Thu. Apr 25th, 2024
റിയാദ്:

വിദേശതൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷ ഏര്‍പ്പെടുത്താനൊരുങ്ങി സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം. അടുത്ത ഡിസംബര്‍ മുതലാണ് പ്രൊഫഷണല്‍ പരീക്ഷ തുടങ്ങുന്നത്. പരീക്ഷ നിര്‍ബന്ധമാക്കുന്നതിനു മുമ്പായി ആദ്യ വര്‍ഷം ഓപ്ഷണലായിരിക്കുമെന്നും പിന്നീട് ഇതിന്‍റെ കാലാവധി ദീര്‍ഘിപ്പിക്കണോ, വേണ്ടയോ എന്ന് പഠിക്കുമെന്നും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിലെ പ്രഫഷണല്‍ പരീക്ഷ വിഭാഗം ഡയറക്ടര്‍ നായിഫ് അല്‍ ഉമൈര്‍ വ്യക്തമാക്കി.

ഏഴുരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളില്‍ ആദ്യം പ്രൊഫഷണല്‍ പരീക്ഷ നടത്തുക ഇന്ത്യക്കാര്‍ക്കായിരിക്കും. ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ വര്‍ധന കണക്കിലെടുത്താണിത്.

ഏഴുരാജ്യങ്ങളില്‍ ഒന്നാം ഘട്ടം ഇന്ത്യ, രണ്ടാം ഘട്ടം ഫിലിപ്പൈന്‍സ്, മൂന്നും നാലും ഘട്ടങ്ങളില്‍ ശ്രീലങ്ക, ഇന്‍ഡോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രീതിയിലാണ് തരംതിരിക്കപ്പെട്ടിട്ടുള്ളത്. സൗദിയിലെ മൊത്തം തൊഴിലാളികളുടെ 95 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഒന്നാം ഘട്ടം എന്ന നിലക്ക് ഇലക്ട്രിക് പ്ലംബിംഗ് ജോലികളിലുള്ളവര്‍ക്കുള്ള പരീക്ഷയായിരിക്കും ഡിസംബറില്‍ നടക്കുക. ഈ മേഖലകളില്‍ രണ്ടു ലക്ഷം തൊഴിലാളികളാണുള്ളത്. 2020 ഏപ്രിലില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയില്‍ റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിംഗ്, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍ ആന്‍റ് മെക്കാനിക്സ് എന്നീ തൊഴിലുകളായിരിക്കും ഉള്‍പ്പെടുത്തുക. മൂന്നാം ഘട്ടത്തില്‍ കാര്‍പെന്‍റര്‍, കൊല്ലപ്പണി, വെല്‍ഡിങ് തൊഴിലുകളില്‍ പരീക്ഷ നടക്കും. 2020 ജൂലൈ മാസത്തിലായിരിക്കുമിത്.

നാലാം ഘട്ടം 2020 ഒക്ടോബറില്‍ തേപ്പ് ജോലി, പെയിന്‍റിംഗ്, ടൈല്‍സ് ജോലി എന്നിവയിലും  അവസാനമായി 2021 ജനുവരിയില്‍ ബില്‍ഡിങ് നിര്‍മ്മാണം, ബോഡിവര്‍ക്സ്, സാങ്കേതിക തൊഴിലുകള്‍ എന്നിവയിലും പ്രൊഫഷണല്‍ പരീക്ഷ നടക്കും.

പരീക്ഷയില്‍ വിജയിക്കുന്ന ഓരോ തൊഴിലാളിക്കും അഞ്ച് വര്‍ഷം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും, കൂടാതെ 50 ശതമാനത്തിലധികം തൊഴിലാളികള്‍ പ്രൊഫഷണല്‍ പരീക്ഷ പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റു വിതരണം ചെയ്യും.

ഭാവിയില്‍ സൗദി അറേബ്യയില്‍ ജോലി നേടാനും പ്രൊഫഷന്‍ മാറ്റുവാനും ഇഖാമ പുതുക്കുവാനുമുള്ള  നിബന്ധനയായി പ്രൊഫഷണല്‍ പരീക്ഷയെ കണക്കാക്കും. കൂടാതെ സര്‍ക്കാര്‍ ടെണ്ടറുകളില്‍ പങ്കാളികളാകുവാനും വിസ ഇഷ്യൂ ചെയ്യുവാനും ഇത് നിര്‍ബന്ധമാക്കുകയും ചെയ്യും.

പരീക്ഷാ ഫീസിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പരീക്ഷ രാജ്യത്തിനകത്ത് വച്ചാമെങ്കില്‍ 450-600 റിയാലും രാജ്യത്തിന് പുറത്തുവെച്ചാണെങ്കില്‍ 100-150 റിയാലുമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിദേശത്ത് വെച്ചുള്ള പ്രൊഫഷണല്‍ പരീക്ഷ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും നടത്തുക.