Thu. Apr 25th, 2024

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ചരിത്ര വിജയം നേടിയെങ്കിലും 133 വർഷത്തെ പാരമ്പര്യമുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസ്സ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 1984 ൽ ഇന്ത്യയിൽ 49% വോട്ടു നേടി 415 പേരുമായി രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ്സ് 2014 ആയപ്പോഴേക്കും 44 എം.പി മാരിലേക്കു ചുരുങ്ങിയിരുന്നു. അവിടെ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ് പ്രതീക്ഷിച്ച് ഇത്തവണ അരയും തലയും ഇറങ്ങിയ പാർട്ടിക്ക് വെറും എട്ടു സീറ്റുകൾ വർദ്ധിപ്പിച്ച് 52 സീറ്റുകളിൽ മാത്രമേ വിജയം നേടാൻ കഴിഞ്ഞുള്ളു.

മാത്രവുമല്ല, നെഹ്‌റു കുടുംബം പതിറ്റാണ്ടുകൾ കൈവശം വെച്ച അമേഠി മണ്ഡലത്തിൽ കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി അര ലക്ഷത്തിലധികം വോട്ടുകൾക്ക് ദയനീയമായി തോൽക്കുകയും ചെയ്തു. പ്രധാനമന്ത്രി പദം പ്രതീക്ഷിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു മുഖ്യ ദേശീയ പാർട്ടിക്ക് പ്രതിപക്ഷ നേതാവിന് അവകാശവാദം ഉന്നയിക്കാനുള്ള പത്തു ശതമാനം സീറ്റുകൾ പോലും ലഭിച്ചില്ല എന്നുള്ളത് എത്ര പരിതാപകരമാണ്.

ഇത്തവണ തിരഞ്ഞെടുപ്പിൽ 13 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസ്സിന് ഒരു സീറ്റു പോലും നേടാനായില്ല. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസ്സ് ആവിയായിപ്പോയി. ഒരു കാലത്തു കോൺഗ്രസ്സ് ഭരിച്ചിരുന്ന ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, മണിപ്പുര്‍, മിസോറം, രാജസ്ഥാന്‍, സിക്കിം, ത്രിപുര, നാഗാലാന്‍ഡ്, ഡല്‍ഹി, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് കോൺഗ്രസ്സ് സംപൂജ്യരായത്. മത്സരിച്ച പ്രമുഖ നേതാക്കൾ എല്ലാവരും തന്നെ തോറ്റു പോയി. ബിഹാര്‍, ഗോവ, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, പുതുച്ചേരി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ലഭിച്ചത് ഓരോ സീറ്റ് വീതം മാത്രമാണ്.

എവിടെയാണ് കോൺഗ്രസ്സിന് തിരിച്ചടി പറ്റിയതെന്ന് വിശകലനം ചെയ്താൽ കോൺഗ്രസ് തൊട്ടതെല്ലാം പിഴച്ചു എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. 2014 ൽ നിന്നും വ്യത്യസ്തമായി ശുഭപ്രതീക്ഷയോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്ര സർക്കാരിനെതിരെ ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാകുന്ന ഒരു ഭരണവിരുദ്ധവികാരം കോൺഗ്രസ്സിന് ഗുണകരമാകുമെന്നു സൂചനകൾ ഉണ്ടായിരുന്നു. പോരാത്തതിന് വടക്കേ ഇന്ത്യയിലെ 3 പ്രധാന സംസ്ഥാനങ്ങളിൽ ഒരു പതിറ്റാണ്ടിനു ശേഷം വമ്പൻ തിരിച്ചു വരവ് നടത്താൻ സാധിച്ചത് പ്രതീക്ഷകളെ വാനോളം ഉയർത്തി. എന്നാൽ നിർണ്ണായകമായ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയും, പ്രചാരണ മികവുകൊണ്ടും ബി.ജെ.പി. അധികാര തുടർച്ച നേടുന്നതും, കോൺഗ്രസ്സിന്റെ സ്ഥിതി കൂടുതൽ പരുങ്ങലിൽ ആകുന്നതുമാണ് 2019 തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം.

ബി.ജെ.പിയുടെ വിജയം വോട്ടിങ് മെഷീനിലെ കള്ളക്കളികൾ ആണെന്ന് ഇപ്പോളും വലിയൊരു വിഭാഗം വിശ്വസിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ കോൺഗ്രസ്സിന് അതിനെ പഴി പറയാൻ ആകില്ല. പ്രത്യേകിച്ചും കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളും ബി.ജെ.പി തൂത്തു വാരിയ പശ്ചാത്തലത്തിൽ. ജനങ്ങളെ വർഗ്ഗീയമായി വിഘടിക്കുന്നതിൽ വിജയിച്ച ബി.ജെ.പി ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടുകൾ ഏകീകരണം നടത്തിയതാണ് ഇത്ര വലിയൊരു വിജയത്തിന് കാരണമെന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാം. കാരണം വർഗ്ഗീയത അത്രമാത്രം മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നു. പക്ഷെ ബി.ജെ.പിയുടെ ആ നീക്കങ്ങളെ ഒരിടത്തും ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസ്സിന് ആയില്ല. ഫലമോ അനിവാര്യമായ തോൽവിയും. കോൺഗ്രസ്സിന് ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടികളെക്കുറിച്ചു പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

ഒരേയൊരു രാഹുൽ

കോൺഗ്രസ്സിന്റെ മുൻ അധ്യക്ഷൻമാരിൽ നിന്നും വിഭിന്നമായി പാർട്ടി വലിയൊരു പടുകുഴിയിൽ കിടക്കുമ്പോൾ ആയിരുന്നു രാഹുൽ ഗാന്ധിക്ക് അതിന്റെ അമരക്കാരനാകേണ്ടി വന്നത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ ‘അമുൽ ബേബി, പപ്പു’ എന്നൊക്കെ വിളിച്ചിട്ടുള്ള രാഷ്ട്രീയ എതിരാളികളെകൊണ്ടും, മാധ്യമങ്ങളെക്കൊണ്ടും നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മികവുറ്റ ഒരു നേതാവായി മാറി എന്ന് മാറ്റി പറയിക്കാൻ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് രാഹുലിന് കഴിഞ്ഞിട്ടുണ്ട്. രാഹുൽ അധ്യക്ഷനായ ശേഷം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നെ നിർണായക സംസ്ഥാനങ്ങൾ തിരിച്ചു പിടിക്കാൻ കോൺഗ്രസ്സിന് സാധിച്ചിരുന്നു. കർണ്ണാടകയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ ചെറിയ കക്ഷിയായ ജെ.ഡി.എസിനു മുഖ്യമന്ത്രി പദം കൊടുത്ത രാഷ്ട്രീയ നീക്കത്തിനും കയ്യടി ലഭിച്ചിരുന്നു.

ഇതൊക്കെയാണെങ്കിലും കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളിൽ നിന്നും ആവശ്യത്തിനുള്ള പിന്തുണ രാഹുലിന് ലഭിക്കുന്നുണ്ടോ എന്നുള്ള കാര്യം ഇനിയും സംശയമാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള പ്രവർത്തക സമിതി യോഗത്തിൽ സ്വന്തം മക്കൾക്ക് സീറ്റ് വാങ്ങിച്ചെടുക്കാനാണ് മുതിർന്ന നേതാക്കളായ ചിദംബരവും, കമല്‍നാഥും, അശോക് ഗെഹ്‌ലോട്ടും ശ്രമിച്ചതെന്നും പാർട്ടിയെ ജയിപ്പിക്കാനല്ല ശ്രമിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ കോൺഗ്രസ്സ് ഹൈക്കമാന്റിൽ ഉള്ള മുതിർന്ന നേതാക്കൾ എല്ലാം തന്നെ ഇന്ദിരാഗാന്ധിയുടെ കാലംമുതൽ രാഷ്ട്രീയത്തിൽ ഉള്ളവരാണ്. അവർക്കു ഇപ്പോളും സോണിയ ഗാന്ധിയുടെ കയ്യിൽ തൂങ്ങി നടന്നിരുന്ന കൊച്ചു പയ്യനാണ് രാഹുൽ. കോൺഗ്രസ്സ് അധ്യക്ഷന്റെ വില അവർ രാഹുലിന് കല്പിക്കുന്നുണ്ടോ എന്ന് സംശയിക്കാൻ അതാണ് കാരണം.

രാഹുൽ വളർത്തിക്കൊണ്ടുവരുന്ന ‘രാഹുൽ ബ്രിഗേഡ്’ അംഗങ്ങങ്ങളെയും മുതിർന്ന നേതാക്കൾ ഉൾക്കൊണ്ടിട്ടില്ല. ഇതാണ് സ്ഥാനാർത്ഥി നിർണായ സമയത്തു വീണ്ടും മുതിർന്ന നേതാക്കളുടെ അടുപ്പക്കാർക്കു മാത്രം സീറ്റ് ലഭിക്കുന്നത്. രാഹുലിന്റെ ഈ തിരഞ്ഞെടുപ്പിലെ ‘ചൗക്കിദാർ ചോർ ഹേ” എന്ന മുദ്രാവാക്യം മുതിർന്ന നേതാക്കളാരും ഏറ്റുപിടിച്ചില്ലെന്നു ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെക്കുറെ ഒറ്റയാൾ പട്ടാളമായി രാഹുൽ മാറുന്നതാണ് കണ്ടത്.

