Tue. Apr 23rd, 2024

 

ഹോനോലുലു:

വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍നിന്ന് സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍കാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തെതുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

36000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് എയര്‍കാനഡയുടെ ബോയിങ് 777-200 വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങിയത്. 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരില്‍ മിക്കവരും സീറ്റില്‍നിന്ന് ഉയര്‍ന്ന് സീലിങ്ങില്‍ തലയിടിച്ചെന്നും യാത്രക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ മിക്കവര്‍ക്കും വിമാനത്തിന്റെ സീലിങ്ങില്‍തലഇടിച്ചാണ് പരിക്കേറ്റത്. ഇവരില്‍ ഒമ്ബതുപേരുടെ പരിക്ക് ഗുരുതരമാണ്.

സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് മറ്റൊരു യാത്രക്കാരന്‍ പ്രതികരിച്ചത്. ആകാശച്ചുഴിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ ഉയര്‍ന്നുപൊങ്ങുകയും തല സീലിങ്ങില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന ചെറിയ കുട്ടികളടക്കം പരിഭ്രാന്തരായി കരയാന്‍ തുടങ്ങിയതും ആശങ്കയിലാക്കി. തുടര്‍ന്ന് വിമാനം അടിയന്തരമായി ഹോനോലുലു വിമാനത്താവളത്തിലിറക്കി പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്‍കി. യാത്ര തടസപ്പെട്ടവര്‍ക്ക് ബദല്‍ക്രമീകരണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയതായും എയര്‍കാനഡ അറിയിച്ചു.

By Ishika

Leave a Reply

Your email address will not be published. Required fields are marked *