Tue. Apr 23rd, 2024

ലോകത്ത് ടെക്നോളജി വർദ്ധിക്കുമ്പോൾ ഏറ്റവുമധികം തൊഴിൽ അവസരമുണ്ടാവുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. എന്നാൽ അവസരങ്ങൾ വർദ്ധിക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ആഴ്ചയിലെ ആറ് ദിവസവും പന്ത്രണ്ട് മണിക്കൂർ വരെ ജോലി ചെയ്യണം, അവധി ആഴ്ചയിൽ ഒരു ദിവസം മാത്രം.

ടെക്നോളജി വർദ്ധിക്കുമ്പോൾ ആ രംഗത്ത് വൻ തോതിലാണ് തൊഴിലവസരങ്ങൾ ഉയർന്നു വന്നത്. പ്രോഗ്രാമിങ് ഉൾപ്പെടെയുള്ള മേഖലകളിൽ വൻ തോതിൽ ഡിമാൻഡ് വർദ്ധിച്ചു. പക്ഷേ വൻകിട കോർപ്പറേറ്റ് കമ്പനികൾ ഈ തൊഴിലാളികളുടെ അധ്വാനത്തെ ചൂഷണം ചെയ്യുകയാണ്. ഇത് തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള ശേഷിയെ മോശമായി ബാധിക്കുന്നു. ഇത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമായി തീരുന്നു.

ഈ മേഖലയിൽ ജോലി ചെയ്യുന്ന പലരും യുവതീ യുവാക്കളാണ്. മുപ്പതു വയസ്സിനു മുൻപു തന്നെ ഇവരിൽ മാരകമായ ആരോഗ്യ പ്രശ്നങ്ങളും കണ്ട് വരുന്നുണ്ട്. കഴുത്തിനും നട്ടെല്ലിനും ഗുരുതരമായ പ്രശ്നങ്ങളാണ് പന്ത്രണ്ട് മണിക്കൂർ ഇരുന്നു ജോലി ചെയ്യുന്ന ഇവരിൽ പ്രധാനമായും കണ്ടു വരുന്നത്. കൂടാതെ, അമിതമായ ഉത്കണ്ഠ, മാനസിക സമ്മർദ്ദം മുതലായ മാനസിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജോലി ഭാരം മൂലം കുടുംബത്തിന്റെ കൂടെയോ സുഹൃത്തുക്കളുടെ കൂടെയോ സമയം ചിലവഴിക്കാനും സാധിക്കുന്നില്ല. ഇതും മാനസിക പ്രശ്നങ്ങളിലേക്ക് തള്ളി വിടുന്നു. ചൈനയിലെ ഈ തൊഴിൽ സമയത്തെ 996 എന്നാണ് പറയപ്പെടുന്നത്. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ, ആഴ്ചയിൽ ആറ് ദിവസം എന്നാണ് ഇത് കൊണ്ട് സൂചിപ്പിക്കുന്നത്. ഇത്രയും മണിക്കൂറുകൾ നീണ്ട കടുത്ത അധ്വാനത്തിനു ശേഷം രാത്രി വൈകിയാണ് പലരും വീടെത്തുന്നത്. ഇവർക്ക് കൃത്യമായ ഉറക്കവും ലഭിക്കുന്നില്ല.

എന്നാൽ ഇവർ ചെയ്യുന്ന ജോലിക്കുള്ള വേതനവും അംഗീകാരവും ഇവർക്ക് ലഭിക്കുന്നില്ല. ഇതും പലരെയും മാനസികമായി തളർത്തുന്ന ഘടകമാണെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. മറ്റു വിദേശ രാജ്യങ്ങളായ ബ്രിട്ടൺ, അമേരിക്ക, ജർമനി എന്നിവയെ താരതമ്യം ചെയ്യുമ്പോൾ ചൈനയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ഒഴിവു സമയം വളരെ പരിമിതമാണ്. ശരാശരി ചൈനീസ് തൊഴിലാളിക്ക് ദിവസം രണ്ടര മണിക്കൂർ മാത്രമാണ് വിശ്രമം ലഭിക്കുന്നത്.

അയൽ രാജ്യങ്ങളായ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും ഇതേ അവസ്ഥ തന്നെയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഇത്തരം മനുഷ്യത്വ രഹിതമായ പ്രവർത്തികൾ ഇപ്പോൾ ലോകത്തിന് മുന്നിൽ ചർച്ചയായിട്ടുണ്ട്.

By Ishika

Leave a Reply

Your email address will not be published. Required fields are marked *