കാലത്തിനൊത്തു സഞ്ചരിക്കാത്ത നേതാക്കൾ

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തു വന്നെങ്കിലും ഒരു തലമുറ മാറ്റം കോൺഗ്രസ്സ് നേതൃത്വത്തിൽ ഇനിയും സാധ്യമായിട്ടില്ല. മുപ്പതു വർഷത്തിന് മേലെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാക്കളാണ് പ്രവർത്തക സമിതിയിൽ ഭൂരിഭാഗവും. അവർ പണ്ട് മുതൽ ശീലിച്ചു വന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അനുകൂലമായ ജീവിത സാഹചര്യങ്ങളല്ല ഇന്നുള്ളത്. അതുകൊണ്ടു തന്നെ ലോകത്തു വിവര സാങ്കേതിക വിദ്യയിൽ വന്ന കുതിച്ചു ചാട്ടങ്ങളും, അത് രാഷ്ട്രീയ പ്രവർത്തനത്തിന് സഹായകരമായി എങ്ങനെ ഉപയോഗിക്കാം എന്നും ഈ പഴയ തലമുറ നേതാക്കൾക്ക് ധാരണ ഉണ്ടായിരുന്നില്ല. ഇന്റർനെറ്റ് ലോകത്തെ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ്സ് അതിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ വളരെയധികം വൈകിപ്പോയി. പക്ഷെ തുടക്കം മുതൽ തന്നെ വളരെ ആസൂത്രണ മികവോടെ ഐ.ടി സാധ്യതകൾ ഉപയോഗിച്ച് ജനങ്ങളിലേക്ക് തങ്ങളുടെ ആശയങ്ങളും, നേട്ടങ്ങളും കടത്തി വിട്ടതിന്റെ വിജയമാണ് ബി.ജെ.പി ഇന്ന് ആഘോഷിക്കുന്നത്.

മറ്റൊരു പ്രശ്നം, എത്ര വയസ്സായാലും തങ്ങളുടെ കസേരകൾ വിട്ടുകൊടുക്കാനുള്ള കോൺഗ്രസ്സ് നേതാക്കളുടെ വിമുഖതയാണ്. ഈയടുത്തു നടന്ന രാജസ്ഥാൻ, മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ്സിന് അവിടെ സച്ചിൻ പൈലറ്റിനെയും, ജ്യോതിരാദിത്യ സിന്ധ്യയെയും മുഖ്യമന്ത്രിമാരാക്കി യുവതലമുറയെ ആകർഷിക്കാൻ വലിയൊരു അവസരമാണ് ലഭിച്ചതെങ്കിലും, മുതിർന്ന നേതാക്കളുടെ സമ്മർദ്ദ തന്ത്രങ്ങൾക്കൊടുവിൽ അവർ പിന്നണിയിലേക്കു മാറേണ്ടി വന്നു. ഇത്തരത്തിൽ ഓരോ സംസ്ഥാനങ്ങളിലും പ്രാദേശികമായി വളർന്നു വരുന്ന ജനകീയരായ ചെറുപ്പക്കാരെ വളർത്തി നേതാക്കളാക്കുന്നതു ഇത്തരം രാഷ്ട്രീയ പെരുന്തച്ചന്മാർ തുരങ്കം വെക്കുകയാണ്.

മാത്രമല്ല ഡൽഹിയിൽ ഇരിക്കുന്ന ഈ നേതാക്കൾക്ക് ഗ്രൗണ്ട് റിയാലിറ്റി ഒട്ടും അറിയുന്നവരല്ല. അഥവാ അറിഞ്ഞാൽ പോലും അവർ ഗൗനിച്ചില്ല. യാഥാസ്ഥികരായ സീനിയർ നേതാക്കളോട് സംസാരിക്കുന്നതിനു പകരം രാഹുൽഗാന്ധി അദ്ദേഹം തിരഞ്ഞെടുത്ത ഒരു ഉപദേശകവൃന്ദത്തോട് മാത്രമായിരുന്നു കാര്യങ്ങൾ ചർച്ച ചെയ്തിരുന്നത്. അങ്ങനെ ഒരു കൂട്ട് ഉത്തരവാദിത്വത്തിന്റെ കുറവ് കോൺഗ്രസ്സ് നേതൃത്വ നിരയിൽ പ്രകടമായിരുന്നു.

പണ്ട് ഇന്ദിരയുടെയും, ഗാന്ധിജിയുടെയും ഒരു പടം വെച്ചാൽ ആളുകൾ വന്നു കൈപ്പത്തിക്ക് വോട്ടു ചെയ്തു പോകുന്ന കാലം മാറി എന്ന് സീനിയർ നേതാക്കൾ തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ അറിഞ്ഞാലും താഴെക്കിടയിൽ വന്നു പ്രവർത്തിക്കാൻ സന്നദ്ദമാകുന്നില്ല. ഇതോടെ കോൺഗ്രസ്സ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ നിന്നും ഒലിച്ചു പോകുകയാണ്.

സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ

ഒരു കേഡർ പാർട്ടി അല്ലാത്ത കോൺഗ്രസ്സിന് അതിന്റെതായ പോരായ്മകൾ ധാരാളമായുണ്ട്. നെഹ്‌റു കുടുംബത്തിനോടുള്ള ഒരു ജനപ്രിയതയുടെ പുറത്താണ് അതിനു കുറച്ചെങ്കിലും ഒരു കേന്ദ്രീകൃത സ്വഭാവം കൈവരുന്നത്. അതുകൊണ്ടാണ് ഇലക്ഷൻ തോൽവിയുടെ പശ്ചാത്തലത്തിൽ രാഹുൽ മാറി നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാളെ അധ്യക്ഷനാക്കിയാൽ അത് ആത്മഹത്യാപരമായിരിക്കും എന്ന് മിക്കവരും കരുതുന്നത്.

