Wed. Apr 24th, 2024
ചെല്ലാനം:

 

കടൽ ക്ഷോഭിച്ച നാളുകളിൽ റോസലിനും, അവരുടെ 86 വയസ്സായ അമ്മയും അവരുടെ വീട്ടിൽ തനിച്ചായിരുന്നു. രണ്ടാളും ഉറങ്ങിയിരുന്ന കിടക്ക വരെ വെള്ളം എത്തിയപ്പോഴാണ് കടൽ വെള്ളം വീട്ടിലെത്തി എന്ന് അവർ അറിയുന്നതുതന്നെ.

“അമ്മ കിടന്നിരുന്ന കിടക്ക വരെ വെള്ളം എത്തി. വീട്ടിൽ ഒറ്റയ്ക്കായിരുന്നതുകൊണ്ട് ഞാൻ വളരെ പരിഭ്രമിച്ചു. സഹായത്തിനായി പുറത്തേക്ക് ഓടേണ്ടിവന്നു,” കടലിനടുത്തുള്ള, മണ്ണൊലിപ്പ് കൊണ്ടു ദുരിതം നേരിടുന്ന ചെല്ലാനത്തെ ഒരു വീട്ടമ്മ പറഞ്ഞു. റോസലിൻ പങ്കുവെച്ച കഥ ഒറ്റപ്പെട്ടതല്ല. ഈ ഗ്രാമത്തിലെ ഏതു വീടു സന്ദർശിച്ചാലും, ഇത്തരം കഷ്ടപ്പാടു നിറഞ്ഞ വാക്കുകൾ നിങ്ങൾക്കു കേൾക്കാം.

കൊച്ചിയിലെ ഒരു തീരദേശമേഖലയാണ് ചെല്ലാനം. ഇവിടെയുള്ള ജനങ്ങളിൽ ഭൂരിഭാഗവും, ജീവനോപാധിയ്ക്കു വേണ്ടി കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികളാണ്.

മൂന്നു വർഷം മുമ്പാണ് ഇവിടെ കാര്യങ്ങൾ തകിടം മറയാൻ തുടങ്ങിയത്. ശരിയായി പരിപാലിക്കാതിരുന്ന കടൽ ഭിത്തികൾ, തകർന്നടിയാൻ തുടങ്ങുകയും, അത്, വീടുകളെ, അടിച്ചുയരുന്ന തിരമാലകളിൽ നിന്ന് സംരക്ഷിക്കാൻ കഴിയാത്ത വിധത്തിലാവുകയും ചെയ്തു.

2017 നവംബറിൽ ഓഖി ചുഴലിക്കാറ്റ് വന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ചെല്ലാനത്തെ ആളുകളുടെ വർഷങ്ങളായുള്ള പേടിയെ സ്ഥിരീകരിക്കുന്ന വിധത്തിൽ, ഓഖി വന്ന സമയത്ത് രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആ സംഭവത്തെത്തുടർന്ന്, ചെല്ലാനം നിവാസികൾ, ഈ മഴയ്ക്കു മുമ്പ് അവിടെ കടൽ ഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവെച്ചു.

ഒരുപാട് പ്രതിഷേധങ്ങളും, സമരങ്ങളും നടന്നു. രണ്ടു ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിൽ, 2018 മെയ് ൽ ചെല്ലാനത്തെ ജനങ്ങൾക്കായി ഒരു കടൽ ഭിത്തി കെട്ടാമെന്ന് കളക്ടർ സമ്മതിച്ചു. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റു ചെയ്യാൻ തുടങ്ങിയിരുന്നതുകൊണ്ട് ആ സംഭവം സംഘർഷഭരിതമായിരുന്നു.

