.

എന്‍സിപിയെ നെടുകെ പിളര്‍ത്തിയാണ് ഈ ഭൂരിപക്ഷത്തിലെത്തിയതെന്ന് വ്യക്തം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്ന രാഷ്ട്രപതിഭരണം പിന്‍വലിച്ചത്. ശിവസേനയ്ക്ക് മുഖം നഷ്ടപ്പെട്ടപ്പോള്‍, മാറിമറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങളില്‍ അമ്പരന്ന് നില്‍ക്കുകയാണ് കോണ്‍ഗ്രസ്സ്.

അതേ സമയം ബിജെപിയെ പിന്തുണയ്ക്കാനുള്ള പാര്‍ട്ടി തീരുമാനം തന്റെ അറിവോടെയല്ലെന്ന് ശരത് പവാര്‍ പ്രതികരിച്ചു. ബിജെപിയെ യാതൊരു തരത്തിലും താന്‍ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ജനവികാരം നടപ്പിലാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കി. നിലവില്‍ 170 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.