Tue. Apr 23rd, 2024
തി​രു​വ​ന​ന്ത​പു​രം:

കനത്ത നാശനഷ്ടവും ദുരിതവും വിതച്ച് കനത്ത മഴ തുടരുന്നു. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഇടുക്കിയിൽ മൂന്നിടത്തും കണ്ണൂരിൽ രണ്ടിടത്തും ഉരുള്‍പൊട്ടി. വയനാട് ചൂരമലയിലും മലപ്പുറം കരുളായിയിലും ഉരുൾപൊട്ടി. ഡാമുകളിലും വൻ തോതിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്ത് 1,992 വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യും 139 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. 5,675 ഹെ​ക്ട​ർ കൃ​ഷി​യും ന​ശി​ച്ചു.

കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിലാണ്.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെളളത്തിലായി. കക്കയത്തു ഉരുൾ പൊട്ടി. നിലമ്പൂരില്‍ ഉരുള്‍പൊട്ടിയത് കൊണ്ട് ചാലിയാറില്‍ വന്‍തോതിലുള്ള മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഇരുവഞ്ഞിപ്പുഴ യുടെയും ചാലിയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുക്കം ഫയര്‍ഫോഴ്‌സ് അറിയിച്ചു. ജില്ലയില്‍ ആറ് ക്യാമ്പുകളിലായി 236 ആളുകളെ മാറ്റിപാര്‍പ്പിച്ചു.17 വീടുകള്‍ പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

മഴ ശക്തമായതോടെ പെരിയാർ കര കവിഞ്ഞൊഴുകാൻ തുടങ്ങി. ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ മഴ ശക്തമായതിനെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. കനത്ത മഴയെ തുടർന്ന് മൂന്നാർ ഒറ്റപ്പെട്ട നിലയിലാണ്. അനിയന്ത്രിതമാം വിധം മുതിരപ്പുഴയിലെ വെള്ളമുയർന്നതിനെ തുടർന്ന് നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി. പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. അഴുത ചെക്ക്ഡാം നിറഞ്ഞൊഴുകി സമീപത്തെ വീടുകളിൽ വെള്ളം കയറി. ചെറുതോണി നേര്യമംഗലം റോഡിൽ കീരിത്തോട്ടിൽ ഉരുൾപൊട്ടലുണ്ടായി.

പമ്പ നദിയിൽ വൻ തോതിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മഴ കനത്തതോടെ മലങ്കര, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ തുറന്നു. കോട്ടയത്ത് മീനച്ചിൽ താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടലുണ്ടായി. മീനച്ചിലാർ കരകവിയുന്നു. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി. മീനച്ചിൽ, മണിമല, അഴുത നദികൾ കരകവിഞ്ഞ് ഒഴുകയാണ്‌.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ രണ്ട് പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്‍റെ ഭാര്യ മുത്തുവാണ് മരിച്ചത്.

വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സെക്ഷൻ ഓഫീസിൽ വിവരമറിയിക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഏതെങ്കിലും കാരണവശാൽ സെക്ഷൻ ഓഫീസിൽ അറിയിക്കാൻ കഴിയാത്തപക്ഷം ഈ വിവരം 9496061061 എന്ന നമ്പറിൽ വിളിച്ചറിയിക്കണം. കമ്പി പൊട്ടി വീണ സ്ഥലം കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. സെക്ഷൻ ഓഫീസിൽ ഫോൺ വിളിച്ചു കിട്ടാതെ വരുകയാണെങ്കിൽ കസ്റ്റമർ കെയർ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 1912, 0471 2555544 എന്നീ നമ്പറുകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *