Wed. Apr 24th, 2024
ന്യൂസ് ഡെസ്‌ക്:

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാര്‍ അപകടം വരുത്തിയത് ഇതാദ്യമായിട്ടല്ലെന്ന പുതിയ വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്. 2018ല്‍ ശ്രീറാം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനായി പോകുമ്പോഴും കാര്‍ അപകടമുണ്ടാക്കി എന്ന് പ്രവാസി മലയാളിയായ റോബിന്‍ ചെറുകരയാണ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ ബോസ്റ്റണില്‍ താമസിക്കുന്ന റോബിന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ വെളിപ്പെടുത്തല്‍ മാധ്യമ പ്രവര്‍ത്തകനായ ജോര്‍ജ് കള്ളിവയലില്‍ പങ്കു വെച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ മരണത്തിനിടയാക്കിയ കേസില്‍ നിന്നും സുരക്ഷിതമായി കലയൂരാന്‍ ഡോക്ടര്‍മാരുടെയും പോലീസിന്റെയും സഹായത്തോടെ കരുക്കള്‍ നീക്കിവരികയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇതിനിടയിലാണ് പ്രവാസി മലയാളിയുടെ വെളിപ്പെടുത്തല്‍ വിവാദമാവുന്നത്. അപകടമുണ്ടായതിന് ഇന്‍ഷുറന്‍സ് തുക ഉള്‍പ്പെടെ നഷ്ടപരിഹാരം ലഭിയ്ക്കുന്നതിന് സഹകരിക്കാതെ ശ്രീറാം കബളിപ്പിച്ചു എന്നും റാന്നി സ്വദേശിയായ റോബിന്‍ വ്യക്തമാക്കുന്നു.

 

2018 ആഗസ്റ്റില്‍ റോബിന്റെ സഹോദരനും അളിയനും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. ആയിരം കിലോമീറ്ററില്‍ താഴെ മാത്രം ഓടിയ പുതിയ ഇന്നോവ കാറിലായിരുന്നു യാത്ര. പോകുന്ന വഴിയില്‍ തിരുവനന്തപുരത്ത് എത്തുന്നതിനു മുമ്പായി ഒരുകാര്‍ പിന്നില്‍ വന്നിടിച്ചു. സഹോദരനും അളിയനും വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി.

പിന്നില്‍ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ കാര്‍ സൈഡില്‍ നിര്‍ത്തി അടുത്തേക്ക് വരികയും കളക്ടറാണ് കാറില്‍, തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. ഇതിന് പിന്നാലെ പുറത്തു വന്ന ശ്രീറാം തന്നെ താന്‍ സബ്കളക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്നാണ് പേരെന്നും പറഞ്ഞ് പരിചയപ്പെടുത്തി. പരാതി കൊടുക്കരുതെന്നും താന്‍ അമേരിക്കയിലേക്ക് പഠനത്തിനായി പോകുകയാണെന്നും തിടുക്കമുണ്ടെന്നും ശ്രീറാം പറഞ്ഞു എന്നും റോബിന്‍ തന്റെ കുറിപ്പില്‍ വെളിപ്പെടുത്തുന്നു.

 

തന്റെ അളിയനും അതേ വിമാനത്തില്‍ അമേരിക്കയിലേക്കാണെന്ന് പറഞ്ഞപ്പോള്‍ പരാതി നല്‍കാതെ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാം എന്നും പറഞ്ഞു. കാര്‍ ശ്രീറാമിന്റെ സുഹൃത്തിന്റെയോ അയല്‍വാസിയുടേയോ ആയിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാമെന്നും എന്റെ ഭാര്യാ പിതാവിനെ ബന്ധപ്പെടാമെന്നും പറഞ്ഞു. അതിനാല്‍ ഒപ്പമുണ്ടായിരുന്ന സഹോദരപന്‍ പരാതി നല്‍കിയില്ലെന്നും റോബിന്‍ പറയുന്നു.

ബോസ്റ്റണില്‍ എത്തിയ ശേഷം ശ്രീറാം ബന്ധപ്പെടാന്‍ വാട്സ് ആപ്പ് നമ്പര്‍ നല്‍കി. അളിയന്‍ തിരിച്ച് മൊബൈല്‍ നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശ്രീറാം വിവരങ്ങളൊന്നും തന്നില്ലെന്നും ഓണ്‍ലൈനില്‍ ആയിരുന്നപ്പോള്‍ പോലും മെസ്സേജുകള്‍ക്കൊന്നും മറുപടി നല്‍കാന്‍ ശ്രീറാം തയ്യാറായില്ലെന്നും റോബിന്‍ പറയുന്നു. പിന്നീട് ഭാര്യപിതാവ് കേരളത്തിലുള്ള ശ്രീറാമിന്റെ സുഹൃത്തിനെ വിളിച്ചപ്പോള്‍ താന്‍ ഉത്തരവാദിയല്ലെന്നും വാഹനമോടിച്ച ഡ്രൈവറെ വിളിക്കൂ എന്നുമാണ് മറുപടി കിട്ടിയത്. വീണ്ടും ശ്രീറാമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് 20,000 രൂപയോളം മുടക്കി ഭാര്യപിതാവ് തന്നെ വാഹനം നന്നാക്കുകയാണ് ചെയ്തതെന്നും റോബിന്‍ വ്യക്തമാക്കുന്നുണ്ട്.

ശ്രീറാം വെങ്കിട്ടരാമന്‍ ഹാര്‍വര്‍ഡിലേക്ക് പഠിക്കാന്‍ പോകുന്ന ദിവസം തിരുവനന്തപുരത്ത് ഉണ്ടായ അപകടത്തെ കുറിച്ചാണ് റോബിന്‍ പരാതി ഉന്നയിക്കുന്നത്. ഹാര്‍വാഡില്‍ നിന്ന് പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ദിവസമാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ ശ്രീറാം മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തിയത്. തിരുവനന്തപുരം നഗരത്തിലെ പ്രശസ്തമായ ഒരു ക്ലബില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക് ശേഷമായിരുന്നു സംഭവം. നേരത്തേ അപകടമുണ്ടാക്കിയ സംഭവം കൂടി പുറത്തു വന്നതോടെ ശ്രീറാമിന്റെ പ്രതിച്ഛായ വീണ്ടും തകരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *