Thu. Apr 25th, 2024
കൊച്ചി ബ്യൂറോ:

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ നവീകരണ ജോലികള്‍ ആരംഭിച്ചു. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച്‌ 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ (CIAL) അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ ജോലികള്‍ നടക്കുക.

റണ്‍വേ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ-സര്‍ഫിങ് ജോലികലാണ് നടത്തുന്നത്.

നവീകരണ ജോലികള്‍ നടക്കുന്നതിനാൽ വിമാനങ്ങളുടെ ടേക്-ഓഫ്, ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. ഇതേത്തുടര്‍ന്ന് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് മാറ്റി. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ സർവീസ് റദ്ദാക്കിയത്.

വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ദില്ലി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വ്വീസുകളും റദ്ദാക്കി. ദിവസേന 240 സര്‍വീസുകളും 30000 യാത്രക്കാരെയും നെടുമ്പാശ്ശേരി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. വിമാനത്താവളത്തിൻ്റെ 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം എന്നത് ഇന്ന് മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.