പഴയ രീതിയിലുള്ള കടൽഭിത്തി മാറ്റി ജിയോ പൈപ്പുകൾ ഉപയോഗിച്ചുള്ള ഭിത്തി കെട്ടാൻ വേണ്ടി, സർക്കാർ എട്ടു കോടിയുടെ ഒരു പദ്ധതിയ്ക്ക് അനുമതി നൽകി. ജനുവരിയിൽ അനുവദിച്ച പദ്ധതി തീരേണ്ടത് ഈ വർഷം ഏപ്രിലിൽ ആയിരുന്നു. കടൽ ക്ഷോഭം അനുഭവിക്കുന്ന 5 പ്രദേശങ്ങളിൽ 145 ജിയോ പൈപ്പുകൾ സ്ഥാപിക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ, അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഉദാസീനത കാരണം, ചെല്ലാനത്തേയും, കമ്പനിപ്പടിയിലേയും, ബസാറിലേയും ജനങ്ങൾക്ക് ദുരിതപൂർണ്ണമായ ഒരു മഴക്കാലം കൂടെ കടന്നുപോകേണ്ടിവരുന്നു.

പശ്ചിമകൊച്ചി തീരസംരക്ഷണസമിതിയ്ക്ക് ഒരിക്കൽകൂടെ അവിടങ്ങളിൽ പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കേണ്ടി വന്നു.

ജിയോ പൈപ്പുകൾക്ക് 25 മീറ്റർ നീളവും, 4.5 മീറ്റർ വീതിയും ഉണ്ട്. അതിൽ മണൽ നിറച്ചാൽ അതിന്റെ ഒരു യൂണിറ്റ് 6 അടി നീളവും 9 മീറ്റർ വീതിയും ഉള്ളതാവും. ജോലി ചെയ്യാൻ വന്ന കരാറുകാരന് വൈദഗ്ദ്ധ്യം ഇല്ലാഞ്ഞതുകാരണം, പദ്ധതി വിജയിച്ചില്ലെന്നു ചെല്ലാനത്തെ ആളുകൾ പറയുന്നു. ഒരൊറ്റ പൈപ്പു പോലും സ്ഥാപിച്ചില്ല. രണ്ടെണ്ണം പകുതി നിർമ്മിച്ചെങ്കിലും മുങ്ങിപ്പോയി. വേണ്ടത്ര ചാക്കുകളും മണലും പഞ്ചായത്ത് നൽകിയില്ലെന്നും, സ്ഥലവാസികൾ ആരോപിക്കുന്നു.

“അവർ ജോലി കൃത്യസമയത്ത് തീർത്തിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഈ പ്രശ്നങ്ങളൊന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അവർക്ക് ഞങ്ങളുടെ വിഷമം മനസ്സിലാകില്ല. ഞങ്ങളുടെ ജീവനു വിലയില്ല. ഓഖിയിൽ ഞങ്ങളുടെ പലതും നഷ്ടപ്പെട്ടിട്ടും, ഞങ്ങൾക്ക് വെറും 1500 രൂപയാണു നൽകിയത്. ഞങ്ങൾക്കു നഷ്ടപ്പെട്ടതിനു തുല്യമാകുമോ അത്? എത്ര സമരങ്ങൾ ഞങ്ങൾ നടത്തി? എന്തെങ്കിലും ഒരു മാറ്റം ഉണ്ടായോ?” റോസലിൻ ചോദിക്കുന്നു.

സർക്കാർ, ജിയോ ബാഗുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് സ്ഥലവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

“ഞങ്ങൾക്ക് ജിയോ ബാഗുകൾ വേണ്ട. അതിലെ മണൽ അലിയുമ്പോൾ ബാഗ് വീഴുകയും, കീറുകയും, ചളിയ്ക്കൊപ്പം ഒഴുകാൻ തുടങ്ങുകയും ചെയ്യും.” ചെല്ലാനത്ത് താമസിക്കുന്ന സൌമ്യ പറഞ്ഞു.

