Fri. Apr 26th, 2024

 

തൃശൂര്‍ :

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചിത്രകാരനും ശില്‍പിയുമായ ഡാവിഞ്ചി സുരേഷ്. ചലചിത്രതാരം ഗിന്നസ് പക്രുവിന്റെ ചലിക്കുന്ന ശില്‍പം നിര്‍മിച്ചാണ് ഡാവിഞ്ചി സുരേഷ് ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്. ഗിന്നസ് പക്രു തന്നെ നിര്‍മിച്ച് അഭിനയിക്കുന്ന ഫാന്‍സി ഡ്രസ് എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചലിക്കുന്ന രൂപമാണ് സുരേഷ് നിര്‍മിച്ചത്.

മൂന്നടി ഉയരത്തില്‍ നിര്‍മിച്ച ചിത്രം കഴിഞ്ഞ ദിവസം എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വെച്ച് ഗിന്നസ് പക്രുവിന് കൈമാറി. നിരവധി വ്യത്യസ്തമായ ചിത്രങ്ങളും ശില്‍പങ്ങളും ഒരുക്കി ശ്രദ്ധേയനായിട്ടുള്ള ആളാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഡാവിഞ്ചി സുരേഷ്. ഫാന്‍സി ഡ്രസ് എന്ന ചിത്രത്തില്‍ ബെല്‍ കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഈ കഥാപാത്രമാണ് ശില്‍പത്തിന് പ്രചോദനമായത്.

നേരത്തേ അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെ ഏറ്റവും ചെറിയ നായക നടന്‍ എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമയായി മാറിയ പക്രു പുതിയ സിനിമയിലൂടെ ഏറ്റവും ചെറിയ സിനിമാ നിര്‍മാതാവ് എന്ന റെക്കോര്‍ഡിനു കൂടി അര്‍ഹനായിരിക്കുകയായാണ്.

ആ സന്തോഷം പങ്കു വെക്കാന്‍ കൂടിയാണ്  സുഹൃത്തായ
ഗിന്നസ് പക്രുവിനായി ഈ ശില്പം നിര്‍മിച്ചതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

 

 

ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് ഈ ശില്‍പം പൂര്‍ത്തിയാക്കിയത്. ശില്‍പത്തിന്റെ തലയും, കയ്യും, കാലുമെല്ലാം ചലിക്കുന്ന രീതിയിലാണ് സുരേഷ് നിര്‍മ്മിച്ചിരിക്കുന്നത്. ശില്പം കൈമാറിയപ്പോള്‍ ശില്‍പത്തിനൊപ്പം ഗിന്നസ് പക്രു മറ്റൊരു സൈക്കിള്‍ ചവിട്ടിയതും കൗതുകമായിരുന്നു.

നേരത്തേ കലാഭവന്‍ മണിയുടേത് ഉള്‍പ്പെടെ വ്യത്യസ്തമായ നിരവധി ശില്പങ്ങള്‍ ഡാവിഞ്ചി സുരേഷ് നിര്‍മിച്ചിട്ടുണ്ട്. ഇദ്ദേഹം നേരത്തേ നിര്‍മിച്ചിട്ടുള്ള കൂറ്റന്‍ ദിനോസറും ചലചിത്രതാരങ്ങളുടെ ചലിക്കുന്ന ശില്പങ്ങളും ഏറെ ജനശ്രദ്ധ നേടിയവയാണ്.

Leave a Reply

Your email address will not be published. Required fields are marked *