ഇക്കാലത്തു കോൺഗ്രസ്സ് നേരിടുന്ന വലിയ പ്രതിസന്ധി സ്ഥാനങ്ങളും, പണവും മോഹിച്ചു കൂറുമാറുന്ന നേതാക്കളാണ്. മഹാരാഷ്ട്ര പി.സി.സി അധ്യക്ഷൻ പോലും മകന് സീറ്റ് കൊടുക്കാത്ത വിഷയത്തിൽ പാർട്ടി വിട്ടു പോയി. ചാനലുകളിൽ കോൺഗ്രസ്സിന്റെ മുഖമായിരുന്നു ടോം വടക്കനും, പ്രിയങ്ക ചതുർവേദിയും ഇന്ന് സംഘപരിവാർ പാളയത്തിലാണ്. അത്തരം നൂറുകണക്കിന് അവസരവാദികളായ നേതാക്കളെ പാർട്ടിയിൽ ഉറപ്പിച്ചു നിർത്താനോ, അവരുടെ ചാഞ്ചാട്ടം മുൻകൂട്ടി കാണാനോ കോൺഗ്രസ്സിന് കഴിയുന്നില്ല. ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ഇക്കാലത്തു ഡി.കെ.ശിവകുമാറിന്റെ പോലുള്ള ക്യാമ്പ് മാനേജർമാർ ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് ജയിച്ചാൽ പോലും തങ്ങളുടെ ജനപ്രതിനിധികളെ അമിത് ഷാ ടീമുകൾ ചോർത്തി കൊണ്ട് പോകുന്നത് കോൺഗ്രസ്സ് കരുതിയിരിക്കണം.

കേരളം ഒഴിച്ച് ഒരു സംസ്ഥാനത്തും കോൺഗ്രസ്സ് നേതാക്കൾ താഴെക്കിടയിൽ കാര്യമായി പണിയെടുക്കുന്നില്ല എന്നതാണ് അവസ്ഥ. കേരളത്തിൽ കോൺഗ്രസ്സിന് ലഭിച്ച മൃഗീയ ഭൂരിപക്ഷം പോലും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഹൈന്ദവ, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മൂലമാണെന്ന് വ്യക്തമാണ്. അതിനാൽ തന്നെ അതൊരു താൽക്കാലിക പ്രതിഭാസം മാത്രമായിരിക്കും. അതുകൊണ്ട് കമ്മറ്റികൾ പുനഃസംഘടിപ്പിച്ച് സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതോടൊപ്പം പുതിയ നേതാക്കളെ കണ്ടെത്തി പരിശീലിപ്പിക്കുകയും, അവർക്കു വളർന്നു വരാനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയും, ജനകീയ വിഷയങ്ങളിൽ ഏർപ്പെടുകയും ചെയ്തില്ലെങ്കിൽ ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്സ് പരാജയം ഒരു തുടർക്കഥയാകും.

ഇതിനൊരു അപവാദം കേരളം മാത്രമാണ്. “എന്റെ ബൂത്ത് എന്റെ അഭിമാനം” എന്ന കെ.പി.സി.സിയുടെ കാമ്പയിൻ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ്  ഘടകങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ്.  ഫണ്ടിന്റെ അപര്യാപ്തതയും ഒരു വിഷയമാണ്. ഇക്കാലത്തു പൈസ വാങ്ങാതെ പാർട്ടിക്ക് വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താൻ തയ്യാറായവർ കുറവാണ്. അതും കോൺഗ്രസ്സിന് ഇത്തവണ തിരിച്ചടി നേരിടാൻ ഒരു ഘടകമായിരുന്നു.

പ്രചാരണത്തിലെ പാളിച്ചകൾ:

ഇപ്പോൾ സോഷ്യൽ മീഡിയയുടെ യുഗമാണ്. മറ്റു ഏതു മാധ്യമങ്ങളെക്കാൾ ജനങ്ങൾ ഇപ്പോൾ താത്പര്യപ്പെടുന്നത് സോഷ്യൽ മീഡിയ ആണ്. സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ ബി. ജെ.പി യുടെ ഹൈടെക്ക് പ്രചാരണ തന്ത്രങ്ങൾക്ക് മുന്നിൽ കോൺഗ്രസ്സിന് ഇനിയും പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. “അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” എന്ന രഹസ്യ സംഘടന ക്രോഡീകരണം നടത്തുന്ന ലക്ഷക്കണക്കിന് വളണ്ടീയർമാരാണ് സാമൂഹിക മാധ്യമങ്ങളിൽ ബി.ജെ.പിയുടെ ശക്തി. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള ക്ഷേമ പദ്ധതികളിലെ ഉപഭോക്താക്കളെ കണ്ടെത്തി അവരോട് സംവദിച്ചു അവരുടെ വോട്ടു ഉറപ്പിക്കുന്നതാണ് ബി.ജെ.പി യുടെ പ്രചാരണ രീതി. ഇത്തരത്തിൽ 22 കോടി ഉപഭോക്താക്കളുടെ ഡാറ്റ ബാങ്ക് ബി.ജെ.പി ഐ.ടി സെൽ ശേഖരിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ പദ്ധതികളായ പ്രധാൻമന്ത്രി മുദ്രയോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സ്വഛ് ഭാരത് അഭിയാൻ എന്നിവയെക്കുറിച്ചെല്ലാം ആവർത്തിച്ചാവർത്തിച്ചു കഴിഞ്ഞ അഞ്ചു വർഷമായി ബി.ജെ.പിയുടെ ഐ.ടി സെൽ പ്രചാരണം നടത്തുന്നു. ഇതിൽ മിക്കവാറും പദ്ധതികളും കഴിഞ്ഞ യു.പി.എ സർക്കാരിന്റെ പദ്ധതികളുടെ പേര് മാറ്റിയതെന്നാണ് രസകരം.

ബി.ജെ.പിക്കുവേണ്ടി അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ് സെറ്റ് ചെയ്ത അജണ്ടയ്ക്ക് അനുസരിച്ചാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടവും കടന്നു പോയത്. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങൾക്ക് മുമ്പും ആ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയം ഉയർത്തിക്കൊണ്ടു വന്ന് തങ്ങളുടെ പദ്ധതി അനുസരിച്ച് തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടുപോകാൻ അതുകൊണ്ട് ബി.ജെ.പി ക്കു സാധിച്ചു. ഉദാഹരണമായി പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേയാണ് സിഖ് കലാപവും രാജീവ് ഗാന്ധിയുമൊക്കെ മോദി ഉയർത്തികൊണ്ടുവന്നത്. വാരണസിയിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെ കേദാർനാഥിലെ ഗുഹയിൽ മോദി ധ്യാനിച്ചിരുന്നത് ആ മണ്ഡലങ്ങളിലെ ശിവഭക്തരെ സ്വാധീനിക്കാനായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു പ്രചാരണ തന്ത്രങ്ങളും ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല.

അതെ മാതൃകയിൽ വിപുലമായ ഒരു പ്രചാരണ സംവിധാനമാണ് കോൺഗ്രസ്സിന് ആവശ്യം. ഇപ്പോൾ കോൺഗ്രസ്സിന്റെ ഐ.ടി പ്രചാരണങ്ങൾ എല്ലാം തന്നെ ശൈശവ ദശയിലാണ്. അതിലുപരി പ്രചാരണങ്ങൾക്ക് ഒരു ഏകീകൃത രൂപമില്ല. ഉണ്ടെങ്കിൽ തന്നെ അത് താഴെക്കിടയിൽ എത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമുള്ള ഒരു സംവിധാനം ആകാതെ നിരന്തരം ആശയ പ്രചാരണം നടത്തുന്നതിനും, ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിനും സാമൂഹ്യ മാധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിക്കാതിരുന്നതാണ് കോൺഗ്രസ്സിന്റെ ദുരവസ്ഥക്ക് ഒരു കാരണം. ഇത് മൂലം കോൺഗ്രസ്സിന്റെ വാഗ്ദാനങ്ങളും നയങ്ങളും ജനങ്ങൾ അറിയാതെ പോയി.

രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ലഭിക്കുന്ന ന്യായ് പദ്ധതി കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ജനങ്ങളിലേക്ക് വേണ്ട വിധത്തിൽ എത്തിക്കുന്നതിൽ കോൺഗ്രസ്സ് മാധ്യമ വിഭാഗങ്ങൾ കനത്ത പരാജയം ആയിരുന്നു. കർഷക പ്രശ്നങ്ങളിൽ ഊന്നിയുള്ള പ്രചാരണത്തിനും കോൺഗ്രസ്സ് താല്പര്യം കാണിച്ചില്ല. എന്നാൽ ബി.ജെ. പി, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്നേ ആറായിരം രൂപ കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച് കർഷക വോട്ടുകൾ പെട്ടിയിലാക്കി. ആറു മാസം മുന്നേ അട്ടിമറി വിജയത്തിലൂടെ അധികാരത്തിലേറിയ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോൺഗ്രസ്സ് സർക്കാരുകൾ കർഷക കടങ്ങൾ എഴുതി തള്ളുമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും അത് നടപ്പിൽ വരുത്താനുള്ള കാല താമസം മൂലം നിയമ സഭ തിരഞ്ഞെടുപ്പിൽ ലഭിച്ച മുൻതൂക്കം ചെറുതായി പോലും നിലനിർത്താൻ കഴിഞ്ഞില്ല.കോൺഗ്രസ്സ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലെ 65 ലോക്സഭാ സീറ്റുകളിൽ വെറും മൂന്നെണ്ണമാണ് വിജയിക്കുവാൻ സാധിച്ചത് എന്നത് തന്നെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ പാളിച്ചകളിലേക്കു വിരൽ ചൂണ്ടുന്നു.

അവസാന നാളുകളിൽ പ്രിയങ്ക ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയത് കതിരിന്മേൽ വളം വെക്കുന്നതിനു തുല്യമായി. അവർക്കു ചുമതല കൊടുത്ത കിഴക്കൻ യു.പിയിൽ ദയനീയമായി പാർട്ടി തോറ്റു. പ്രിയങ്കയെ രാഷ്ട്രീയത്തിൽ ഇറക്കാൻ ഒരു പത്തു വർഷം എങ്കിലും കോൺഗ്രസ്സ് വൈകിപ്പോയിരുന്നു. പ്രിയങ്കയുടെ ഭർത്താവിന്റെ സുതാര്യമല്ലാത്ത ബിസിനസുകളും അവർക്കു പാരയാകുകയാണ്. ബി.ജെ.പി അതുപയോഗിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതും കോൺഗ്രസ്സിന് പ്രിയങ്കയെ വേണ്ട വിധത്തിൽ പ്രചാരണത്തിന് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നതിനു കാരണമാകുന്നു.

ബി.ജെ.പിയുടെ വർഗ്ഗീയതയും, ദേശീയതയും കൂട്ടികുഴച്ച പ്രചാരണങ്ങൾ നേരിടാൻ കഴിയാതെ പലപ്പോളും കോൺഗ്രസ്സ് പ്രതിരോധത്തിൽ ആകുകയാണ്. പുൽവാമ ആക്രമണത്തെ തുടർന്ന് പാകിസ്ഥാനെ ആക്രമിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു എന്ന് കോൺഗ്രസ്സിന് സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് പാകിസ്ഥാൻ ആക്രമണത്തിന്റെ തെളിവുകൾ ചോദിച്ചത് പോലും കോൺഗ്രസ്സിന് രാജ്യസ്നേഹമില്ല എന്ന രീതിയിൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്.

കാലുവാരുന്ന സഖ്യങ്ങൾ :

അതാതു സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി സഖ്യത്തിലേർപ്പെടുന്നത് കോൺഗ്രസ്സിന് താൽക്കാലിക ലാഭം ഉണ്ടാകുമെങ്കിലും ദീർഘകാലത്തേക്ക് അത് ഉപകാരപ്പെടില്ല. ഇത്തവണ പോലും തിരഞ്ഞെടുപ്പിന് മുന്നേ ബി.ജെ.പി ക്കു സീറ്റുകൾ കുറയും എന്ന പ്രചാരണം വന്നപ്പോൾ മുതൽ മായാവതി, മമത, അഖിലേഷ്, ചന്ദ്രശേഖര റാവു, ചന്ദ്രബാബു നായിഡു തുടങ്ങിയ സംസ്ഥാന നേതാക്കൾ പ്രധാനമന്ത്രി പദം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഈ പാർട്ടികളുമായ സഖ്യങ്ങൾ അവർക്കു മാത്രം ഗുണകരവും കോൺഗ്രസ്സ് അവിടെ വേര് പിടിക്കാതിരിക്കാനും കാരണമാകുന്നു എന്നാണു അനുഭവം.

നിർണ്ണായക സമയത്തു കോൺഗ്രസ്സിനെ കാലുവാരി ബി.ജെ.പി ക്കൊപ്പം പോകാൻ മടിക്കാത്തവരാണ് ഇക്കൂട്ടർ. അതിനു ഏറ്റവും നല്ല ഉദാഹരണം തമിഴ്നാടാണ്. രാജീവ് ഗാന്ധിയുടെ മരണത്തിനു കാരണമായത് എ.ഐ.ഡി.എം കെ പ്രചാരണ വേദിയിൽ പ്രസംഗിക്കാൻ പോയിട്ടായിരുന്നു. ആ എ.ഐ.ഡി.എം.കെ ഇന്ന് ബി.ജെ.പി പാളയത്തിലാണ്. ഇപ്പോൾ കൂടെയുള്ള ഡി.എം.കെ ക്കും സംസ്ഥാന താല്പര്യങ്ങൾ കഴിഞ്ഞുള്ള കോൺഗ്രസ് സ്നേഹം മാത്രമേയുള്ളു എന്നത് പലതവണ തെളിഞ്ഞതാണ്. ഡി.എം.കെ 2 ജി സ്പെക്ട്രം അഴിമതിയിലൂടെ യു.പി.എ സർക്കാരിന് ചാർത്തി കൊടുത്ത അഴിമതി കറ ഇനിയും മാഞ്ഞിട്ടില്ല. അതിനാൽ ഇത്തരം സംസ്ഥാനങ്ങളിൽ ആവശ്യമായ സഖ്യങ്ങൾ തുടരുന്നതോടൊപ്പം അവിടെ  വേരോട്ടമുള്ള കുറച്ചു മണ്ഡലങ്ങൾ കണ്ടെത്തി പാർട്ടി വളർത്തി വലുതാക്കാൻ കോൺഗ്രസ്സ് പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. യു.പി പോലുള്ള സംസ്ഥാനങ്ങളിൽ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നതിന് പകരം തിരഞ്ഞെടുത്ത മണ്ഡലങ്ങളിൽ ശക്തമായ പ്രവർത്തനം കാഴ്ച വെക്കുന്നതാണ് അഭികാമ്യം.

ഒഴിവാക്കാമായിരുന്ന പിളർപ്പുകൾ :

ബംഗാളിൽ മമത, ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഢി എന്നിവർ കോൺഗ്രസ്സ് വിട്ടുപോയി പുതിയ പ്രാദേശിക പാർട്ടികൾ ഉണ്ടാക്കിയത് കോൺഗ്രസ്സ് നേതൃത്വത്തിന്റെ പിടിപ്പു കേടാണ്. ആന്ധ്രായിൽ വൈ.എസ.രാജശേഖര റെഡ്ഢി ഒരു വികാരമാണെന്നും അതിനാൽ തന്നെ അദ്ദേഹത്തിന്റെ മകന് ജനപിന്തുണ ലഭിക്കും എന്ന് മുൻകൂട്ടി മനസ്സിലാക്കാൻ കോൺഗ്രസ്സ് ഹൈക്കമാന്റിനെ ഉപദേശിക്കുന്നവർക്കു കഴിയാതെ പോയി. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ  ജഗ്മോഹൻ ബി.ജെ.പി മുന്നണിയിൽ എത്തിയാലും അത്ഭുതപ്പെടേണ്ട. അതുപോലെ തീപ്പൊരി നേതാവായ മമത ബാനർജിയെ കോൺഗ്രസ്സ് വിട്ടു കളഞ്ഞതും തീരാ നഷ്ടമാണ് കോൺഗ്രസ്സിന്.

പക്ഷെ കോൺഗ്രസ്സിന് ദക്ഷിണേന്ത്യയിൽ സംഭവിച്ച ആനമണ്ടത്തരം ആന്ധ്ര പ്രദേശ് വിഭജനം ആയിരുന്നു. ആന്ധ്രാ സംസ്ഥാനം വിഭജിച്ചു തെലുങ്കാന ഉണ്ടാകണമെന്ന് വർഷങ്ങളായുള്ള ആവശ്യം ആയിരുന്നു. ആ സമരം നയിച്ചിരുന്നത് ചന്ദ്രശേഖര റാവുവിന്റെ തെലുങ്കാന രാഷ്ട്ര സമിതി ആയിരുന്നു. പ്രക്ഷോഭങ്ങളുടെ അവസാനം തെലുങ്കാന വിഭജിച്ചാൽ തെലുങ്കാന രാഷ്ട്ര സമിതി കോൺഗ്രസ്സിൽ ലയിക്കും എന്ന ചന്ദ്രശേഖര റാവുവിന്റെ വാക്ക് വിശ്വസിച്ചു ആന്ധ്രാ പ്രദേശ് വിഭജിക്കാൻ കോൺഗ്രസ് തയ്യാറാകുകയായിരുന്നു. എന്നാൽ സംസ്ഥാനം കിട്ടിയതോടെ മലക്കം മറിഞ്ഞ ചന്ദ്രശേഖര റാവു അവിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു മുഖ്യമന്ത്രിയാകുകയും, കോൺഗ്രസ്സ് നേതാക്കൾ എല്ലാം തന്നെ ടി.ആർ.എസിൽ ചേരുകയും, കോൺഗ്രസ്സ് എന്ന പാർട്ടി അവിടെ പേരിനു മാത്രം അവശേഷിക്കുകയും ചെയ്തു. ബി.ജെ.പിയാണ് അവിടെ പ്രതിപക്ഷമായി വളർന്നു വരുന്നത്.

അതെ സമയം വിഭജിക്കപ്പെട്ട ആന്ധ്രയുടെ ബാക്കി ഭാഗത്തെ ജനങ്ങൾ വിഭജനത്തിനു അനുവാദം നലകിയ കോൺഗ്രസ്സ് പാർട്ടിയെ വെറുക്കുകയും അവിടെ കോൺഗ്രസ്സ് പേരിനു പോലും ഇല്ലാതാകുകയും ചെയ്തു. ഇങ്ങനെയാണ് കോൺഗ്രസ്സ് നേതാക്കളുടെ മണ്ടത്തരം മൂലം ഒരു കാലത്തു കോൺഗ്രസ്സ് ശക്തി കേന്ദ്രമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഒരു എം.പിയെ പോലും ജയിപ്പിക്കാനാകാതെ തകർന്നടിഞ്ഞിരിക്കുന്നത്. ദീർഘ വീക്ഷണത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ആന്ധ്രയിൽ കോൺഗ്രസ്സിന് സംഭവിച്ചത്.

എന്തൊക്കെ ആയാലും ബി.ജെ.പിയുടെ വർഗ്ഗീയതയിൽ ഊന്നിയുള്ള പ്രചാരണം മറ്റു വിഷയങ്ങളെയെല്ലാം നിഷ്പ്രഭമാക്കി അവർക്കു വീണ്ടും അത്ഭുത വിജയം നേടിക്കൊടുത്തിരിക്കുകയാണ്. അതിൽ തന്നെ ദേശീയ വികാരം കൂടി ആളിക്കത്തിച്ച പുൽവാമ ആക്രമണവും തുടർന്ന് പാക്കിസ്ഥാന് നൽകിയ തിരിച്ചടിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിക്കു കിട്ടിയ ബമ്പർ ലോട്ടറിയാണ്. പാകിസ്താന് തിരിച്ചടി കൊടുത്തത് മോദിക്ക് നല്ലൊരു ശതമാനം ആളുകളിലും ഒരു വീരപരിവേഷം ലഭിക്കുവാൻ കരണമായെന്നത് വസ്തുതയാണ്. ഇതിനു പിന്നിലെ ഉള്ളുകള്ളികൾ തുറന്നു കാണിക്കാൻ കോൺഗ്രസ്സിന് കഴിയാതെ പോയതും, അതിനു ശ്രമിച്ചപ്പോൾ ദേശീയതക്ക് എതിരെയെന്ന ആരോപണം വന്നതുമാണ് കോൺഗ്രസ്സിന് വിനയായത്. അതോടെ കോൺഗ്രസ്സ് ഉയർത്തിയ നോട്ടു നിരോധനം, ജി.എസ്.ടി, എണ്ണവില വർദ്ധന തുടങ്ങിയ വിഷയങ്ങൾ മുങ്ങിപ്പോകുകയായിരുന്നു.

കഴിഞ്ഞ യു.പി എ സർക്കാരിനെ നാണം കെടുത്തിയ 2 ജി സ്പെക്ട്രം, കൽക്കരി കുംഭകോണം മുതലായ കേസുകൾ പോലെ റഫാൽ കരാർ അഴിമതി പോലുള്ള വിഷയങ്ങൾ ജനങ്ങളെ സ്വാധീനിച്ചില്ല. പുൽവാമ പോലുള്ള ആക്രമണങ്ങൾ നടന്നുവെങ്കിലും പൊതു സ്ഥലങ്ങളിൽ അത്തരം സ്ഫോടനങ്ങൾവ്യാപകമായി കഴിഞ്ഞ അഞ്ചു വർഷം നടക്കാതിരുന്നതിനാൽ ബി.ജെ.പി സർക്കാരിനെ സുരക്ഷ കാര്യങ്ങളിൽ ജനം കൂടുതൽ വിശ്വസിക്കാൻ ഇടയാക്കി. ഒരു കോൺഗ്രസ്സ് സർക്കാർ വന്നാൽ സുരക്ഷ കാര്യങ്ങളിൽ അയവുവരുമെന്നും രാജ്യത്തു തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം ഉണ്ടാകും എന്ന സംഘ പരിവാർ പ്രചാരണങ്ങൾ ജനങ്ങളെ ശരിക്കും സ്വാധീനിച്ചിരുന്നു.

എങ്കിലും കോൺഗ്രസ്സിന് ഇനിയും ആശക്കു വകയുണ്ട്. പത്തോ പതിനഞ്ചോ വർഷം ഭരണത്തിൽ നിന്നും മാറി നിൽക്കുക എന്നതൊന്നും ഒരു രാഷ്ട്രത്തിനോ, രാഷ്ട്രീയ പാർട്ടിക്കോ വലിയ കാലയളവല്ല. അടിയന്തിരാവസ്ഥക്ക് ശേഷം നേരിട്ട തോൽ‌വിയിൽ നിന്നും ശക്തമായി തിരിച്ചു വന്ന ചരിത്രം കോൺഗ്രസ്സിന് ഒപ്പമുണ്ട്. വീഴ്ചകൾ പരിശോധിച്ച്, മുഖം നോക്കാതെ നടപടികൾ എടുത്ത് ജനകീയ വിഷയങ്ങളിൽ ഇടപെട്ടു പാർട്ടിയുടെ അടിത്തറ കെട്ടിപ്പൊക്കിയാൽ ജനങ്ങൾ ഇനിയും കോൺഗ്രസ്സിൽ വിശ്വാസം അർപ്പിക്കും. കാരണം എത്ര നശിച്ചു പോയാലും കോൺഗ്രസ്സ് വേരുകൾ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലുമുണ്ട്. ആ വേരുകൾ ഇനിയും ഉണക്കാതെ പാർട്ടിയെ തിരിച്ചു കൊണ്ടുവരിക എന്നതായിരിക്കും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ്സ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.

One thought on “ദേശീയ തലത്തിൽ നട്ടെല്ലൊടിഞ്ഞ കോൺഗ്രസ്സ്”
  1. തിരിച്ചു വരും തകർച്ചയിൽ നിന്നു പാഠം പഠിച്ചു

Leave a Reply

Your email address will not be published. Required fields are marked *