ഗ്രാനൈറ്റ് കല്ലുകൾ ലഭ്യമാകാത്തതാണ്, കടൽ ഭിത്തിയുടെ പരിപാലനം നിലച്ചുപോവാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, “കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് കല്ല് ലഭിക്കാൻ യാതൊരു തടസ്സവുമില്ല. കൊച്ചിയിലെ കെട്ടിടങ്ങൾ നോക്കൂ. ലുലു ഗ്രൂപ്പിന് കൺവെൻഷൻ സെന്റർ കെട്ടാൻ ഇഷ്ടപോലെ കല്ലുകൾ കിട്ടിയല്ലോ. അതെവിടുന്നാണ്? അപ്പോൾ പ്രശ്നം ഒരു ഭാഗത്തു മാത്രമാണ്.” കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ഭാഗത്തുനിന്ന് പ്രതിഷേധം നടത്തുന്നവർ പറഞ്ഞു.

“കടലിൽ നിന്നുള്ള മണ്ണൊലിപ്പ് കൊച്ചി മുഴുവനും കടന്നുചെല്ലുമെന്ന് അവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട്, അതു ഞങ്ങളുടെ മാത്രം ആവശ്യമല്ല. കൊച്ചിയിൽ ജീവിക്കുന്ന ഓരോരുത്തരുടേയും പ്രശ്നമാണ്. സ്ഥിരമായ ഒരു പരിഹാരമുണ്ടാവുന്നതുവരെ ഞങ്ങളുടെ സമരം തുടരും.” അവർ കൂട്ടിച്ചേർത്തു.

ഈ വർഷം, മറ്റുള്ളവരെപ്പോലെ ദുരിതാശ്വാസ ക്യാമ്പിലേക്കു പോകാൻ ചെല്ലാനം നിവാസികൾ വിസമ്മതിച്ചു. “എല്ലാ വർഷവും, വ്യാജവാഗ്ദാനങ്ങൾ നൽകി ഞങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു പറഞ്ഞയയ്ക്കുകയാണ്. ഞങ്ങൾക്ക് അവരിൽ നിന്ന് ഒന്നും ആവശ്യമില്ല. ഞങ്ങൾക്ക് അവരുടെ പക്കൽ നിന്ന് ഭക്ഷണമോ പണമോ, വസ്ത്രങ്ങളോ ആവശ്യമില്ല. ശരിയായിട്ടുള്ള ഒരു കടൽ ഭിത്തി മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളൂ. ഞങ്ങൾ ദാനം ചോദിക്കുന്നില്ല.”

ഇപ്പോൾ, 350 വീടുകൾ കടൽഭിത്തിയില്ലാത്തതിന്റെ പ്രശ്നം നേരിടുന്നുണ്ട്. ഇത് ഇനിയും വർദ്ധിച്ചേക്കാം. ഞങ്ങൾ തീരത്തേക്ക് പോയപ്പോൾ, പോലീസുകാരും, കലക്ടറും ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതു കണ്ടു. സെയിന്റ് തെരേസ കോളേജിലെ വിദ്യാർത്ഥികളും, ചെല്ലാനം നിവാസികളും ചേർന്ന് മണൽച്ചാക്കുകൾ നിറയ്ക്കുന്നുണ്ടായിരുന്നു. പോലീസുകാർ വെറുതെ കാഴക്കാരായിട്ട് നോക്കിനിൽക്കുകയായിരുന്നു.

ചെല്ലാനത്തെ ജിയോ പൈപ്പ് പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ നിർദ്ദേശം കൊടുത്തിട്ടുണ്ടെന്ന് ജില്ലാകളക്ടർ കെ. മുഹമ്മദ വൈ. സഫീറുള്ള പറഞ്ഞു.

“കമ്പനിപ്പടിയിലേയും, വേളാങ്കണ്ണി പള്ളിക്കടുത്തും, ജിയോ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനം പൂർത്തിയാക്കാൻ ജലസേചനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിഗതിഗതികൾ വീക്ഷിക്കുകയും, ആവശ്യമുള്ള നടപടികൾ എടുക്കുകയും ചെയ്യും,” കളക്ടർ പറഞ്ഞു.

“എന്റെ വീട് മൂന്നു ദിവസത്തോളം വെള്ളവും ചെളിയും നിറഞ്ഞിട്ടായിരുന്നു. അധികാരികളെ അനുഗമിച്ചുകൊണ്ട് എത്ര പോലീസ് വാഹനങ്ങൾ ഇവിടെ വന്നു! ഞങ്ങൾ എങ്ങനെ ജീവിക്കുന്നെന്ന് ഒരാളുപോലും ചോദിച്ചില്ല. ഒരാളും ഞങ്ങളെ സഹായിച്ചില്ല. അവർ പിന്നെ ഇവിടെ വന്നിട്ടെന്തു കാര്യം?” എഴുപതുകാരിയായ ശാരദ ചോദിച്ചു.

സ്ഥായിയായിട്ടുള്ള എന്തെങ്കിലും പരിഹാരം കൊണ്ടു മാത്രമേ അവരെ രക്ഷിക്കാൻ സഹായിക്കൂ എന്ന് ചെല്ലാനം നിവാസിയായ സേവ്യർ പറഞ്ഞു. “നശീകരണം ദിനം പ്രതിയായി നടക്കുന്ന ഒന്നാണ്. ഓഖിയ്ക്കുശേഷം സാധാരണജീവിതത്തിലേക്കു വരാൻ മാസങ്ങളെടുത്തു. ഉപകരണങ്ങൾ, അലമാര, പാത്രങ്ങൾ, പുസ്തകങ്ങൾ ഒക്കെ നശിച്ചു. കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ പറ്റുന്നില്ല. ഞങ്ങൾ എല്ലാം ആദ്യം മുതൽക്കു തുടങ്ങണം,” സേവ്യർ പറഞ്ഞു.

ഇത്തരം ദുരിതങ്ങൾ കാരണം ചെല്ലാനം നിവാസികളുടെ ദൈനം‌ദിന കാര്യങ്ങൾ വളരെയേറെ ബാധിച്ചിട്ടുണ്ട്. ടോയ്ലറ്റുകളും, അടുക്കളും, മറ്റിടങ്ങളും മണൽ കേറി നിറഞ്ഞിട്ടുണ്ട്. അവർക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നില്ല, ശുദ്ധജലം കുടിക്കാൻ കിട്ടുന്നില്ല, കുട്ടികളെ സ്കൂളിൽ വിടാൻ കഴിയുന്നില്ല, ശരിക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല.

കേരളത്തിൽ പ്രളയം ഉണ്ടായ സമയത്ത് ചെല്ലാനത്തെ മത്സ്യത്തൊഴിലാളികൾ, ജനങ്ങൾക്കായി ഒരുപാട് സഹായങ്ങൾ ചെയ്തിരുന്നു. അവരെ “കേരളസൈന്യം” എന്നാണ് എല്ലാവരും വിശേഷിപ്പിച്ചത്. അതിനു പകരമായിട്ട് സമൂഹത്തിൽ നിന്നും അവർക്ക് അവഗണനയാണ് ഇപ്പോൾ കിട്ടുന്നത്.

“ഞങ്ങൾക്ക് പുകഴ്ത്തലുകളോ ദാനമോ ആവശ്യമില്ല. സുരക്ഷിതമായ വീടുകൾ മാത്രം മതി. ഞങ്ങൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയണം,” ഞങ്ങൾ തിരിച്ചുവരാനൊരുങ്ങുമ്പോൾ റോസലിൻ പറഞ്ഞു.

കാറ്റിൽ നിന്നും, തിരമാലകളിൽ നിന്നുമുള്ള നിരന്തരമായ ഭീതിയിൽ നിന്നും മോചനമാണ് അവർക്ക് ആകെ ആവശ്യമുള്ളത്. ഒരു ദിവസം തീരുമ്പോൾ, സുരക്ഷിതമായ വീട്ടിൽ സമാധാനമായൊരു ഉറക്കം ആണ് അവർക്കാവശ്യം. കാര്യങ്ങളെല്ലാം സാധാരണനിലയിലേക്ക് എത്തിച്ചേരണമെന്നതാണ് അവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *