Fri. Mar 29th, 2024
മുംബൈ:

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ റിപ്പോർട്ട് നൽകിയെന്നാണു സൂചന. ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കേന്ദ്രമന്ത്രിസഭ യോഗത്തിലും ധാരണയായി.

എന്നാല്‍, രാഷ്ട്രപതി ഭരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന വ്യക്തമാക്കി. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമയം നീട്ടി നല്‍കാത്ത, ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് സേന സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച സമയം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നാണ് ശിവസേനയുടെ വാദം.

അതേസമയം ശുപാര്‍ശയെ കുറിച്ച് അറിയില്ലെന്നും തങ്ങള്‍ക്ക് രാത്രി എട്ടര വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും എന്‍സിപി അറിയിച്ചു. ഇന്നു വൈകിട്ട് എന്‍സിപി-ശിവസേന നേതാക്കള്‍ കൂടിക്കാഴ്ച നടത്തുമെന്നും, ശിവസേനയെ ഏതു രീതിയില്‍ കൂടെനിര്‍ത്തണം എന്നതായിരിക്കും പ്രധാന ചര്‍ച്ചാ വിഷയമെന്നും ഉന്നത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍സിപി നേതാക്കള്‍ വീണ്ടും ഗവര്‍ണറെ കാണും. രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തുവെന്ന തരത്തില്‍ വാര്‍ത്ത വന്ന സാഹചര്യത്തില്‍ ഏതു വിധേനയും സര്‍ക്കാര്‍ രൂപീകരിക്കാനാണ് എന്‍സിപിയുടെ ശ്രമം.

പ്രധാനമന്ത്രിയുടെ ബ്രസീല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ്, രാഷ്ട്രപതി ഭരണം വേണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ധാരണയായത്.

സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയും തുടർന്ന് രണ്ടാമത്തെ കക്ഷിയായ ശിവസേനയെയും ഗവർണർ ക്ഷണിച്ചിരുന്നു. ഇരു പാർട്ടികൾക്കും അതിനു കഴിയാതിരുന്നതോടെ തിങ്കളാഴ്ച രാത്രി എൻസിപിക്ക് ഗവർണർ കത്തു നൽകി. പിന്തുണ തെളിയിക്കാൻ ചൊവ്വാഴ്ച രാത്രി 8.30 വരെയാണു സമയം അനുവദിച്ചിരിക്കുന്നത്.

ഇതിനിടെയാണ്, നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം ദുഷ്കരമെന്ന് കാട്ടി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാത്രി എട്ടരയ്ക്കുള്ളിൽ പിന്തുണ സംബന്ധിച്ചു കത്തു നൽകാൻ എൻസിപിക്കു സാധിച്ചില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും.

രാഷ്ട്രപതി ഭരണത്തിനെതിരായി സുപ്രീം കോടതിയെ സമീപിക്കുന്ന ശിവസേനയ്ക്കു വേണ്ടി കോണ്‍ഗ്രസ്സ് നേതാവ് കബില്‍ സിബല്‍ ഹാജരാകും.