Fri. Mar 29th, 2024
സൗദി:

 

സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി സൗദി പ്രത്യേക ദീര്‍ഘകാല താമസപദ്ധതി ആരംഭിച്ചു. എട്ടുലക്ഷം റിയാല്‍ ഫീസില്‍ സ്ഥിരതാമസാനുമതിയും ഒരുലക്ഷം റിയാലിന് പുതുക്കാവുന്ന ഒരുവര്‍ഷം കാലാവധിയുള്ള താമസാനുമതിയുമാണ് പുതിയ പദ്ധതിയിലുള്ളത്. കഴിഞ്ഞമാസം മന്ത്രിസഭ അംഗീകരിച്ച പദ്ധതി ഞായറാഴ്ചയാണ് ഔദ്യോഗിക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമായത്. സ്വതന്ത്രമായ സഞ്ചാരം, വസ്തുവകകള്‍ സ്വന്തമാക്കാനുള്ള അനുവാദം, രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള അവകാശം എന്നിവ പുതിയ താമസാനുമതി വിദേശികള്‍ക്ക് ഉറപ്പുനല്‍കുന്നു.

നിലവില്‍ സ്പോണ്‍സര്‍ ഇല്ലാതെ ഒരാള്‍ക്കും രാജ്യത്ത് കഴിയാനാകില്ല. ഈ സംവിധാനത്തില്‍ വിദേശത്തൊഴിലാളിക്ക് രാജ്യം വിടണമെങ്കില്‍ സ്പോണ്‍സര്‍ എക്സിറ്റ്, റീ എന്‍ട്രി വിസ നല്‍കിയിരിക്കണം.
എന്നാല്‍, പുതിയ താമസപദ്ധതിയില്‍ വിസ ലഭിക്കുന്നവര്‍ തന്നെയായിരിക്കും അവരുടെ സ്പോണ്‍സര്‍. നിര്‍ദിഷ്ട കാര്‍ഡ് പദ്ധതിയിലൂടെ വര്‍ഷത്തില്‍ 10 ബില്യണ്‍ റിയാലില്‍ കുറയാത്ത വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

ഗ്രീന്‍ കാര്‍ഡ് മാതൃകയിലാണ് സൗദി പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി കുടിയേറ്റക്കാര്‍ക്ക് പത്തുവര്‍ഷത്തേക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാം. അതുകഴിഞ്ഞാല്‍ കാര്‍ഡ് പുതുക്കാം.

ഇതിനുപുറമെ വിദേശപ്രതിഭകള്‍ക്ക് ദീര്‍ഘകാലതാമസത്തിന് ഗോള്‍ഡന്‍ കാര്‍ഡും സൗദി പരിഗണിക്കുന്നുണ്ട്. ഇതിനാവശ്യമായ നടപടികള്‍ക്ക് തൊഴില്‍, സാമൂഹികവികസന മന്ത്രാലയം ഈ വര്‍ഷം ഏപ്രിലില്‍ തുടക്കമിട്ടു. സമാനമായ ദീര്‍ഘകാല താമസപദ്ധതി ഗോള്‍ഡ് കാര്‍ഡ് എന്ന പേരില്‍ ഈയിടെ യു.എ.ഇയും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *