Fri. Mar 29th, 2024
കളമശേരി :
ജില്ലയെ നിപാ വിമുക്തമായി 21ന‌് പ്രഖ്യാപിക്കും. മന്ത്രി കെ കെ ശൈലജ എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.നിപാ വിമുക്തമായി പ്രഖ്യാപിക്കുന്നതോടെ മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ വാർഡിന്റെ പ്രവർത്തനം നിർത്തും.
നിപാ ബാധയെ തുടർന്ന് ആസ്റ്റർ മെഡ‌്സിറ്റിയിൽ ചികിത്സയിലുള്ള യുവാവിന് അടുത്തിടെ രണ്ടു പ്രാവശ്യം പരിശോധന നടത്തിയിരുന്നു. രണ്ടിലും ഫലം നെഗറ്റീവായതോടെ ഭീതി പൂർണമായും ഒഴിഞ്ഞു. യുവാവിനെ അടുത്തയാഴ‌്ച ഡിസ്ചാർജ് ചെയ്യും.

 

ജൂൺ ഒന്നിന് നിപാ ബാധ സ്ഥിരീകരിച്ച റിപ്പോർട്ട് വന്നതുമുതൽ എറണാകുളം മെഡിക്കൽ കോളേജിൽ പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങി. ആരോഗ്യമന്ത്രിയും വകുപ്പുമേധാവികളും നേരിട്ട് നേതൃത്വം നൽകി. തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നടന്നത്. ആശുപത്രിയുടെ ഭരണവിഭാഗം ജീവനക്കാർ താമസിക്കുന്ന മൂന്നുനിലക്കെട്ടിടം ഒഴിപ്പിച്ച് അവിടെ ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചു. വെന്റിലേറ്ററുകൾ, ഓക്സിജൻ, ഐസിയു എന്നീ സംവിധാനങ്ങളും ഒരുക്കി.

30 കിടക്കയോടുകൂടിയതായിരുന്നു വാർഡ്. ഇവിടേക്കായി 70 ഡോക്ടർമാർ, 102 പാരാ മെഡിക്കൽ സ്റ്റാഫ്, 30 അറ്റൻഡർമാർ എന്നിവരുമുണ്ടായിരുന്നു. നിപാ വൈറസ് ബാധ കണ്ടെത്തുന്നതിന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പോയിന്റ‌് കെയർ ലാബ് തയ്യാറാക്കി. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലാണ് ഇത് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *