Wed. Apr 24th, 2024

കഴിഞ്ഞ രണ്ടു വർഷത്തോളമായി സാനിറ്ററി നാപ്കിനുകൾക്ക് ബദലായി കേരളത്തിലെത്തിയ അതിഥിയാണ് മെൻസ്ട്രൽ കപ്പ്. ആർത്തവത്തിന്റെ ആരോഗ്യ പാരിസ്ഥിതിക വിഷയങ്ങൾ എങ്ങും ചർച്ചയായപ്പോൾ അതിനൊരു പരിഹാരം എന്ന നിലയിൽ കപ്പുകൾ വിപണിയിൽ പ്രത്യക്ഷപ്പെട്ടു. സുസ്ഥിര ആർത്തവ (Sustainable Menstruation) ത്തിനു പ്രാധാന്യം നൽകുന്ന ഉത്പന്നം കൂടെയാണ് ഇത്.

മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടാണ് ഈ കപ്പുകൾ നിർമ്മിക്കുന്നത്. കേട്ടിട്ട് ഭയപ്പെടേണ്ട, കുഞ്ഞുങ്ങൾക്ക് നൽകുന്ന പാൽകുപ്പിയിലെ നിപ്പിൾ തന്നെയാണ് ഇതിനു പിറകിലും. ആയതിനാൽ ശരീരത്തിന് ഹാനികരമായ പദാർത്ഥങ്ങൾ എന്ന ഭയം വേണ്ട.

കപ്പുകൾ എങ്ങനെ ഉപയോഗിക്കാം എന്ന സംശയമാണ് ഭൂരിഭാഗം വരുന്ന ആളുകൾക്കും. ആദ്യ തവണ ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. പക്ഷേ വളരെ ലളിതമാണ് ഇവ ധരിക്കാൻ. പല വിധത്തിൽ ഇവയെ മടക്കി യോനിക്കുള്ളിൽ പ്രവേശിപ്പിക്കാൻ സാധിക്കും. ഇതിനെകുറിച്ച് കൂടുതൽ അറിയാൻ യൂട്യൂബിൽ ധാരാളം വീഡിയോകൾ മലയാളത്തിൽ തന്നെ ലഭ്യമാണ്. ആറു മുതൽ പത്തു മണിക്കൂർ ഉപയോഗിക്കാം. അതുകഴിഞ്ഞ് ആർത്തവ രക്തം കളഞ്ഞ് കഴുകി പിന്നെയും ധരിക്കാം.

മൂന്നാമതായി പലരും ചിന്തിക്കുന്നത് ഇതിന്റെ വിലയെക്കുറിച്ചാണ്! എന്നാലിതാ മറ്റൊരു കിടിലൻ കാര്യം. 300 രൂപ മുതൽ 2000 രൂപയുടെ വരെ കപ്പുകൾ ഇപ്പോൾ ലഭ്യമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഇഷ്ടമായത് തിരഞ്ഞെടുക്കാം. ഇനി 300 രൂപയും കൂടുതലാണെന്ന് കരുതുന്നുണ്ടോ? ഒരു മാസം 40- 50 രൂപയുടെ പാഡുകൾ ഉപയോഗിക്കുമ്പോൾ ഒരു വർഷം 500 മുതൽ 600 രൂപ വരെ ചിലവ് വരും. എന്നാൽ ഒറ്റ തവണ 300 രൂപ കപ്പിന് വേണ്ടി ചിലവാക്കി കഴിഞ്ഞാൽ 8 മുതൽ പത്തു വർഷം വരെ ഇത് ഉപയോഗിക്കാം. സാമ്പത്തികമായും ഇവ ലാഭമല്ലേ?

ഇനി അല്പം പ്രകൃതി കാര്യങ്ങൾ പറയാം. ഒരു പാഡ് കത്തിച്ചു കളയുമ്പോൾ ഉണ്ടാവുന്ന അന്തരീക്ഷ മാലിന്യത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? സാനിറ്ററി നാപ്കിനുകൾ പൂർണമായും കത്തണമെങ്കിൽ 500 മുതൽ 600 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്. മിക്ക വീടുകളിലും നാപ്കിനുകൾ പൂർണമായും സംസ്കരിക്കാൻ സാധിക്കാറില്ല. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇവ സംസ്ക്കരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ ഇല്ലതാനും. പലപ്പോഴും ഇവ മാലിന്യങ്ങളായി തന്നെ അവശേഷിക്കുന്നു. ഇതിനു പരിഹാരമാണ് പുനരുപയോഗം സാധ്യമാവുന്ന കപ്പുകൾ.

ഇനി ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വശത്തേക്ക് വരാം. നാപ്കിനുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. യോനി ഭാഗത്തെ അലർജി മുതൽ ക്യാൻസറിന് വരെ ഇവ കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. കോട്ടൺ ആണെന്ന് പരസ്യത്തിൽ പറയുന്ന പല നാപ്കിനുകളിലും പ്ലാസ്റ്റിക് തന്നെയാണ് പ്രധാന അസംസ്കൃത വസ്തു. ഇതു കൂടാതെ ഇവയിൽ ഉൾപ്പെടുത്തുന്ന ജെല്ലികൾ ശരീരവുമായി ദീർഘ നേരം സമ്പർക്കത്തിൽ വരുന്നത് നല്ലതല്ല.

അവിവാഹിതയായ യുവതികൾ ഇവ ഉപയോഗിക്കരുത്, കന്യാ ചർമ്മം ഭേദിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന പേരിലാണ് പലരും ഇതിനെ എതിർക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയെ അടക്കി നിർത്താനുള്ള അടവുകൾ മാത്രമാണ് ഇൗ വാദമെന്ന് തിരിച്ചറിഞ്ഞാൽ ഇതിൽ കഴമ്പില്ലെന്ന് മനസ്സിലാവും.

Leave a Reply

Your email address will not be published. Required fields are marked *